ദാരസുഖം പോരായെന്നു ഞങ്ങൾ

രാഗം: 

സാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ദാനവന്മാർ

ദാരസുഖം പോരായെന്നു ഞങ്ങൾ ലോകസാമ്രാജ്യ-

സാരത്തിലുണർത്തി, രസഭംഗമതു കേട്ടപ്പോൾ

ധാതാവരുൾചെയ്തു ബഹുപ്രീതിയിൽ, ഞങ്ങൾക്കുവേണ്ടി

ചൂതശരദേവതയെ ഭൂതലേ സൃഷ്ടിപ്പനെന്നു.

ഈശ്വരമതങ്ങളാരറിഞ്ഞു? നിങ്ങളെന്തോർത്തു?

കാഴ്ചകാണ്മാനിരുന്നു? തെളിഞ്ഞു ദൂരത്തു നിൽപ്പിൻ!

ഇച്ചപലതകൾ കണ്ടാലീർഷ്യയുണ്ടാം ഞങ്ങൾക്കേറ്റം;

തീർച്ചചൊല്ലാം നിങ്ങൾക്കാർക്കും വേഴ്ചവേണ്ടാ കന്യകയിൽ

അർത്ഥം: 

ഞങൾക്ക് ഭാര്യാസുഖം മതിയാവുന്നില്ല എന്ന് ഞങ്ങൾ ലോകസാമ്രാജ്യസാരമാകുന്ന ബ്രഹ്മപദത്തിൽ ഉണർത്തിച്ചു. ഞങ്ങളുടെ രസക്കേട് കേട്ടബ്രഹ്മാവ് സന്തോഷത്തോടെ പറഞ്ഞു, ഞങ്ങൾക്ക് വേണ്ടി കാമദേവതയെ ഭൂമിയിൽ സൃഷ്ടിക്കാം എന്ന്. (ആയതിനാൽ ഇങ്ങനെ ഉണ്ടായതാണ് ദമയന്തി എന്നും ദമയന്തി ഞങ്ങൾക്ക് മാത്രം എന്നും ധ്വനി.)
ഈശ്വരന്റെ ഇഷ്ടങ്ങൾ ആർക്കറിയാം! നിങ്ങൾ എന്താണ് വിചാരിച്ചത്? കാഴ്ച കാണാൻ വന്നതാണോ? മര്യാദയ്ക്ക് ദൂരെ നിൽക്കിൻ. അല്ലാതെ കുതന്ത്രങ്ങൾ കണ്ടാൽ ഞങ്ങൾക്കു ദേഷ്യം വരും. തീർച്ചയായും ഒരു കാര്യം പറയാം. നിങ്ങളിൽ ഒരാളും ദമയന്തിയുമായി ബന്ധത്തിനു ശ്രമിക്കേണ്ടതില്ല.