രംഗം 12 – ചേദിരാജധാനി

വീര സഹോദര! ദന്തവദന്തവക്ത്ര

രാഗം: 

ഘണ്ടാരം

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ശിശുപാലൻ

ശ്ലോകം
ശിഷ്ടന്മാരഥ രാജവൃന്ദമഖിലം വിപ്രാദി നാനാജനൈഃ
തുഷ്ട്യാ പാണ്ഡവ മന്ദിരത്തിലഴകോടെത്തീടിനാര്‍ സർവ്വരും
പെട്ടെന്നക്കഥ കേട്ടു ചേദിനൃപതീ രൂക്ഷാകൃതി സ്തൽക്ഷണം
രുഷ്ടോ സൗ ശിശുപാലനട്ടഹസിതൈരിത്ഥം ബഭാഷേനുജം.

പദം
വീര സഹോദര! ദന്തവക്ത്ര ! രണ-
ശൂരവര സുമതേ, മഹാ
സാരഗുണനിധേ! സാദരം നമ്മുടെ
ഭാരതീം കേട്ടാലും നീ.
രാജേന്ദ്രനായുള്ള ധർമ്മജൻ താനിന്നു
രാജസൂയം ചെയ് വാനായി സർവ-
രാജവരന്മാരെയെല്ലാം ജയിച്ചുപോൽ
ആജിയിലെന്നു കേട്ടു
ബന്ധുക്കളായ ജരാസന്ധനാദിയെ
അന്തകസീമനി ചേർത്തു പരി-
പന്ഥികളായുള്ള പാർത്ഥന്മാരെ യുധി-
ഹന്ത വധിച്ചീടുവൻ
ഗാന്ധാരിപുത്രൻ സുയോധനൻ തന്നുടെ
ബന്ധുത്വം ചിന്തിക്കയാൽ ഇന്നു
കുന്തീസുതന്മാരെ കൊൽവാൻ മടി മമ
ചിന്തിതം ചൊൽക ഭവാൻ

അരങ്ങുസവിശേഷതകൾ: 

ശിശുപാലന്റെ കത്തി തിരനോക്ക്. തിരനോട്ടശേഷം ശിശുപാലന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് തിരതാഴ്ത്തിയിട്ട് ഉത്തരീയം വീശുന്നു.

ശിശുപാലന്‍:(ചിന്തയില്‍ അമര്‍ഷം വര്‍ദ്ധിച്ച്, ആത്മഗതമായി) ‘കഷ്ടം! ആ യുധിഷ്ഠിരന് രാജസൂയം ചെയ്‌വാനായിക്കൊണ്ട് കൃഷ്ണനും ഭീമനും അര്‍ജ്ജുനനും ചേര്‍ന്ന് കപടബ്രാഹ്മണരായി ചെന്ന് എന്റെ അത്മസുഹൃത്തായിരുന്ന ജരാസന്ധനെ കൊന്നുകളഞ്ഞല്ലോ. കഷ്ടം തന്നെ. ദുഷ്ടബുദ്ധികളായ പാണ്ഡവരുടെ ഈവിധമുള്ള ചതിപ്രയോഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇവരെ കൂട്ടത്തോടെ സംഹരിക്കാതിരുന്നുകൂടാ, തീര്‍ച്ച.’ (പെട്ടന്ന് ദൂരെ കണ്ട്) ‘എന്റെ നേരേ വരുന്നതാര്?’ (എഴുന്നേറ്റ് സൂക്ഷിച്ച് നോക്കിയിട്ട്) ‘ഒരു ദൂതന്‍ തന്നെ. ഇനി അവന്‍ വന്ന കാര്യം അറിയുകതന്നെ’ (വട്ടംതിരിഞ്ഞ് വന്നതോടെ സമീപമെത്തിയ ദൂതനെ കണ്ട്, അനുഗ്രഹിച്ച്, സന്ദേശം വാങ്ങി വായിക്കുന്നു. ദൂതനെ അയച്ചശേഷം ആത്മഗതമായി) ‘ധര്‍മ്മപുത്രന്‍ എന്നെ രാജസൂയത്തിന് ക്ഷണിച്ചിരിക്കുന്നു. എന്റെ സുഹൃത്തായിരുന്ന ജരാസന്ധനെ കൊല്ലിച്ച ഇവന്റെ യാഗത്തിന് പോകണമോ?’ (ചിന്തിച്ചിട്ട്) ‘ങാ, ഏതായാലും പോവുകതന്നെ. എന്റെ സുഹൃത്തായ ദുര്യോധനെ അവിടെ കാണാം. ശത്രുവായ കൃഷ്ണനേയും കാണാം. ആ ചതിയന്റെ താന്തോന്നിത്തമെല്ലാം സദസില്‍ വെളിപ്പെടുത്തുകയും ചെയ്യാം. വേണ്ടി വന്നാല്‍ യുദ്ധം ചെയ്ത് പാണ്ഡവരെ വധിക്കാം. എന്നാല്‍ സുഹൃത്തിന്റെ വധത്തിന് പ്രതിക്രിയയും ആയി.

ശേഷം ശിശുപാലന്റെ പടപ്പുറപ്പാട്-

ശിശുപാലന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് അനുജനേയും സേനാനികളേയും കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ സോദരാ‍, ദന്ദവക്ത്രാ, നീയും ഉടനെ സേനയോടുകൂടി ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പുറപ്പെട്ടുകൊള്‍ക. അല്ലയോ കിങ്കരന്മാരേ, ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)’ഉവ്വോ?’ (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)’ഉവ്വോ? എന്നാൽ കൊണ്ടുവാ’ 

ശിശുപാലന്‍ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം ശിശുപാലന്‍ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.

(താളം:തൃപുട)

ശിശുപാലന്‍ ‘പരുന്തുകാൽ’ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.

(താളം:ചെമ്പട)

ശിശുപാലന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി രഥം ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് വഴിപോലെ തെളിച്ചാലും’ (വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പോവുകതന്നെ’

അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം ശിശുപാലന്‍ തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് രൂക്ഷഭാവത്തോടെ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.