ആട്ടക്കഥാകാരൻ 

അശ്വതി തിരുനാൾ മഹാരാജാവ്  ( 1756 -1787 )

അവലംബം

മഹാഭാഗവതം – ദശമസ്‌കന്ധം


കഥാസംഗ്രഹം

ഒന്നാം രംഗത്തിൽ വസുദേവനും പത്നി ദേവകിയുമായുള്ള ശൃംഗാരപ്പദം ആണ്. അവർ ഉല്ലസിച്ചിരിക്കുന്നു.

രണ്ടാം രംഗത്തിൽ ഭൂമീദേവി തന്റെ ഭാരം കുറച്ച് തരുവാനായി മഹാവിഷ്ണുവിന്റെ അടുത്ത് ചെന്ന് അപേക്ഷിക്കുകയാണ്. യാദവകുലത്തിൽ താൻ ജനിച്ച് ഭൂഭാരം തീർത്തുതരാമെന്ന് വിഷ്ണു ഭൂമീദേവിയോട് പറയുന്നു.

രംഗം മൂന്ന് കംസന്റെ കൊട്ടാരമാണ്. കംസനും പത്നിയും ഉല്ലസിച്ച് ഉദ്യാനത്തിൽ ഇരിക്കുന്നു.

രംഗം നാലിൽ കംസസമീപം നാരദൻ എത്തുന്നു. നാരദനെ ആദരിച്ചിരുത്തി ത്രൈലോക്യത്തിലെ വാർത്തകൾ കംസൻ അന്വേഷിക്കുന്നു. വിഷ്ണു നിനക്കുശത്രുവായി നിന്റെ കുലത്തിൽ തന്നെ ജനിക്കുമെന്നും ബാക്കി നീ എന്തുചെയ്യണം എന്ന് മന്ത്രിമാരോടായി ആലോചിക്കാനും പറഞ്ഞ് നാരദൻ നിഷ്ക്രമിക്കുന്നു. 

രംഗം അഞ്ചിൽ കാരാഗൃഹം ആണ്. ദേവകിയുടെ ആദ്യപ്രസവത്തിലെ കുട്ടികളെ എല്ലാം കംസൻ കൊന്നു, എട്ടാം പ്രസവത്തിലെ കുട്ടിയെ എങ്കിലും രക്ഷിക്കണം എന്ന് ദേവകി സഖികളോട് കെഞ്ചുകയാണ്. വസുദേവനും ദേവകിയും ശ്രീപത്മനാഭനോട് പ്രാർത്ഥിക്കുന്നു. മഹാവിഷ്ണു പ്രീണിതനാകുന്നു.

ദണ്ഡകത്തിൽ വസുദേവൻ എട്ടാമത്തെ കുട്ടിയെ എടുത്തുകൊണ്ട് നന്ദഗോപവസതിയിൽ പോകുന്നു. ആൺകുട്ടിയെ അവിടെ വെച്ച് യശോദപ്രസവിച്ച പെൺകുട്ടിയുമായി തിരിച്ച് വരുന്നു. കുട്ടിയെ ദേവകിസമീപം കിടത്തിയതോടെ കുട്ടി കരയുന്നു. പ്രസവവിവരം അറിഞ്ഞ കിങ്കരർ കംസനെ വിവരം അറിയിക്കുന്നു.

രംഗം ആറിൽ കംസന്റെ വസതി. കിങ്കരന്മാർ വന്ന് പ്രസവവിവരം അറിയിക്കുന്നു.

രംഗം ഏഴിൽ കംസൻ വധിക്കാനൊരുങ്ങിയ പെൺകുട്ടി കംസന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട് കാർത്ത്യായനി ആയി കംസനോട് നിന്റെ അന്തകൻ ഭൂമിയിൽ ജനിച്ചു കഴിഞ്ഞു എന്ന് പറഞ്ഞ് അപ്രത്യക്ഷമാകുന്നു.

രംഗം എട്ടിൽ കംസൻ വൃഷാസുരനേയും ധേനുകനേയും ശത്രുനിഗ്രഹത്തിനുള്ള മാർഗ്ഗം ആലോചിക്കുന്നു

രംഗം ഒമ്പതിൽ കരിപൂതന ആണ്. കംസൻ പൂതനയെ വിളിച്ച് നന്ദഗോപന്റെ വീട്ടിൽ തനിയ്ക്ക് ശത്രുവായി ഉണ്ണി ഉണ്ട് എന്നറിയിക്കുന്നു. പൂതന മായയായി അവിടെ ചെന്ന് ഉണ്ണിയെ വധിക്കാമെന്ന് കംസനു വാക്കുകൊടുക്കുന്നു. ഭീകരരൂപിയായ പൂതനയായല്ല മറിച്ച് നല്ലസുന്ദരിയായി ഗോപന്റെ വസതിയിലേക്ക് ചെല്ലാൻ കംസൻ പൂതനയോട് പറയുന്നു. അങ്ങിനെ തന്നെ എന്ന് പറഞ്ഞ് പൂതന പോകുന്നു.

രംഗം പത്തിൽ പൂതന നന്ദഗോപവസതിയിലേക്ക് യാത്ര തുടങ്ങുന്നു. ഗോവർദ്ധനപർവ്വതസമീപം എത്തുന്നു. പർവ്വതം കണ്ട് അത്ഭുതപ്പെടുന്നു. ശേഷം പെട്ടെന്ന് രൂപം മാറി ഒരു സുന്ദരീരൂപം ധരിച്ച് അമ്പാടിയിലേക്ക് യാത്ര ആകുന്നു.

ഇത്രയും രംഗങ്ങൾ അരങ്ങത്ത് ഇപ്പോൾ പതിവില്ല.

രംഗം പതിനൊന്നിൽ സുന്ദരി പൂതന അമ്പാടി കാണുന്നു. അമ്പാടി ഗുണം വർണ്ണിച്ചശേഷം നന്ദഗോപവസതി കാണുന്നു. നന്ദഗോപവസതിയും വർണ്ണിച്ച ശേഷം വസതിയിലേക്ക് പൂതനപ്രവേശിക്കുന്നു.

രംഗം പന്ത്രണ്ടിൽ സുന്ദരി പൂതന നന്ദഗോപവസതിയിൽ പ്രവേശിച്ച് ഉണ്ണികൃഷ്ണനെ കാണുന്നു. ഉണ്ണികൃഷ്ണനു മുലയൂട്ടുന്നു. പൂതനയ്ക്ക് മോക്ഷം ലഭിയ്ക്കുന്നു. 

ഈ രംഗം ആട്ടക്കഥാകാരൻ പറയുന്നതിൽ നിന്നും അൽപ്പം മാറ്റം വരുത്തിയാണ് ഇപ്പോൾ അരങ്ങത്ത് പതിവുള്ളത്.

രംഗം പതിമൂന്നിൽ നന്ദഗോപഗൃഹത്തിൽ ഗർഗ്ഗമുനി വരുന്നു. ബാലന്മാർക്ക് നാമകർമ്മാദികൾ ചെയ്യുന്നതോടെ പൂതനാമോക്ഷം കഥ അവസാനിക്കുന്നു. ഈ അവസാന രംഗവും ഇപ്പോൾ അരങ്ങത്ത് പതിവില്ല.

1779-ൽ കാർത്തികതിരുനാൾ മഹാരാജാവിൻ്റെ കാലത്ത് കപ്ലിങ്ങാട് നമ്പൂതിരിയാണ് പൂതനാമോക്ഷം കഥ ചിട്ടപ്പെടുത്തിയത് . 1934 -ന് ശേഷം ആണ് ഉത്തരകേരളത്തിൽ ഈ കഥ ആടാൻ തുടങ്ങിയത് .

പൂതന ലളിതയുടെ രൂപം ധരിച്ച് നന്ദഗൃഹത്തിൽ പ്രവേശിക്കുന്ന രംഗം മാത്രമാണ് ഇന്ന് സർവസാധാരണമായി അവതരിച്ച് വരുന്നത് . വേഷം മാറുന്നതിന് മുമ്പും മരിച്ച് വീഴുമ്പോഴും കരിവേഷമായിരുന്ന പതിവ് മാറ്റി ഒരു സ്ത്രീവേഷത്തിൻ്റെ  മാത്രം അഭിനയമാക്കി മാറ്റിയത് ‘ പൂതനാ കൃഷ്ണൻ ‘ എന്ന് പുകൾ പെറ്റ കലാമണ്ഡലം കൃഷ്ണൻ നായരാണ് .  

പൂതന

പൂർവ്വജന്മത്തിൽ മഹാബലിയുടെ പുത്രിയായിരുന്നു . മഹാവിഷ്ണു വാമനനായി ബലിസന്നിധിയിൽ വന്നതുകണ്ടപ്പോൾ പൂതനയിലെ മാതൃത്വം ഉണർന്നെന്നും , വിഷ്ണുവിനെ മുലയൂട്ടുവാൻ പിന്നൊരിക്കൽ ഭാഗ്യമുണ്ടാകുമെന്ന് അനുഗ്രഹിച്ചെന്നും കഥയുണ്ട് . അതുകൊണ്ടാണ് ചതിച്ച് കൊല്ലുവാൻ വന്ന പൂതനയ്ക്ക് മോക്ഷം ലഭിച്ചത് . ഭഗവാന് സ്തനമൂട്ടിയത് കൊണ്ടാണ് മോക്ഷലബ്ധിയെന്നും പക്ഷമുണ്ട് .മരണാനന്തരം പൂതനയുടെ പർവ്വതാകാരമായ ശരീരം കഷണം കഷണമാക്കി മുറിച്ച് ദഹിപ്പിച്ചു . ശവം കത്തുമ്പോൾ ചിതയിൽനിന്നും അസാധാരണമായ സുഗന്ധം നിർഗ്ഗമിച്ച് അവിടമാകെ വ്യാപിച്ചത്രെ .

ഇന്നത്തെ അവതരണരീതി

ഇതിലെ രംഗം 11ഉം രംഗം 12ലെ ആദ്യഭാഗവും മാത്രമാണ് ഇപ്പോൾ അരങ്ങത്ത് പതിവുള്ളത്. 

വേഷങ്ങൾ

പൂതന ( ലളിത ) – മിനുക്ക് സ്ത്രീ 

മറ്റു വേഷങ്ങൾ : 

വസുദേവൻ , ദേവകി , മഹാവിഷ്ണു , ഭൂമിദേവി , കംസൻ , പത്നി , നാരദൻ , ദേവകിയുടെ സഖിമാർ , കംസഭടന്മാർ , കാർത്യായനി , വൃഷാസുരൻ , ധേനുകൻ , പൂതന , നന്ദഗോപൻ , ഗർഗ്ഗമുനി