മാനിനിമാർ

രാഗം: 

ഉശാനി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

സുദേഷ്ണ

അഭ്യര്‍ത്ഥിതാ തേന മുഹുസ്സുദേഷ്ണാ
കൃഷ്ണാം കദാചിന്മധുയാചനാര്‍ത്ഥം
സമീപമാത്മീയസഹോദരസ്യ
നിനീഷുരേഷാ മധുരം ബഭാഷേ

മാനിനിമാര്‍ മൌലിമണേ മാലിനീ നീ വരികരികേ
അനുപല്ലവി:
ആനനനിന്ദിതചന്ദ്രേ അയിസഖി നീ ശൃണുവചനം
ചരണം1:
പരിചൊടു  നീ മമ സവിധേ പകലിരവും വാഴുകയാല്‍
ഒരു ദിവസം ക്ഷണമതുപോല്‍ ഉരുസുഖമേ തീര്‍ന്നിതു മേ
ചരണം2:
ഇന്നിഹ ഞാനൊരു കാര്യം ഹിതമൊടു ചൊല്ലീടുന്നേന്‍
ഖിന്നതയിങ്ങതിനേതും കിളിമൊഴി നീ കരുതരുതേ
ചരണം3:
സോദരമന്ദിരമതില്‍ നീ സുഭഗതരേ ചെന്നധുനാ
ഓദനവും മധുവുംകൊണ്ടു ഉദിതമുദാ വരിക ജവാല്‍

അർത്ഥം: 

സഹോദരനാൽ വീണ്ടും യാചിക്കപ്പെട്ട സുദേഷ്ണ ഒരുദിനം പാഞ്ചാലിയെ, മദ്യം കൊണ്ടു വരാനായി അവന്റെ മന്ദിരത്തിലേക്ക് അയക്കാനാഗ്രഹിച്ച് അവളെ അടുത്തുവിളിച്ച് മധുരമായി പറഞ്ഞു.

സുന്ദരിമാർ ശിരസ്സിലണിയുന്ന രത്നമേ, അല്ലയോ മാലിനീ, എന്റെ അരികിൽ വന്നാലും. മുഖശോഭകൊണ്ട് ചന്ദ്രനെ തോല്പിക്കുന്നവളേ, അല്ലയോ സഖീ, എന്റെ വാക്കുകൾ കേട്ടാലും. നീ എന്റെ അരികിൽ വസിക്കുന്നതിനാൽ സുഖത്തോടെ ഒരോദിവസവും  ഒരോക്ഷണം പോലെ വേഗം കഴിയുന്നു. ഞാൻ ഇന്ന് ഒരുകാര്യം പറയാം. കിളിമൊഴീ, അതിന് നീ സങ്കടമൊന്നും കരുതരുത്. അല്ലയോ സുഭഗേ, സഹോദരന്റെ മന്ദിരത്തിൽ ചെന്ന് ചോറും മദ്യവും സന്തോഷത്തോടെ വേഗം കൊണ്ടു വരിക.