മാനവേന്ദ്ര കുമാര പാലയ

രാഗം: 

നാഥനാമാഗ്രി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

പശുപാലകന്മാർ

ബാഹാബലേന പശുപാലകുലം വിജിത്യ
മാഹാകുലേ നിശി ഹൃതേ കുരു പുംഗവേന,
ഹാഹേതി താവദമുമുത്തരമേത്യ നാരീ-
വ്യൂഹാന്തരസ്ഥിതമിതി സ്മ വദന്തി ഗോപാഃ

ചരണം 1
മാനവേന്ദ്രകുമാര! പാലയ. ദീനരാകിയ ഞങ്ങളെ.
മാനനീയഗുണാംബുധേ! മണിസാനുധീര! നമോസ്തുതേ
ചരണം 2
മുഷ്കരന്മാരായ കൗരവർ തക്കമാശു ധരിച്ചുടൻ.
തസ്കരാകൃതി പൂണ്ടു ഗോകുലമൊക്കെയും ബത കൊണ്ടുപോയ്
ചരണം 3
ക്രുദ്ധരായഥ ഞങ്ങളും ദ്രുതമർദ്ധരാത്രിയിലെത്രയും
യുദ്ധമേററിഹ തോറ്റുപോന്നിതു ബദ്ധഖേദമവേഹി ഭോ!
ചരണം 4
ജന്യസീമനി നീയുമരിവര! സൈന്യമാശു ജയിച്ചുടൻ ധന്യശീല!
പശുക്കളെത്തവ ചെന്നു വീണ്ടുവരേണമേ.

അർത്ഥം: 

ശ്ലോകം:-ദുര്യോധനന്‍ കരബലത്താല്‍ പശുപാലകകൂട്ടത്തെ ജയിച്ച് രാത്രിയില്‍ പശുവൃന്ദത്തെ അപഹരിച്ച് കൊണ്ടുപോയപ്പോള്‍ ‘ഹാ! കഷ്ടം!’ എന്നിങ്ങിനെ വിലപിച്ചുകൊണ്ട് ഗോപാലകന്മാര്‍ സ്ത്രീകളുടെ നടുവിലിരിക്കുന്ന ഉത്തരനെ സമീപിച്ച് ഇങ്ങിനെ പറഞ്ഞു.

പദം:-രാജകുമാരാ, ദീനരായ ഞങ്ങളെ രക്ഷിക്കൂ. മാനിക്കപ്പെടേണ്ട ഗുണങ്ങളുടെ സമുദ്രമേ, മേരുപര്‍വ്വതസമാനം ധൈര്യത്തോടുകൂടിയവനേ, അങ്ങേയ്ക്ക് നമസ്ക്കാരം. കഷ്ടം! കരുത്തരായ കൌരവര്‍ തക്കംനോക്കി തസ്ക്കരന്മാരായിവന്ന് ഗോകുലത്തെഒക്കെയും കൊണ്ടുപോയി. ഈ അര്‍ദ്ധരാത്രിയില്‍ ഞങ്ങള്‍ ഏറ്റവും കോപത്തോടെ ചെന്ന് യുദ്ധം ചെയ്ത് തോറ്റുപോന്നു എന്ന് അങ്ങ് ദു:ഖത്തോടെ അറിഞ്ഞാലും. ധന്യശീലനായ അങ്ങ് യുദ്ധക്കളത്തില്‍ ചെന്ന് ശത്രുസൈന്യത്തെ പെട്ടന്ന് ജയിച്ച് അങ്ങയുടെ പശുക്കളെ വീണ്ടെടുക്കേണമേ.  

അരങ്ങുസവിശേഷതകൾ: 

ഉത്തരന്‍ സ്ത്രീകളുമായി സല്ലപിച്ച് ഇരിക്കുന്നു. ശ്ലോകാന്ത്യത്തോടെ ഇടത്തുഭാഗത്തുകൂടി രണ്ടു പശുപാലകര്‍ പഞ്ചാരിമേളത്തിനൊപ്പം വിലപിച്ചുകൊണ്ട് പ്രവേശിക്കുന്നു. വിലാപശബ്ദം കേട്ട് ഉത്തരന്‍ പെട്ടന്ന് എഴുന്നേറ്റ് ഇടംകാല്‍ പീഠത്തിലുയര്‍ത്തിവെച്ച് നിന്ന് വീക്ഷിക്കുന്നു.

ഉത്തരന്‍:‘എന്താണിത്?’

ഗോപാലകര്‍ ഓടിവന്ന് ഉത്തരനെ നമസ്ക്കരിക്കുന്നു.

ഉത്തരന്‍:(അനുഗ്രഹിച്ചശേഷം) ‘എന്താണ് നിങ്ങളിങ്ങിനെ നിലവിളിക്കുന്നത്? കാരണം പറയുക’

പശുപാലകര്‍ പദാഭിനയം ചെയ്യുന്നു.