ഗാഥിസുത മുനിതിലക 

രാഗം: 

മുഖാരി

താളം: 

ചെമ്പ

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ജനകൻ

ഗതൗമന്‍ രാമനോടേ ഏവമങ്ങേകുമപ്പോള്‍

ഗാതി സൂനുഃ സമോദം യാത്രയും ചൊല്ലിവേഗാല്‍

സാദരം ഭൂമിപന്റെ യാഗശാലാം വിവേശ

സാധുശീലഃ സ രാജാ ഗാഥി സൂനും ബഭാഷേ

ഗാഥിസുത മുനിതിലക സാധുഹിത നിന്നുടെ

പാദയുഗളം കാണ്‍കകൊണ്ടു

മോദമിയലുന്നു മാനസേ കണ്ണിണയു

മതിതരാം സഫലമായി വന്നുവല്ലോ മുനേ

(ഗാഥിസൂനോ മുനേ ഗാഥിസൂനോ)

ബാലരിവരേവര്‍ മുനേ ബലകുല നികേതനൗ

കലിയ തൂണീര കോദണ്ഡൗ വിലസദസി ഭാസുരൗ

കളഭവര ഗാമിനൗ

ഗളലസിതസിതരുചിര ഹാരശോഭാവിമൗ

അർത്ഥം: 

ശ്ലോകാർത്ഥം:- ഗൌതമമുനി ശ്രീരാമനോട് ഇങ്ങിനെ പറഞ്ഞുകഴിഞ്ഞപ്പോള്‍ ഗാഥിസൂനുവായ വിശ്വാമിത്രന്‍ യാത്രചൊല്ലി വേഗത്തില്‍ ജനകഭൂമിപന്റെ യാഗശാലയിലേയ്ക്ക് എത്തിചേര്‍ന്നു.

പദം:-ഗാഥിസുതാ, മുനിതിലകാ, സന്മാനസനായ അങ്ങയുടെ പാദയുഗളം കാണ്‍കയാല്‍ മനസ്സില്‍ സന്തോഷം വളരുന്നു. മുനേ, എന്റെ കണ്ണിണയും ഏറ്റവും സഫലങ്ങളായിതീര്‍ന്നു. ബലശാലികളുടെ കൂട്ടത്തിന് ഭൂഷണമായുള്ളവരും, അസ്ത്രങ്ങള്‍ നിറച്ച ആവനാഴിയും വില്ലുമേന്തിയവരും, സദസില്‍ ഏറ്റവും ശോഭയോടെ വര്‍ത്തിക്കുന്നവരും, ആനനടയോടുകൂടിയവരും, ഗളത്തില്‍ മനോഹരമായി വിലസുന്ന മാലയോടുകൂടിയവരുമായ ഈ ബാലന്മാര്‍ ആരാണ് മുനേ?

അരങ്ങുസവിശേഷതകൾ: 

ഈ രംഗവും അരങ്ങത്ത്  ഇപ്പോൾ അധികം പതിവില്ല.
ഇരുവശങ്ങളിലും രാമലക്ഷ്മണമാരോടുകൂടി വിശ്വാമിത്രന്‍ ഇടതുവശത്തുനിന്നും ‘കിടതകധിം,താ’മോടെ പ്രവേശിക്കുന്നു. വലതുഭാഗത്തിരിക്കുന്ന ജനകന്‍ വിശ്വാമിത്രനെ കണ്ട്, വണങ്ങി, വലതുവശത്തേയ്ക്ക് ക്ഷണിക്കുന്നു. വിശ്വാമിത്രന്‍ അനിഗ്രഹിച്ച് വലതുവശം വന്ന് പീഠത്തില്‍ ഇരിക്കുന്നു. രാമലക്ഷ്മണന്മാര്‍ ഇടതുവശത്ത് നില്‍ക്കുന്നു. ജനകന്‍ വിശ്വാമിത്രനെ കുമ്പിട്ട് പദാഭിനയം ആരംഭിക്കുന്നു.