സാദരം നീ

രാഗം: 

വേകട (ബേകട)

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

സൈരന്ധ്രി

പല്ലവി:
സാദരം നീ ചൊന്നോരുമൊഴിയിതു
സാധുവല്ല കുമതേ.
അനുപല്ലവി:
ഖേദമതിനുടയ വിവരമിതറിക നീ
കേവലം പരനാരിയില്‍ മോഹം.
ചരണം1:
പണ്ടു ജനകജതന്നെ കണ്ടു കാമിച്ചൊരു ദശ-
കണ്ഠനവളെയും കൊണ്ടുഗമിച്ചു,
രാമന്‍ ചതികള്‍ ഗ്രഹിച്ചു,
ചാപം ധരിച്ചു, ജലധി തരിച്ചു,
ജവമൊടവനെ ഹനിച്ചു.
ചരണം2:
വഞ്ചനയല്ലിന്നു മമ പഞ്ചബാണ സമന്മാരാ-
യഞ്ചുഗന്ധര്‍വ്വന്മാരുണ്ടു പതികള്‍ ,
പാരം കുശലമതികള്‍ ,
ഗൂഢഗതികള്‍ , കളക കൊതികള്‍ ,
കരുതിടേണ്ട ചതികള്‍
ചരണം3:
ദുര്‍ന്നയനായീടുന്ന നീ എന്നോടിന്നു ചൊന്നതവര്‍ –
തന്നിലൊരുവനെന്നാലും
ധരിക്കുന്നാകില്‍ കലുഷമുറയ്ക്കും,
കരുണ കുറയ്ക്കും ,കലശല്‍ ഭവിക്കും,
കാണ്‍ക, നിന്നെ വധിക്കും
 

അർത്ഥം: 

അല്ലയോ കുമതേ, അങ്ങ് പറഞ്ഞ വാക്കുകള്‍ ഉചിതമല്ല. അന്യസ്ത്രീയെ മോഹിക്കുന്നത് ദുഖത്തിന് കാരണമാണെന്ന് അറിഞ്ഞാലും. പണ്ട് സീതയെ കണ്ട് മോഹിച്ച രാവണന്‍ അവളെയും കൊണ്ട് പോയി. ചതികളറിഞ്ഞ ശ്രീരാമന്‍ വില്ലെടുത്ത്‌, കടല്‍ കടന്ന് അവനെ കൊന്നു. എനിക്ക് പഞ്ചബാണ തുല്യരും കൌശലമുള്ളവരും ഗൂഢസാഞ്ചാരികളുമായ അഞ്ച് ഗന്ധര്‍വ്വന്മാര്‍ ഭര്‍ത്താക്കന്മാരായി ഉണ്ട്. ഇത് കളവല്ല. ആശ കൈവിട്ടുകൊള്ളൂ. ചതിക്കാമെന്നുവിചാരിക്കേണ്ട. നീ എന്നോട് പറഞ്ഞ വാക്കുകള്‍ അവരില്‍ ആരെങ്കിലും ഒരാള്‍ അറിഞ്ഞാല്‍ വളരെ കോപം ഭവിക്കും, കാരുണ്യം കയ്യൊഴിയും, യുദ്ധമുണ്ടാകും, കണ്ടുകൊള്‍ക, നിന്നെ വധിക്കും.