ധീരധീരവീരഹീര ഹേ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

വൈവശ്യഭാരാലസലോചനാം താം
ഏവംസമാശ്വാസ്യ മഹീസുരോസൗ!
ഗോവിന്ദഗേഹം സമവാപ്യ വേഗാത്‌
ദേവേന്ദ്രസൂനും തമുവാചധീരം!!

പദം:
ധീര ധീര വീര ഹീര ഹേ പാണ്ഡവ! കൂടെ-
പ്പോരിക പാരാതെ മൽഗൃഹേ

ക്ഷീരപൂരഗൗരകീർത്തേ! നീരജാസ്ത്രചാരുമൂർത്തേ!
ദൂരിത രിപുകൃതാർത്തേ! പൂരുവംശപുണ്യകീർത്തേ!

മുന്നമിവിടെനിന്നല്ലയോ കണ്ടതു തമ്മിൽ
സുന്ദരാംഗ! തോന്നുന്നില്ലയോ
ധന്യശീല! മമ പത്നി പിന്നെയും ധരിച്ചു ഗർഭം
ഉന്നതകൗതൂഹലമാസന്നമായി സൂതികാലം

അത്ഭുതവിക്രമാ! തെല്ലുമേ മാന്ദ്യമരുതേ
നിൽപതിന്നു ധൈര്യമില്ല മേ
ചിൽപുരുഷനെ വന്ദിക്ക സ്വർപ്പതിയേയും നമിക്ക
കെൽപെഴും ചാപമെടുക്ക ക്ഷിപ്രമേവം നാം നടക്ക 

അർത്ഥം: 

വൈവശ്യഭാരാലസലോചനാം താം:
പ്രസവകാലത്തെ ക്ഷീണം കൊണ്ട്‌ മയങ്ങിയ കണ്ണുകളോടുകൂടിയ പത്നിയെ ആശ്വസിപ്പിച്ച്‌ ഈ ബ്രാഹ്മണൻ അതിവേഗം ശ്രീകൃഷ്ണന്റെ സദനത്തിൽ ചെന്ന് അർജ്ജുനനോട്‌ ഇപ്രകാരം പറഞ്ഞു.

പദം:-ധീരനിൽ ധീരനും വീരനുമായ ഹേ പാണ്ഡവാ, ഒട്ടും താമസിയാതെ എന്റെ കൂടെ ഗൃഹത്തിലേയ്ക്ക് പോരുക. ഒഴുകുന്ന പാൽ പോലെ വെളുത്ത കീർത്തിയുള്ളവനേ, കാമസമാനാകാരാ, ശത്രുബാധയെ അകറ്റിയവനേ, പൂരുവംശത്തിന്റെ പുണ്യകീർത്തിയായുള്ളവനേ, മുൻപ് ഇവിടെവെച്ചല്ലെ തമ്മിൽ കണ്ടത്? സുന്ദരശരീരാ, ഓർക്കുന്നില്ലയോ? ധന്യശീലാ, എന്റെ പത്നി പിന്നെയും ഗർഭംധരിച്ചു. എറ്റവും സന്തോഷപ്രദമായ പ്രസവകാലവും ആസന്നമായി. അത്ഭുതപരാക്രമാ, ഒട്ടും താമസിക്കരുതേ. എനിക്ക് നിൽക്കുവാൻകൂടി ധൈര്യമില്ല. സർവ്വേശ്വരനെ വന്ദിക്കു. ദേവേന്ദ്രനേയും നമിക്കു. കരുത്തുറ്റ ചാപം എടുക്കു. നമുക്ക് വേഗം നടക്കാം.

അരങ്ങുസവിശേഷതകൾ: 

ഇടതുവശത്തുകൂടി പരിഭ്രമത്തോടെ അർജ്ജുനനെ തിരഞ്ഞുകൊണ്ട് ‘കിടതകധീം,താം’ മേളത്തിനൊപ്പം ബ്രാഹ്മണൻ പ്രവേശിക്കുന്നു. വലത്തുഭാഗത്തായി വില്ലുകുത്തിപ്പിടിച്ച് പീഠത്തിലിരിക്കുന്ന അർജ്ജുനൻ ബ്രാഹ്മണനെ കാണുന്നതോടെ അദ്ദേഹത്തെ വലതുവശത്തേയ്ക്ക് ആനയിച്ചിട്ട് വന്ദിക്കുന്നു. വലതുഭാഗത്തേയ്ക്കുവന്ന് അർജ്ജുനനെ അനുഗ്രഹിച്ചശേഷം ബ്രാഹ്മണൻ പദാഭിനയം ആരംഭിക്കുന്നു.