ഇത്ഥം പറഞ്ഞു കപിവീരനുടന്‍ ഹനൂമാന്‍

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

ഇത്ഥം പറഞ്ഞു കപിവീരനുടന്‍ ഹനൂമാന്‍

തസ്‌മാന്മഹേന്ദ്രശിഖരാദ്‌ ദ്രുതമുല്‍പപാത

ഗത്വാഥ മാര്‍ഗ്ഗഗതനാം ഹിമവത്തനൂജം

തട്ടീട്ടുടന്‍ തമുരസാ സ തു നിര്‍ജ്ജഗാമ

തതോ ഹനൂമാന്‍ സുരസാമുഖാന്തഃ

പ്രവിശ്യ നിർഗമ്യ ച കര്‍ണ്ണരന്ധ്രാല്‍

നിഹത്യ വേഗാല്‍ സ തു സിംഹികാം താം

വിവേശ ലങ്കാം കപിപുംഗവോയം

അർത്ഥം: 

ശ്ലോകം 1:-മർക്കടന്മാരോട് ഇങ്ങനെ പറഞ്ഞ് ഹനൂമാൻ മഹേന്ദ്രപർവ്വതത്തിന്റെ കൊടുമുടിയിൽ നിന്ന് അതിവേഗത്തിൽ മുകളിലേക്ക് ചാടി. വഴിയിൽ വന്നു ചേർന്ന ഹിമവാന്റ് പുത്രനായ മൈനാകം എന്ന പർവ്വതത്തെ മാറിടം കൊണ്ട് തട്ടി കടന്നു പോയി.

ശ്ലോകം 2:-പിന്നീട് ഹനൂമാൻ സുരസയുടെ വായിലൂടെ അകത്തുകടന്ന് ചെവിയിലൂടെ പുറത്തു ചാടി. അതിനുശേഷം സിംഹികയെ കൊന്ന് ലങ്കയിലേക്ക് കടക്കുവാനായി ഒരുങ്ങി.

അരങ്ങുസവിശേഷതകൾ: 

ഹനൂമാന്റെ ആദ്യാവസാനവേഷം.

ഈ രംഗത്ത് രണ്ട് ശ്ലോകങ്ങളേ ഉള്ളൂവെങ്കിലും ആദ്യാവസാനവേഷമായി മാറിയ ഹനൂമാനു ആടാനുള്ള വകുപ്പുള്ള രംഗം ആണ് ഇത്. 

സമുദ്രവർണ്ണനയും സമുദ്രലംഘനവും:-

സമുദ്രവർണ്ണനയ്ക്ക് നടന്റെ മനോധർമ്മത്തിനനുസരിച്ച് വ്യത്യാസമുണ്ടാകാം. കൂടാതെ, വിസ്തരിക്കുകയോ കുറയ്ക്കുകയോ ചെയ്യാം. 

ഹനൂമാൻ തിരനോക്ക് കഴിഞ്ഞ് രണ്ടാമത് തിരതാഴ്ത്തി ഉത്തരീയം  വീശിയിരുന്ന് ആലോചിച്ച്,

“ആഹോ! എന്റെ ഒരു ഭാഗ്യം തന്നെ. സർവ്വലോകനാഥനായ വിഷ്ണുഭഗവാൻ ദുഷ്ടരെ നിഗ്രഹിച്ച് ശിഷ്ടരെ രക്ഷിക്കാനായി ഭൂമിയിൽ അവതരിച്ചിരിക്കുന്നു. ആ ശ്രീരാമസ്വാമി, സീതാന്വേഷണത്തിനു പുറപ്പെട്ട എന്ന് വിളിച്ച് ദേവിയ്ക്ക് അടയാളമായി കൊടുക്കാൻ തന്റെ മോതിരം എനിയ്ക്ക് തന്നനുഗ്രഹിച്ചിരിക്കുന്നു. അങ്ങനെ ശ്രീരാമസ്വാമിയുടെ വാത്സല്യപാത്രമായത് എന്റെ ഭാഗ്യം തന്നെ. ആകട്ടെ, ഇനി വേഗം ലങ്കയിലേക്ക് പോകാനായി ഈ മഹേന്ദ്രപർവ്വതത്തിൽ കയറി സമുദ്രം ചാടിക്കടക്കാൻ ഉത്സാഹിക്കുക തന്നെ“. (നാലാമിരട്ടി എടുത്ത് തിരപൊക്കുന്നു.)

അരങ്ങിന്റെ വലതുഭാഗത്ത് പീഠത്തിൽ കയറി നിന്ന് (മഹേന്ദ്ര പർവ്വതം എന്ന് സങ്കൽപ്പം) വീണ്ടും തിര താഴ്ത്തി മുന്നിൽ അലയടിച്ചാർക്കുന്ന സമുദ്രം കണ്ട് ഉത്സാഹഭരിതനാകുന്നു. ഒറ്റക്കാൽ ചവിട്ടിക്കൊണ്ട് നെടുനീളത്തിൽ കണ്ണെത്താവുന്നിടത്തോളം ഇരുവശത്തേയ്ക്കും നോക്കി ദൃഷ്ടി നേരെ മുന്നിൽ കൊണ്ട് വന്ന് ആശ്ചര്യത്തോടെ,

“അഹോ! അതിഗംഭീരമായ സമുദ്രം ഇതാ കാണുന്നു. (അങ്ങുമിങ്ങും പലഭാഗത്തായി കണ്ട്) പർവ്വതം പോലെ ഉള്ള തിരമാലകൾ ഗംഭീരധ്വനിയോട് ഉരുണ്ട് ഉരുണ്ട് (രണ്ടുമൂന്നാവൃത്തി) വരുന്നു. (പലയിടത്തും കണ്ട്) ഇതാ കൂറ്റൻ മത്സ്യങ്ങളും മുതലകളും മദത്തോടെ സഞ്ചരിക്കുന്നു. ഘോരമായ ശംഖിൻ കൂട്ടങ്ങൾ ഇതാ. മുക്കുവന്മാർ തോണിയിൽ തുഴഞ്ഞ് ചെന്ന്, വലവീശി മീൻ പിടിക്കുന്നു. സമുദ്രത്തിന്റെ മഹിമ പൂർണ്ണമായി വർണ്ണിക്കാനാവില്ല. സമുദ്രത്തിനു തുല്യം സമുദ്രം തന്നെ. ഇങ്ങനെയുള്ള മറുകരകാണാത്ത സമുദ്രം കടക്കുന്നതെങ്ങനെ? ശ്രീരാമസ്വാമിയുടെ കരുണ ഉണ്ടെങ്കിൽ പ്രയാസമില്ല. മാത്രമല്ല, വാനരവൃദ്ധനായ ജാംബവാൻ എന്റെ പൂർവ്വകഥകൾ പറഞ്ഞതുകേട്ട് എന്റെ വീര്യപരാക്രമം ഏറ്റവും വർദ്ധിച്ചിരിക്കുന്നു. അതുമാത്രമല്ല, ശ്രീരാമസ്വാമി കൽപ്പിച്ച് തന്ന ദിവ്യാംഗുലീയം എന്റെ ശിരസ്സിൽ വഹിച്ചിട്ടുമുണ്ട്. അങ്ങനെയുള്ള എനിക്ക് ഈ സമുദ്രം ചാടികടക്കാൻ പ്രയാസമെന്ത്? അതിനാൽ ഇനി വേഗം സമുദ്രം ചാടി കടക്കുക തന്നെ. 

(വലതു വശത്തേയ്ക്ക് നോക്കി സഹവാനരരോട്) അല്ലയോ വാനരശ്രേഷ്ഠരെ, ഞാൻ വരുന്നതുവരെ നിങ്ങളേവരും ഇവിടെ തന്നെ ഇരിക്കുവിൻ. വേഗത്തിൽ വരാം. (നേരെ തിരിഞ്ഞ് – കാലം തള്ളി) ആകട്ടെ, ഇനി വേഗം സമുദ്രം ചാടുക തന്നെ.“

നാലാമിരട്ടി മേളം. ശ്രീരാമസ്വാമിയെ മനസ്സിൽ സങ്കലിപ്പിച്ചുകൊണ്ട് കൈകൂപ്പി) “അല്ലയോ സ്വാമിൻ, എന്നിൽ കാരുണ്യമുണ്ടാകേണമേ.“ കൂപ്പുകയ്യോട് ശരീരം കുനിച്ച് വന്ദിച്ച് ഇരുകൈകളിലും ഉത്തരീയം പിടിച്ചിളക്കി ശരീരം ഭയങ്കരമായി വലുതാക്കി സിംഹനാദത്തോടെ നിവർന്ന് ഇടം കാൽ പൊക്കി നിന്ന് മേളാവസാനത്തോടെ ഇടത്തോട്ട് കെട്ടിച്ചാടുന്നു. ചാടുന്നതോടെ മുറിയടന്ത താളം. (ലങ്കയിലേക്ക് ചാടുന്നതാണ് സങ്കൽപ്പം) 

താളത്തിനനുസരിച്ച് കാൽ വെച്ചുകൊണ്ട് മുന്നിലേക്ക് തിരിഞ്ഞ് പുറപ്പാടിന്റെ നാലാം നോക്കിലുള്ള ക്രമത്തിൽ കാൽ കുടയുന്നു. അതിൽ ഒടുവിലത്തെ പത്ത് കാലുകൾ മാത്രം ഇരട്ടിച്ച കാലത്തിൽ കുടഞ്ഞ് ചവിട്ടിമുന്നിലേക്ക് തിരിഞ്ഞ് വരുന്നു. (ഹനൂമാൻ സമുദ്രത്തിനു മുകളിലൂടെ സഞ്ചരിക്കുന്നതായി കാണിക്കാനാണ് ഈ പ്രത്യേകനൃത്ത ചലനങ്ങൾ)

മുന്നിലേക്ക് വരുന്നതോടേ ഇടതുവശത്ത് തന്റെ വഴി തടഞ്ഞു നിൽക്കുന്ന സുരസയെ കാണുന്നു. ഉത്തരീയം പിടിച്ച് കൈകൾ കെട്ടി കാൽ പരത്തി നിന്ന് സുരസയെ ആപാദചൂഡം നോക്കുന്നു. ശേഷം, “ഭീകര രൂപിയായ ഒരു ഭൂതം ഇതാ എന്റെ വഴിതടഞ്ഞ് വാ പിളർന്ന് നിൽക്കുന്നു.“ (ഭൂതം പറയുന്നതായി കേട്ട്) “ഈ? നിനക്ക് വല്ലാതെ വിശക്കുന്നു എന്നോ? അതിനു ഞാൻ എന്ത് വേണം?“ (മറുപടി കേട്ട്) “എന്നെ വിഴുങ്ങണമെന്നോ? അല്ലയോ ഭൂതമേ, ഞാൻ ശ്രീരാമസ്വാമിയുടെ കല്പനപ്രകാരം സീതാന്വേഷണത്തിനായി പോകുകയാണ്. സീതാദേവിയെ ദർശിച്ച് വിവരം ശ്രീരാമസ്വാമിയെ അറിയിച്ച് ഞാൻ ഉടനെ തിരിച്ച് വരാം. ശേഷം നിനക്ക് എന്നെ വിഴുങ്ങാം. ഇപ്പോൾ വഴി തരിക. നമസ്കാരം“ (മറുപടി കേട്ട്) “എന്ത് എന്നെ വിടില്ല? തീർച്ച?“ ഓ, ശരി എന്നാൽ വിഴുങ്ങിക്കൊൾക.“ (ഇരികൈകളിലും ഉത്തരീയം പിടിച്ചിളക്കി ശരീരം വലുതാക്കി ഇടംകാൽ പൊക്കിനിന്ന ശേഷം പരത്തിച്ചവിട്ടി നോക്കി) “ഉം, വായ തുറക്ക്“.(ഇടതുവശത്തേയ്ക്ക് മാറി സുരസയായി കാൽ പരത്തി നിന്ന് വായ് പിളർക്കുന്നു. വലത്തോട്ടുമാറി ഹനൂമാനായി അതുകണ്ട് വീണ്ടും തന്റെ ശരീ വലുതാക്കിയശേഷം നോക്കി, “ഉം, വായ് തുറക്ക് തുറക്ക്..“ (സുരസ വെണ്ടു വേണ്ടും ആകാവുന്നിടത്തോളം വായ് പിളർന്ന് ഇരിക്കുന്നു. ഹനൂമാൻ വായയുടെ വലിപ്പം നല്ലപോലെ നോക്കിക്കണ്ട് നേരെ തിരിഞ്ഞ് വിനോദഭാവത്തിൽ) “പറ്റിയ്ക്കാം, പറ്റിയ്ക്കാം ഇനി എന്റെ ദേഹം ചെറുതാക്കി ഉവളുടെ വായിൽ കടന്ന് ചെവിയിലൂടെ പുറത്തുചാടുക തന്നെ.“ (പെട്ടെന്ന് ശരീരം ചെറുതാക്കി ഉടത്തോട്ട് കെട്ടിച്ചാറ്റി) തിരിഞ്ഞ് ഇടതുവശത്തുനിന്ന് വലത്തോട്ടു നോക്കി സുരസയെ തൊഴുതു കുമ്പിട്ട്) “അല്ലയോ മാതാവേ, ഇനി എനിക്ക് പോവാൻ അനുവാദം തരികം (കെട്ട്) ഏ, ഭവതി നാഗമാതാവാണെന്നോ! എന്റെ ബലം കണ്ടറിയാൻ വന്നതാണേന്ന്? ഓ! സന്തോഷം“. (കുമ്പിട്ട് തൊഴുത് യാത്രയാവുന്നു. വീണ്ടും തിരിഞ്ഞ് വിലങ്ങത്തിൽ നാലുകാൽ കുടഞ്ഞ് ദ്രുതകാലത്തിൽ വട്ടം തിരിഞ്ഞ് വരുമ്പോൾ മുന്നിൽ ഇടതുവശത്ത് മൈനാക പർവ്വതത്തെ കണ്ട്, പർവ്വതം പറയുന്നത് കേട്ട്) “ഏ! ഭവാൻ ഹിമവാന്റെ പുത്രനെന്നോ? ഇവിടെ വന്നതെന്തിന്?“ (കേട്ട്) “രാമകാര്യത്തിനായി പോകുന്ന എന്നെ ഭവാന്റെ മേലിരുന്നു ജലവും ഫലങ്ങളും ഭക്ഷിച്ച് ക്ഷീണം തീർത്തയക്കുവാൻ വരുണൻ അയച്ചതാണെന്നോ? ഇല്ല, ഇല്ല ഭവാന്റെ സത്കാരം ഞാൻ സ്വീകരിച്ചിരിക്കുന്നു.“ (കാൽ പരത്തി നിന്ന് അകറ്റിപ്പിടിച്ച് രണ്ടുകൈകൊണ്ടും മാറിടം കൊണ്ടും പതുക്കെ പതുക്കെ പർവ്വതത്തെ താഴ്ത്തി വീണ്ടുമിടത്തോട്ട് കെട്ടിച്ചാടി മുന്നിലേക്ക് തിരിയുന്നു. (കാലം തള്ളി) പിന്നേയും മുന്നത്തെ പോലെ വിലങ്ങത്തിൽ കാൽ കുടഞ്ഞശേഷം ഇരട്ടിച്ച് കാൽ വെയ്പ്പുകളോടെ വൃത്താകാരത്തിൽ വന്ന് ഇടം കാൽ മുന്നിലേക്ക് ആഞ്ഞു ചവിട്ടിആ കാൽ എടുക്കാതെ ഇരുവശത്തേയ്ക്കുമായി മൂന്നുനാലുതവണ വട്ടം തിരിഞ്ഞശേഷം താഴെ കണ്ട് സൂക്ഷിച്ചു നോക്കി) ഇതാ ഒരു ജല രാക്ഷസി(ഛായഗ്രഹണി) എന്നെ വിഴുങ്ങുന്നതിനായി കാലിൽ പിടിച്ച് വലിക്കുന്നു.(പെട്ടെന്ന് ക്രുദ്ധനായി) ആങ്ഹാ! നോക്കിക്കോ (നാലാമിരട്ടി മേളം കലാശിക്കുന്നതോടൊപ്പം മുഷ്ടിചുരുട്ടി വലം കൈകൊണ്ടുള്ള ഒറ്റ ഇടികൊണ്ട് കൊല്ലുന്നു. ചെമ്പട മേളം.)

ഉടനെ തിരിഞ്ഞ് മുന്നിലേക്ക് ഓടിവന്ന് അഡ്ഡിഡ്ഡിക്കിട വെച്ച് മുന്നോട്ട് വെച്ചുചവിട്ടി നിന്ന് ഇരുവശത്തേയ്ക്കും നോക്കി ആശ്ചര്യത്തോടെ “ആഹാ! അതിവിശേഷമായ ലങ്കാപുരിയിൽ ഞാൻ എത്തിക്കഴിഞ്ഞു. (പലയിടങ്ങളിലേക്കും നോക്കിക്കണ്ട്) അസംഖ്യം കിടങ്ങുകളോടും കൂറ്റൻ മതിലുകളോടും ഉയർന്ന ഗോപുരങ്ങളോടും കൂടിയ ഈ കോട്ടയിൽ കടക്കുന്നതെങ്ങിനെ? (ചുറ്റും നോക്കി) ആദിത്യൻ അസ്തമിച്ചു. ഇരുട്ട് പരന്നു കഴിഞ്ഞു. “ശ്രീരാമസ്വാമിൻ!“ (കൂപ്പുകയ്യോടെ ധ്യാനിച്ച് ധൈര്യപ്പെട്ട്) “ആകട്ടെ! ഇനി വേഗത്തിൽ എന്റെ ദേഹം ചെറുതാക്കിഉപായത്തിലകത്തേയ്ക്ക് കടക്കുക തന്നെ“. (നാലാമിരട്ടി കലാശിക്കുന്നതോടൊപ്പം ഇടം കാൽ മുന്നോട്ടാഞ്ഞ് ചവിട്ടി ആദ്യം ഇടംകാൽ അകത്തേയ്ക്ക് വെച്ച് കടക്കുന്നു) ദേഹം ചെറുതാക്കി കുനിഞ്ഞ് ആരെങ്കിലും കാണുന്നുണ്ടോ എന്ന് ശ്രദ്ധയോടെനിശ്ശബ്ദം വൃത്താകാരത്തിൽ നടന്നു പിൻതിരിയുന്നു.

അനുബന്ധ വിവരം: 

സുരസ/മൈനാകം/ഛായാഗ്രഹണി/

ഈ രംഗത്തിൽ ശ്ലോകപ്രകാരം മൈനാകപർവ്വതത്തെ ആണ് ഹനൂമാൻ ആദ്യം കാണുന്നത്. എന്നാൽ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ കളരിയിൽ ചൊല്ലിയാടിച്ചിരുന്നത് സുരസയെ ആദ്യം കാണുന്നതായാണ് എന്ന് കലാ.പദ്മനാഭൻ നായർ ചൊല്ലിയാട്ടം എന്ന പുസ്തകത്തിൽ പറയുന്നു. അത് പ്രകാരമാണിവിടെ കൊടുത്തിരിക്കുന്നത്. മൈനാകം ഹനൂമാന്റെ ക്ഷീണം തീർക്കാനായാണ് വരുന്നത്. അപ്പോൾ പുറപ്പെട്ട ഉടനെ മൈനാകത്തെ കാണുന്നത് യുക്തി അല്ല എന്ന് കരുതിയാകാം സുരസ-മൈനാകം-ഛായാഗ്രഹണി എന്ന രീതിയിൽ ആക്കിയത്.