ഭൂപതേ തവ വചസാ

രാഗം: 

ധന്യാസി

താളം: 

ചെമ്പട

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

അക്രൂരൻ

ഭൂപതേ തവ വചസാ പശുപപുരേ

വേഗം പോകുന്നേനഹമധുനാ

ഗോപന്മാരെയും വസുദേവസുതന്മാരെയും

താപമെന്നിയെ കൊണ്ടുവരുമതിനൊരു

കുറവയി മമ നഹി നരവര

ഭൂപാലവീര കേൾക്ക നീ മാമകവാചം

ഭൂപാല വീര കേൾക്ക നീ

അർത്ഥം: 

രാജാവേ, അങ്ങയുടെ നിർദ്ദേശത്താൽ ഞാൻ ഇപ്പോൾ വേഗം ഗോകുലത്തിലേയ്ക്ക് പോകുന്നു. ഗോപന്മാരേയും വസുദേവപുത്രന്മാരേയും വിഷമില്ലാതെ കൂട്ടിക്കൊണ്ടുവരും. രാജശ്രേഷ്ഠാ, അതിന് എനിക്കൊരു പ്രയാസവുമില്ല. രാജവീരാ, അങ്ങ് എന്റെ വാക്ക് കേട്ടാലും.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

പദാഭിനയം കലാശിച്ച് അക്രൂരൻ കംസനെ കുമ്പിടുന്നു.

കംസൻ:(അനുഗ്രഹിച്ചിട്ട്)’അല്ലയോ യാദവശ്രേഷ്ഠാ, ദേവകിയുടെ ആറുപുത്രന്മാരേയും ഞാൻ വധിച്ചുകളഞ്ഞത് അറിയാമല്ലൊ? ഏഴാമത്തേയും എട്ടാമത്തേയും പുത്രന്മാർ ചതിയിലൂടെ മറഞ്ഞുകളഞ്ഞു. അവർ ഗോകുലത്തിൽ ഒളിച്ചു് താമസിക്കുകയാണ്. അവരാണ് ഈ രാമകൃഷ്ണന്മാർ എന്ന് നാരദനും പറഞ്ഞു. അത് സത്യം തന്നെ. അതിനാൽ ഇനി ശത്രുക്കളായ അവരെ ഇങ്ങോട്ടുവരുത്തണം. അതിനായി ഒരു ഉപായം ഉണ്ട്. ഞാൻ ആരംഭിക്കുന്ന ധനുര്യാഗത്തിന് വേണ്ടുന്നതായ ഗോരസങ്ങൾ മുതലായ സാധനങ്ങളോടുകൂടി യാഗം കാണുന്നതിനായി വരുവാൻ നന്ദാദി ഗോപന്മാരോട് പറയുക. അവരോടുകൂടി ആ രണ്ടു ബാലന്മാരേയും അങ്ങ് ഇവിടേയ്ക്ക് കൂട്ടിക്കൊണ്ടുപോരുക. ഇവിടെ എത്തിയാൽ ഗജശ്രേഷ്ഠനായ കുവലയാപീഠം അവരെ വധിച്ചുകൊള്ളും. ഒരു സമയം ആനയിൽനിന്നും രക്ഷപ്പെടുകയാണെങ്കിൽ ചണൂരാദികളായ മല്ലവീരന്മാർ അവരെ കാലപുരിയ്ക്ക് അയയ്ച്ചുകൊള്ളും. രാമകൃഷ്ണന്മാരെ കൂട്ടിക്കൊണ്ടുവന്ന് കൊല്ലിക്കുന്നതിന് സഹായിച്ചാൽ വസുദേവാദികൾ തന്നെ ഉപദ്രവിക്കുമോ എന്ന് ശങ്ക വേണ്ടാ. രാമകൃഷ്ണന്മാർ ഹനിക്കപ്പെട്ട് ദുഃഖിച്ചിരിക്കുമ്പോൾ വസുദേവാദി ബന്ധുക്കളെയും ഞാൻ നശിപ്പിക്കും. അങ്ങിനെ ശത്രുക്കളെയെല്ലാം നശിപ്പിച്ച് ഞാൻ സുഖമായി രാജ്യം ഭരിക്കും. അതിനാൽ അങ്ങ് ഉടനെ ഈ തേരിൽ പുറപ്പെട്ട്, ‘ധനുര്യാഗവും മഥുരാപുരിയും കണ്ടാനന്ദിക്കുവാൻ കംസരാജൻ നിങ്ങളെ ക്ഷണിക്കുന്നു’ എന്ന് ധരിപ്പിച്ച് സ്നേഹപൂർവ്വം അവരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നാലും.’

അക്രൂരൻ:’അല്ലയോ രാജാവേ, ഞാൻ അങ്ങയുടെ കല്പന അനുസ്സരിച്ച് പ്രവർത്തിക്കാം’

അക്രൂരൻ കംസനെ വണങ്ങി യാത്രയായി തിരിയുന്നു. അനുഗ്രഹിച്ച് അക്രൂരനെ യാത്രയാക്കിക്കൊണ്ട് കംസൻ നിഷ്ക്രമിക്കുന്നു.

അക്രൂരൻ:(വീണ്ടും രംഗത്തേയ്ക്കുവന്ന് ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്നിട്ട്, ആത്മഗതമായി)’രാജാവിന്റെ ആഗ്രഹങ്ങളൊന്നും നടക്കുവാൻപോകുന്നില്ല. പുണ്യചരിതന്മാരായ രാമകൃഷ്ണന്മാർ ഇവിടെ വന്നാൽ അത് ദുഷ്ടനായ കംസന്റെ നാശത്തിന് കാരണമാണ്. ആകട്ടെ, ഇതിനായി എന്നെത്തന്നെ നിയോഗിച്ചുവല്ലൊ. ദുഷ്ടന്മാരെക്കൊണ്ടും ചിലകാലം നല്ലകാര്യങ്ങൾ സംഭവിക്കുന്നു. എനിക്ക് ഭഗവാനെ കാണുവാനായി ഒരു അവസരം ലഭ്യമായല്ലൊ. എന്റെ ഭാഗ്യം!’ 

വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് അക്രൂരൻ ഒരുക്കിനിർത്തിയിരിക്കുന്ന രഥം നോക്കിക്കണ്ടിട്ട്, അതിൽ രാമകൃഷ്ണന്മാർക്ക് ഇരിക്കുവാനായി രണ്ടുപിഠങ്ങൾ എടുത്തുവെയ്ക്കുന്നു. തുടർന്ന് തോരണങ്ങളാൽ അലങ്കരിച്ചശേഷം ചമ്മട്ടിയേന്തിക്കൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ രഥത്തിലേയ്ക്ക് ചാടിക്കയറിയിട്ട് സഞ്ചരിക്കുതായി നടിച്ചുകൊണ്ട് അക്രൂരൻ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

—-(തിരശ്ശീല)—–