എന്തഹോ ചെയ്‌വതെന്തഹോ

രാഗം: 

ആനന്ദഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

അംബരീഷൻ

ശ്ലോകം
മുനീന്ദ്രേ കാളിന്ദീതടമടതി മാദ്ധ്യന്ദിനവിധിം
വിധാതും സ്വച്ഛന്ദം ചിരയതി മുഹൂർത്താർദ്ധവിരതൗ
നൃപേന്ദുർദ്വാദശ്യാം രചയിതുമനാഃ പാരണവിധിം
ന്യഗാദീദേകാന്തേ നിരവധിക ചിന്താപരവശഃ

വിചാരപ്പദം

എന്തഹോ ചെയ്‌വതെന്തഹോ

ഹന്ത മാമുനിന്ദ്രനിങ്ങു കിന്തുമൂലം വന്നീടായ്‌വാൻ
ച1
ഭോജനംചെയ്‌വതിനിഹ പൂജിതനായവനെന്നാൽ
പാദനാഡികാപാർക്കിലോ ദ്വാദശി കഴിയുമല്ലോ
ച2
പാരണചെയ്യായ്കിൽ വ്രതപൂരണമെങ്ങനെ കൂടും
താപസാതിക്രമം ചെയ്കിൽ പാപവുമുണ്ടല്ലോ പാരം
ച3
നിന്തിരുവടിയല്ലാതെ എന്തൊരവലംബം മമ
പാഹി മാം ശൗരേ പാഹി മാം.

അർത്ഥം: 

മുനീന്ദ്രേ കാളിന്ദീതടമടതി:- മദ്ധ്യാഹ്നകർമ്മം ചെയ്യുവാനായി കാളിന്ദീതടത്തിലേയ്ക്കുപോയ മുനീന്ദ്രൻ യഥേഷ്ടം താമസിക്കുമ്പോൾ ദ്വാദശിനാൾ പാരണവീടുവാൻ ആഗ്രഹിക്കുന്നവനായ രാജശ്രേഷ്ഠൻ അതിനുള്ള മുഹൂർത്തം പകുതി കഴിഞ്ഞതിനാൽ വളരെ ചിന്താപരവശനായി ഒറ്റയ്ക്കിരുന്നു.

ഹോ! കഷ്ടം! എന്താണ് ചെയ്യുക? കഷ്ടം! മഹർഷിശ്രേഷ്ഠൻ വരാതെയിരിക്കുവാൻ എന്താണ് കാരണം? ഇവിടെ ഭക്ഷണം കഴിക്കുവാനായി ഞാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. കാൽ നാഴികകൂടി കഴിഞ്ഞാൽ ദ്വാദശി കഴിയുമല്ലോ. പാരണ ചെയ്തില്ലായെങ്കിൽ വ്രതം പൂർത്തീകരിക്കുന്നതെങ്ങിനെ? താപസനെ ധിക്കരിച്ചാൽ വലിയ പാപവും ഉണ്ടാകുമല്ലോ. നിന്തിരുവടി അല്ലാതെ എനിക്ക് എന്താണാശ്രയം? എന്നെ രക്ഷിച്ചാലും, വിഷ്ണുഭഗവാനേ, എന്നെ രക്ഷിച്ചാലും.

അരങ്ങുസവിശേഷതകൾ: 

രംഗമദ്ധ്യത്തിലെ പീഠത്തിൽ ഇരുന്നുകൊണ്ട് അംബരീഷൻ പദം അഭിനയിക്കുന്നു.

പദാഭിനയം കഴിഞ്ഞ് അംബരീഷൻ ദുഃഖിതനായി വിഷ്ണുപാദങ്ങളെ സ്മരിച്ചുകൊണ്ട് ഇരിക്കുന്നു. ഗായകർ ശ്ലോകമാലപിക്കുന്നു.