രംഗം മൂന്ന്: ധര്‍മ്മപുത്രരും ആശാരിയും

കഥാപാത്രങ്ങൾ:
ആശാരി
ധർമ്മപുത്രർ
പാരില്‍ കീര്‍ത്തിയുള്ള പാണ്ഡവന്മാരെ ഞാന്‍ സന്തോഷത്തോടേ ഇവിടെ നിങ്ങളെ കാണുന്നതിനായി വന്നു. എന്ന് ആശാരി പറയുമ്പോള്‍ ആരാണ്‌ നീ എന്ന് ധര്‍മ്മപുത്രര്‍ ചോദിക്കുന്നു. എവിടെ നിന്നാണ്‌ വരുന്നത്? വന്നതിന്‍റെ കാരണം എന്ത് എന്നിങ്ങനെ ചോദിക്കുന്ന ധര്‍മ്മപുത്രരോട് ഖനകന്‍, ഞാന്‍ ഒരു ആശാരി ആണ്‌, വിദുരര്‍ അയച്ചതാണ്‌ എന്ന് പറയുന്നു. ദുഷ്ടനായ പുരോചനന്‍ ഇന്ന് തന്നെ അരക്കില്ലത്തിനു തീ വെക്കും. എന്നും ആശാരി പറയുന്നു. അപ്പോള്‍ ധര്‍മ്മപുത്രര്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ട് എങ്കിലും ശ്രീകൃഷ്ണന്‍റെ പാദാരവിന്ദങ്ങള്‍ ശരണമുണ്ട് എന്നും അറിയിക്കുന്നു. ഇതിനു മറുപടി ആയി, ആശാരി ഞാന്‍ ആരും കാണാതെ ഒരു ഗുഹ ഉണ്ടാക്കി തരാം, അതിലൂടെ പോയാല്‍ കാട്ടില്‍ എത്താം എന്നും ഉണര്‍ത്തിക്കുന്നു.
ഇത്രയും കേട്ട ശെഷം ധര്‍മ്മപുത്രര്‍ ഒരു ഗുഹ ഉണ്ടാക്കാനും ഗുഹക്ക് വാതിലോടുകൂടിയ ഒരു തൂണുണ്ടാക്കാനും പറഞ്ഞു കൊണ്ട് സ്റ്റേജില്‍ നിന്നും നിഷ്ക്രമിക്കുന്നു. ശേഷം ആശാരി ഗുഹ നിര്‍മ്മിക്കുന്നു. ഇവിടെ വിസ്തരിച്ച് ആട്ടം ഉണ്ട്. ഗുഹ നിര്‍മ്മിച്ച ശേഷം ധര്‍മ്മപുത്രര്‍ക്ക് കാണിച്ച് കൊടുക്കുന്നു. ധര്‍മ്മപുത്ര ഗുഹ നോക്കി നന്നായി എന്ന് പറഞ്ഞ് കേട്ട് കൃതാര്‍ത്ഥനാകുന്നു.ഈ സമയത്ത് “അഡ്ഡിഗിഡിഗിഡി’ എന്ന് കൊട്ടുന്നതോടെ ഗദയും ധരിച്ച് ഭീമസേനന്‍ ഓടിക്കൊണ്ട് അരങ്ങത്ത് പ്രവേശിച്ച് അഡ്ഡിഗിഡിഗിഡി വെച്ച് വലത്തോട്ട് വച്ച് ചവിട്ട് ആശാരിയെ നോക്കുന്നു. പേടിച്ച ആശാരി ഗുഹ പരിശോധിക്കാനായി ഭീമസേനനോട് പറഞ്ഞ് മാറി നില്‍ക്കുന്നു. ഭീമന്‍ ഇടം കാല്‍ ഇടംകോണിലേക്ക് നീട്ടി വച്ചിരിത്തിക്കൊണ്ട് ഗുഹയിലേക്ക് കടക്കാന്‍ ഭാവിക്കുകയും ദേഹം കൊള്ളാത്തതിനാല്‍ പിന്നിലേക്ക് തിരിഞ്ഞ് ആശാരിയോട് വിസ്താരമില്ല എന്ന് കാണിക്കുകയും ചെയ്യുന്നു. കണക്ക് പിഴച്ചതായി ആശാരി നടിക്കുന്നു. ആശാരി ഭീമന്‍റെ പിന്നില്‍ ചെന്നുനിന്ന് അളവെടുക്കുന്നു. ശേഷം ഗുഹയുടെ വിസ്താരം കൂട്ടി കാണിച്ച് കൊടുക്കുന്നു. ഭീമനാകട്ടേ മുന്നേ പോലെ വച്ചിരുത്തി പ്രയാസം കൂടാതെ അകത്ത് പോവുകയും വരുകയും ചെയ്ത് സന്തോഷത്തോടെ അസ്സലായി എന്ന് ആശാരിയോട് പറയുന്നു. ആശാരി സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു.
ശേഷം ആശാരി യാത്ര പറയുന്നു. കുന്തീദേവി ആ സമയത്ത് ആശാരിക്ക് പട്ടുംവളയും കൊടുക്കുന്നു. ഭീമന്‍ എടുക്കാവുന്നത്ര വസ്ത്രങ്ങള്‍ കൊടുക്കുന്നു. എല്ലാവരേയും താണുവണങ്ങി ആശാരി യാത്ര അകുന്നു.
ആശാരി യാത്രപോയ ശേഷം ഭീമന്‍ വീണ്ടും രംഗത്തിലേക്ക് തിരിഞ്ഞ് മലര്‍ത്തിയ ഇടം കയ്യും ദഗപിടിച്ച വലത്തെ കയ്യും മാറിനടുത്ത് മടക്കി പിടിച്ച് രദ്രഭാവത്തോടെ ‘ഉക്തൈവം അതവതി..’ എന്ന സ്ലോകത്തോടൊപ്പം വട്ടം വ്അയ്ക്കുവാനായി പരത്തിചവിട്ടുന്നു.
ഭീമന്‍ ദുര്യോധനനേയും കൂട്ടരേയും വധിക്കുവാന്‍ ധര്‍മ്മപുത്രരുടെ അനുവാദം ചോദിക്കുന്നു. ധര്‍മ്മപുത്രരാകട്ടെ സാഹസം ചെയ്യരുത് എന്ന് ഭീമനെ ഉപദേശിക്കുന്നു.

ഇതാണ്‌ ഈ രംഗത്തിന്‍റെ ചുരുക്കം