ഓർത്തു നീ ചൊന്നതെത്രയുമതിവിസ്മയം

രാഗം: 

വേകട (ബേകട)

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

ഓർത്തു നീ ചൊന്നതെത്രയുമതിവിസ്മയം, നന്നി-
തോർക്കിലെനിക്കു പഠിക്കേണമിന്നീവിദ്യയും,
പാത്രമതിന്നു ഞാനോർത്താലും നമ്മിലേ വേഴ്ചയും, ചെറ്റു
പാർത്താലതുകൊണ്ടുവന്നീടുകയില്ല വീഴ്ചയും, ഋതുപർണ്ണ,
നന്നു വന്നിതു നല്ലൊരു സംഗതി-
യിന്നുതന്നെയെനിക്കു പഠിക്കണം;
തന്നുടെ വിദ്യയന്യനു വേണ്ടുകിൽ
നന്നു നൽകുകിലെന്നല്ലോ കേൾപ്പതു.

അർത്ഥം: 

സാരം: അങ്ങ്‌ ധ്യാനിച്ചു പറഞ്ഞത്‌ വിസ്മയകരമായിരിക്കുന്നു.  ഈ വിദ്യ എനിക്കു പഠിക്കണമെന്നുണ്ട്‌.  പഠിക്കാൻ ഞാൻ യോഗ്യനെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധദാർഢ്യം ഓർത്താൽ അതുകൊണ്ട്‌ ഒരു ദോഷവും വരില്ല.  അല്ലയോ ഋതുപർണ്ണാ ശോഭനമായ ഒരു പൊരുത്തം വന്നിരിക്കുന്നു.  ഇന്നുതന്നെ ഈ വിദ്യ എനിക്കു പഠിക്കണം.  ഒരുവൻ തനിക്ക്‌ സ്വായത്തമായ അറിവ്‌ മറ്റൊരാൾക്ക്‌ വേണ്ടതാണ്‌ എന്നു വരുകിൽ നല്ക്കുന്നതാണ്‌ അഭിനന്ദനീയം എന്നാണ്‌ കേൾപ്പത്‌.

അരങ്ങുസവിശേഷതകൾ: 

പദാവസാനത്തിൽ തേർ നിർത്തി പീഠത്തിൽ നിന്നിറങ്ങിയ ഋതുപർണ്ണൻ ബാഹുകന്‌ അക്ഷഹൃദയം ഉപദേശിക്കുന്നു.  തന്റെ ശരീരത്തിൽ നിന്നും കലി പുറത്തുവന്നതായി നടിച്ച്‌ ബാഹുകൻ നില്ക്കുമ്പോൾ ഋതുപർണ്ണനും വാർഷ്ണേയനും രംഗംവിടുന്നു. തിരശ്ശീല. കൊട്ടിക്കലാശിച്ച്‌ കലിയുടെ തിരനോട്ടം.