അത്രിമഹാമുനിവരപുത്രതാപസ

രാഗം: 

കാമോദരി

താളം: 

അടന്ത

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

കൃത്യ

ശ്ലോകം
ഉദ്വൃത്തക്വണിത കപാലമാലധാരി-
ഗ്രീവാഗ്രാ കുചഗിരിശൃംഗ ഭഗ്നമേഘാ
സാടോപം വികടഗഭീരഗർത്തനേത്രാ
ചാടൂക്ത്യാ ക്ഷിതിപതിമേവമാചചക്ഷേ

പദം
അത്രിമഹാമുനിവരപുത്രതാപസകൃത-
കൃത്യയോടു കൂടുമോ? വികത്ഥനം വൃഥാ
രൂക്ഷരാകും വിബുധവിപക്ഷന്മാരുടെ ഗള-
വക്ഷോവിക്ഷോദനകർമ്മദക്ഷാ ഏഷ ഞാൻ.

ശാതധാരമാകും ഹേതിപാതം കൊണ്ടു നീ യുധി
പ്രേതനാഥൻ തനിക്കിന്നതിഥിയായിടും
ചണ്ഡമാകുമട്ടഹാസം ചെയ്കിലുന്നു ഞാൻ ജഗ-
ദണ്ഡകടാഹങ്ങൾ നാദഖണ്ഡിതങ്ങളാം.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-
പദം കലാശിക്കുന്നതോടെ അംബരീഷൻ പ്രവേശിച്ച് ഇടത്തുഭാഗത്തായി മുന്നേപ്പോലെ ധ്യാനിച്ച് നിൽക്കുന്നു. കൃത്യ ദുർവ്വാസാവിനെ കുമ്പിടുന്നു.
ദുർവ്വാസാവ്:(അംബരീഷനെ ചൂണ്ടികാട്ടിയിട്ട്) ‘അവനെ ഉടനെ പോയി നശിപ്പിച്ചാലും’
കൃത്യ:’കല്പനപോലെ’
വീണ്ടും കുമ്പിടുന്ന കൃത്യയെ അനിഗ്രഹിച്ച് ദുർവ്വാസാവ് നിഷ്ക്രമിക്കുന്നു. ദുർവ്വാസാവിനെ വണങ്ങി അയച്ചുതിരിഞ്ഞ് കൃത്യ രംഗത്തേയ്ക്ക് ഓടി വരുന്നു.
കൃത്യ:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് അംബരീഷനെ കണ്ട് കുപിതയായി വാളോങ്ങിയിട്ട്)’എടാ, ദുഷ്ടാ, എന്റെ സ്വാമിയെ അപമാനിച്ച നിന്നെ ഉടനെ വെട്ടിക്കൊല്ലുന്നുണ്ട്. നോക്കിക്കോ’
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് കൃത്യ അംബരീഷനെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ശ്ലോകത്തിന് വട്ടം വയ്ക്കുന്നു. ശ്ലോകം ആരംഭിക്കുന്നതോടെ പിന്നിലായിപിടിച്ച തിരശ്ശീലയ്ക്കുള്ളിൽ നിന്നുകൊണ്ട് സുദർശ്ശനം അലറുന്നു.