എത്രയുമുചിതമഹോ പുത്ര

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

രാവണന്‍

എത്രയുമുചിതമഹോ പുത്ര! നീ സമ്പ്രതി ചൊല്ലും

ഉക്തികൾ കേൾക്കയാലെന്നുടെ ചിത്തരംഗത്തിൽ

അത്യാനന്ദമുളവാകുന്നു.

വത്സ, ഭവാൻ ബുദ്ധികൊണ്ടും ഉത്സാഹാദികൊണ്ടും മേലിൽ

മത്സഹായം ചെയ്വാൻ പാത്രമാം മത്സഹജന്മാർ

നിസ്സാരന്മാർപോലെയല്ലേതും

ദുസ്സ്വഭാവിയതിലേകൻ നിദ്രയി-

ലുത്സുകനപരനുമെന്തിഹ ചെയ്യാം.

പോക നാമിന്നിരുവരുമാകുലമെന്നിയേ തത്ര

പാകശാസനൻ താൻ മേവിടും ലോകത്തിൽ ചെന്നു

വൈകാതെ വിളിക്ക പോരിനായ്

സമരമേൽപ്പതിനു സുരപതി വരികിൽ

സമയവുമുണ്ടാം ബന്ധിപ്പതിനും.

ചന്തമേറും ബാലക, നീ അന്തികേ നിന്നീടിൽ പോരും

ബന്ധിക്കാമവനെ യുദ്ധത്തിൽ പംക്തികണ്ഠന്നു

ബന്ധുക്കൾ മറ്റാരും വേണ്ടഹോ!

എന്തിനേറെയൊരു താമസമൻപൊടു

ഗന്തുമേവ കൂട്ടീടുക കോപ്പുകൾ.

അർത്ഥം: 

മകനേ നീ പറഞ്ഞത് ഉചിതം തന്നെ. എനിക്ക് സന്തോഷമായി. നീ ബുദ്ധികൊണ്ടും ഉത്സാഹം കൊണ്ടും എന്നെ സഹായിക്കാൻ യോഗ്യനാണ്. എന്റെ സഹോദർന്മാർ നിസ്സാരന്മാർ ആണ്. നമുക്കിരുവർക്കും ദേവലോകത്തേയ്ക്ക് പോകാം. അവിടെ ചെന്ന് യുദ്ധത്തിനു വിളിച്ചാൽ ഇന്ദ്രൻ വരും. അപ്പോൾ അവനെ ബന്ധിയ്ക്കാം. നീ അടുത്ത് നിന്നാൽ എനിക്ക് ബന്ധുക്കൾ വേറെ വേണ്ടാ. എന്നാൽ പോകാനായി കോപ്പുകൾ വേഗം കൂട്ടുക.