കരുണാം വിധേഹി മയി കമലനാഭ

രാഗം: 

മലഹരി

താളം: 

ചെമ്പ

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

നിഷ്‌പ്രത്യുഹമഥോത്തരാപരിണയേ തസ്മിൻ സമാപ്തേ ശുഭേ

പ്രത്യാദിത്സുരസൗ സുയോധനഹൃതാം പൃത്ഥ്വിം സ്വകീർത്ത്യാ സമം

കൃഷ്ണം വൃഷ്ണിപതിം നതാർത്തിശമനം വിശ്വേശ്വരം ശാ‍ശ്വതം

ലക്ഷ്മീനാഥമുവാച ഭക്തിവിവശോ ധർമ്മാത്മജന്മാ ഗിരം

കരുണാം വിധേഹി മയി കമലനാഭ!

കരുണാം വിധേഹി മയി

ശരണാഗതോസ്മി തവ ചരണയുഗളം

സംസാരവാരിനിധിതന്നിൽ വീണുഴലുന്ന

പുംസാമശേഷാർത്തി തീർത്തുകൊൾവാൻ

കംസാരിയായ തവ കാരുണ്യമില്ലാതെ

കിം സാരമവലംബമാർത്തബന്ധോ!

ശ്രീമീനകൂർമ്മ കിടിനരസിംഹവടുരൂപ

രാമ! രഘുരാമ! ബലരാമ! കൃഷ്ണ!

ക്ഷേമവും യോഗവും ത്വദധീനമഖിലവും

സ്വാമിൻ നമോസ്തു തേ സരസിജാക്ഷ!

പൃത്ഥ്വീഭരഹരണായ മർത്ത്യലീലാകൃതേ!

സത്യസ്വരൂപ! പുരുഷോത്തമ! വിഭോ!

ഭൃത്യനാമെന്നാലെ കർത്തവ്യമെന്തിനിമേൽ?

അത്തലഖിലം തീർത്തു കാത്തുകൊള്ളേണമേ

അർത്ഥം: 

ശ്ലോകസാരം:-നിർവ്വിഘ്നമായി ആ ഉത്തരാവിവാഹം ശുഭമായി കഴിഞ്ഞതിനുശേഷം ആ ധർമ്മപുത്രൻ ദുര്യോധനൻ കൈവശപ്പെടുത്തിയ ഭൂമിയെ തന്റെ കീർത്തിയോടുകൂടെ വീണ്ടെടുക്കുവാൻ ആഗ്രഹിക്കുന്നവനായിട്ട് ഭക്തിപരവശനായി യദുവംശനാഥനും ഭക്തന്മാരുടെ സങ്കടം തീർക്കുന്നവനും ലോകങ്ങളുടെ നാഥനും നിത്യനും ലക്ഷ്മീവല്ലഭനുമായ ശ്രീകൃഷ്ണനോട് വാക്കു പറഞ്ഞു.

പദസാരം:-ശ്രീപത്മനാഭ എന്നിൽ ദയ ചെയ്താലും. അവിടുത്തെ കാലിണയെ ഞാൻ ശരണം പ്രാപിച്ചിരിക്കുന്നു. സംസാരസമുദ്രത്തിൽ വീണു സങ്കടപ്പെടുന്ന ജനങ്ങൾക്ക് എല്ലാ സങ്കടങ്ങളും ഇല്ലാതാക്കുവാൻ കംസനെ കൊന്ന അവിടത്തെ ദയയല്ലാതെ ദീനബാന്ധവാ, കരുത്തുറ്റ താങ്ങ് എന്താണ്? മത്സ്യം കൂർമ്മം വരാഹം നരസിംഹം വാമനൻ എന്നിവരുടെ രൂപം ധരിച്ചവനേ! പരശുരാമ, ശ്രീരാമ, ബലരാമ ശ്രീകൃഷ്ണ, രക്ഷയും അഭീഷ്ടലാഭവും എല്ലാം അവിടുത്തെ അധീനമാണ്. താമരക്കണ്ണാ അങ്ങയ്ക്കു നമസ്കാരം ഭവിക്കട്ടെ. ഭൂഭാരം തീർക്കുവാൻ ലീലാമാനുഷനായി ജനിച്ച സത്യസ്വരൂപ, സർവ്വശക്തനായ പുരുഷോത്തമ, ഭൃത്യനായ എന്നാൽ ഇനിമേൽ ചെയ്യപ്പെടേണ്ടതായി എന്തുണ്ട്? എല്ലാ സങ്കടങ്ങളും തീർത്ത് രക്ഷിക്കേണമേ.