മാനിനിമാർമൗലിമണേ ദീനത

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

നരകാസുരൻ

മാനിനിമാർമൗലിമണേ, ദീനത നിനക്കു ചെയ്ത വാനവർനാഥ-

തനയനെ കൊല്ലുവതിനു മാനസേ സന്ദേഹമില്ല മേ

എന്നുടയ ഭുജബലം മന്നിലും വിണ്ണവർപുരിതന്നിലും

പാതാളമതിലും വിശ്രുതം പാർത്താൽ 

നന്നുനന്നിസ്സാഹസകർമ്മം

അഷ്ടദിക്പാലകന്മാരും ഞെട്ടുമെന്നുടയ ഘോരാട്ടഹാസം

കേട്ടിടുന്നേരം അത്രയുമല്ല, പൊട്ടുമഷ്ടശൈലങ്ങളെല്ലാം

ഹന്ത തവ സന്താപം ഞാൻ അന്തരമെന്നിയേ തീർത്തു

സന്തോഷം നൽകീടുന്നുണ്ടാഹോ! ആയതിനിന്നു

കിന്തു താമസം പോയിടുന്നേൻ

അരങ്ങുസവിശേഷതകൾ: 

പടപ്പുറപ്പാട്..സാധാരണ നക്രതുണ്ഡിയുടേയും നരകാസുരരന്റേയും ഈ പദങ്ങൾ   ചൊല്ലിയാടാറില്ല. പദത്തിന്റെ ആശയത്തിന്റെ ചുരുക്കം ആട്ടത്തിലൂടെ അവതരിപ്പിക്കുകയേയുള്ളു.

ഈ പദത്തിന് ശേഷം നരകാസുരരന്റെ പടപ്പുറപ്പാട് .. 

(നക്രതുണ്ഡിയെ അയച്ച് തിരിഞ്ഞുവന്ന് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്നിട്ട്)’ഇനി ശത്രുവായ ഇന്ദ്രനോട് യുദ്ധത്തിനായി ഒരുങ്ങുകതന്നെ’

ചെറിയയനരകാസുരരന്റെ പടപ്പുറപ്പാട്-

(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)’ഉവ്വോ?’ (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)’ഉവ്വോ? എന്നാൽ കൊണ്ടുവാ’ 

നരകാസുരസുരൻ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം നരകാസുരൻ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു* . തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.

(താളം:തൃപുട)

നരകാസുരൻ ‘പരുന്തുകാൽ’ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.

(താളം:ചെമ്പട)

:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി സ്വർഗ്ഗത്തിലേയ്ക്ക് തേര് വഴിപോലെ തെളിച്ചാലും’ (വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം പോയി സ്വർഗ്ഗം ജയിക്കുകതന്നെ’

അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം നരകാസുരൻ തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് രൂക്ഷഭാവത്തോടെ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

അനുബന്ധ വിവരം: 

സാധാരണ നക്രതുണ്ഡിയുടേയും നരകാസുരന്റേയും ഈ പദങ്ങൾ   ചൊല്ലിയാടാറില്ല. പദത്തിന്റെ ആശയത്തിന്റെ ചുരുക്കം ആട്ടത്തിലൂടെ അവതരിപ്പിക്കുകയേയുള്ളു

മനോധർമ്മ ആട്ടങ്ങൾ: 

പടപ്പുറപ്പാട്