മേദിനീ പാല വീരന്മാരേ

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

മേദിനീപാലവീരന്മാരേ! കേൾപ്പിൻ
സാദരമെന്നുടെ ഭാഷിതം.
സൂതസുതൻ തന്റെ വൃത്താന്തമിന്നു-
ദൂതൻ പറഞ്ഞതു കേട്ടില്ലേ?
വൃദ്ധവിരാടപുരംതന്നിൽ ഗൂഢം
മുഗ്ദ്ധന്മാരാകിയ പാർത്ഥന്മാർ
ബദ്ധമോദം നിവസിച്ചീടുന്നെന്നു
ബുദ്ധിയിൽ സംശയമുണ്ടു മേ ;
സിന്ധുരവൈരിപരാക്രമ
സുരസിന്ധുതനൂജ മഹാമതേ !
ബന്ധുക്കളാകിയ നിങ്ങളുമതു
ചിന്തിച്ചു വൈകാതെ ചൊല്ലുവിൻ

അർത്ഥം: 

രാജവീരന്മാരേ, ഞാന്‍ പറയുന്നത് സാദരം കേള്‍പ്പിന്‍. കീചകന്റെ വൃത്താന്തം ഇന്ന് ദൂതന്‍ പറഞ്ഞത് കേട്ടില്ലെ? വൃദ്ധനായ വിരാടന്റെ പുരിയില്‍ മൂഢന്മാരായ പാര്‍ത്ഥന്മാര്‍ സന്തോഷത്തോടെ ഗൂഡമായി നിവസിക്കുന്നു എന്ന് എന്റെ ബുദ്ധിയില്‍ സംശയമുണ്ട്. സിഹപരാക്രമാ, ഗംഗാപുത്രാ, മഹാ‍മതേ, ബന്ധുകളായ നിങ്ങള്‍ ഇത് ചിന്തിച്ചിട്ട് വൈകാതെ അഭിപ്രായം പറയുവിന്‍.