ക്ഷോണീന്ദ്രപത്നിയുടെ വാണീം

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

സൈരന്ധ്രി

ചരണം1
ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുന-
രേണീവിലോചന നടുങ്ങി
മിഴിയിണകലങ്ങീ- വിവശതയില്‍ മുങ്ങീ
പലതടവുമതിനു പുനരവളൊടു പറഞ്ഞളവു
പരുഷമൊഴി കേട്ടുടനടങ്ങീ

ചരണം2
ദാസ്യം സമസ്തജനഹാസ്യം നിനച്ചു നിജ-
മാസ്യം നമിച്ചു പുനരേഷാ
വിജിതസുരയോഷാ- വിഗതപരിതോഷാ
 ശ്രമസലില ബഹുലതര നയനജലമതിലുടനെ
 മുഴുകിബത മലിനതരവേഷാ

ചരണം3
ഗാത്രം വിറച്ചതതിമാത്രം കരത്തിലഥ
പാത്രം ധരിച്ചവിടെ നിന്നൂ
പരിചൊടു നടന്നൂ- പഥി കിമപി നിന്നൂ
ഹരിണരിപുവരസഹിത ദരിയിലിഹ പോകുമൊരു
ഹരിണിയിയുടെ വിവശത കലര്‍ന്നൂ
 

ചരണം4
നിശ്വസ്യ ദീര്‍ഘമഥ വിശ്വസ്യനാഥമപി
വിശ്വസ്യ ചേതസി സുജാതാ
ധൃതിരഹിതചേതാ- ധൃതപുളകജാതാ
സൂതസുതനുടെ മണിനികേതമതിലവള്‍ ചെന്നു
ഭീതിപരിതാപപരിഭൂതാ

അർത്ഥം: 

രാജപത്നിയുടെ വാക്കുകൾ കേട്ടിട്ട്, ആ മാന്മിഴിയാൾ നടുങ്ങി, കണ്ണുകൾ കലങ്ങി, വിവശയായി. പലതടസ്സങ്ങളും പറഞ്ഞെങ്കിലും കടുത്തവാക്കുകൾ കേട്ട് നിശ്ശബ്ദയായി. ദേവസ്ത്രീകളെ സൗന്ദര്യത്താൽ തോൽപ്പിച്ചവളും സന്തോഷം നശിച്ചവളും ആയ അവൾ എല്ലവരാലും പരിഹസിക്കപ്പെടുന്നതായ ദാസ്യവേലയെക്കുറിച്ച് ചിന്തിച്ച് മുഖം കുനിച്ചു. വിയർപ്പുകൊണ്ടും കണ്ണുനീർകൊണ്ടും മലിനരൂപയായിത്തീർന്നു. ദേഹം വല്ലാതെ വിറച്ചു.പാത്രം കയ്യിലെടുത്ത് നടന്നു, വഴിയിൽ അല്പം നിന്നു. സിംഹത്തിന്റെ മുന്നിലേയ്ക്ക് പോകുന്ന മാൻപേടയെപ്പോലെ തളർന്നു. മനോധൈര്യമില്ലാതെ നെടുവീർപ്പിട്ട് ലോകനാഥനെ മനസ്സിലുറപ്പിച്ച് പുളകിതഗാത്രിയായി ഭീതിയോടെ കീചകന്റെ മണിമന്ദിരത്തിലേയ്ക്ക് പ്രവേശിച്ചു.

അനുബന്ധ വിവരം: 

കഥകളിയിൽ വളരെ പ്രത്യേകതകളുള്ള ഒരു ദണ്ഡകമാണ് ഇത്. മറ്റു ദണ്ഡകങ്ങളിൽ നിന്ന് വയ്ത്യസ്തമായി നടന് അഭിനയത്തിന് സാദ്ധ്യതയുള്ളതാണ് ഈ ദണ്ഡകം. എട്ടു സാത്വികഭാവമുള്ളതിൽ ഏഴും ഇതിൽ വരുന്നു.
“നടുങ്ങി..” (വേപഥു)
“വിവശത..” (തളർച്ച)
“ശ്രമസലില..” (സ്വേദം)
“നയനജലം..” (അശ്രു)
“മലിനതരവേഷാ..”(വൈവർണ്ണ്യം)
“പഥികിമപി നിന്നു..”(സ്തംഭം)
“പുളകജാതാ..”(രോമാഞ്ചം)