ആട്ടക്കഥാകാരൻ

കിളിമാനൂർ രാജരാജവർമ്മ (വിദ്വാൻ ചെറുണ്ണി) കോയിത്തമ്പുരാൻ (1812-1846)

അവലംബം

മഹാഭാഗവതം – ദശമസ്കന്ദം

ഉത്തരരാമായണം – രണ്ടാമദ്ധ്യായം

ഈ കഥയിലെ ഒരു ഭാഗം രംഭാപ്രവേശം എന്ന പേരിൽ അറിയപ്പെടുന്നു. അത് പ്രത്യേകമായി ആണ് ഇപ്പോൾ അവതരിപ്പിക്കാറുള്ളത്.

കഥാസംഗ്രഹം 

വൈശ്രവണന്റെ പുറപ്പാടിനു ശേഷം കഥ തുടങ്ങുന്നു.

ഒന്നാം രംഗത്തിൽ വൈശ്രവണനും പത്നിയും ഉദ്യാനത്തിൽ ഉല്ലസിച്ചിരിക്കുന്നു. വൈശ്രവണൻ പത്നിയെ ആലിംഗനം ചെയ്തു ഇരിക്കുന്ന സമയത്ത് നാരദന്റെ വരവു കാണുന്നു. പത്നിയെ പറഞ്ഞയച്ച് മുനിയെ സ്വാഗതം ചെയ്യാനായി ഒരുങ്ങുന്നു.

രണ്ടാം രംഗത്തിൽ വൈശ്രവണൻ രാവണന്റെ ദുഷ്ചെയ്തികളെ പറ്റി നാരദനോട് പറയുന്നു. രാവണന്റെ അടുത്തേയ്ക്ക് ദൂതനെ അയക്കാൻ പറഞ്ഞ് നാരദൻ പോകുന്നു. വൈശ്രവണം അപ്രകാരം ദൂതനെ വിളിച്ച് വരുത്തി അയക്കുന്നു.

രംഗം മൂന്നിൽ ലങ്കയിൽ രാവണനും മണ്ഡോദരിയും രമിച്ചിരിക്കുന്നു. രാവണൻ മണ്ഡോദരിയെ ആലിംഗനം ചെയ്ത് ഇരിയ്ക്കുമ്പോൾ, ദൂരെ നിന്നും ദൂതൻ വരുന്നതു കണ്ട് മണ്ഡോദരിയെ പറഞ്ഞയച്ച് വീരഭാവത്തിൽ ഇരിക്കുന്നു.

രംഗം നാലിൽ ദൂതൻ വന്ന് രാവണനോട് വൈശ്രവണൻ പറഞ്ഞ കാര്യങ്ങൾ ഉണർത്തിയ്ക്കുന്നു. കോപാകുലനായ രാവണൻ ദൂതന്റെ കഴുത്തറുത്ത് കൊല്ലുന്നു. ശേഷം വൈശ്രവണനോട് യുദ്ധം ചെയ്യാനായി പടപ്പുറപ്പാട്.

രംഗം അഞ്ചിൽ രാവണ വൈശ്രവണനോട് യുദ്ധത്തുനു മുതിരുമ്പോൾ വിഭീഷണൻ വന്ന് തടയുന്നു. വിഭീഷണനെ കഴുത്തിനുപിടിച്ച് പുറത്താക്കിയിട്ട്, രാവണൻ യുദ്ധത്തിനായി പ്രഹസ്തനോടൊപ്പം തയ്യാറകുന്നു.

രംഗം ആറിൽ വൈശ്രവണന്റെ അനുയായികളും പ്രഹസ്തനും ഏറ്റുമുട്ടുന്നു. പ്രഹസ്തൻ തോറ്റോടുന്നു.

രംഗം ഏഴിൽ ഹിമാലയതാഴ്വര, രംഭാപ്രവേശം. രാവണൻ, വൈശ്രവണോടു യുദ്ധത്തിനായി അളകാപുരിയിലേക്ക് ഉള്ള മാർഗ്ഗമദ്ധ്യേ, ഹിമാലയതഴ്വരയിൽ സേനയോടൊപ്പം വിശ്രമിക്കുന്നു. പൗർണ്ണമി നാളിൽ സന്ധ്യാസമയത്ത് രംഭ വൈശ്രവണപുത്രന്റെ സമീപം പോകുന്നത് കണ്ട്, കാമാതുരനായ രാവണൻ, രംഭയെ ബലാൽക്കാരേണ പ്രാപിയ്ക്കുന്നു. രംഭ, അന്യസ്ത്രീകളെ അവരുടെ അനുവാദമില്ലാതെ തൊട്ടാൽ തല പൊട്ടിത്തെറിയുക്കും എന്ന് രാവണനെ ശപിയ്ക്കുന്നു. ഇത് ശരിയല്ല. ശപിക്കുന്നത് വൈശ്രവണന്റെ മകൻ നളകൂബരനാണ്‌. ചിലർ ശപിക്കാതെയും പതിവുണ്ട്. 

രംഗം എട്ടിൽ ഭീരു വന്ന് യുദ്ധവർത്തമാനങ്ങൾ അറിയിക്കുന്നു. രാവണൻ ഭീരുവിനെ സമാധാനിപ്പിച്ച് അയയ്ക്കുന്നു. രാവണൻ വൈശ്രവണനുമായി നേരിട്ട് യുദ്ധം ചെയ്യുന്നു. വൈശ്രവണൻ തോറ്റു പിന്മാറുന്നു. രാവണൻ ‘പോ പോ, എന്റെ ജ്യേഷ്ഠനായതു കൊണ്ട് ഇപ്പൊൾ കൊല്ലുന്നില്ല. നിന്റെ പുഷ്പകവിമാനം ഇനി എനിക്കുള്ളതാണ്. ദിക്പാലന്മാർ എന്റെ അധീശത്വം സ്വീകരിയ്ക്കുന്നു. ആകട്ടെ, ഇനി കൈലാസത്തിൽ പോയി ലങ്കയിലേയ്ക്ക് മടങ്ങാം. വിമാനത്തിൽ കയറി പോകുന്നു.

രംഗം ഒൻപതിൽ കൈലാസം കാക്കുന്ന നന്ദികേശ്വരന്റെ ആത്മഗതമായ പദം ആണ്. 

രംഗം പത്തിൽ രാവണൻ നന്ദികേശ്വരനുമായി ഏറ്റുമുട്ടുന്നു. തുടർന്ന് ശിവൻ അനുഗ്രഹിച്ച് ചന്ദ്രഹാസം എന്ന വാൾ കൊടുക്കുന്നു. രാവണവിജയം ആട്ടക്കഥ സമാപിയ്ക്കുന്നു.

അരങ്ങത്ത് ഇപ്പോൾ നടപ്പുള്ള കഥാഭാഗത്തിന്റെ സാരം
 

ബ്രഹ്മാവിനെ ഭജിച്ച് വരം നേടി പ്രതാപബലവാനായി രാവണൻ അഹങ്കാരത്തോടെ ലങ്കയിൽ വാഴുന്ന കാലം. സജ്ജനങ്ങളെ നിന്ദിച്ചും, പരദാരങ്ങളെ അപഹരിച്ചും ഘോരതരമായ ദുരിതാദികൾ ചെയ്യുന്നത് നാരദമുനിയിൽ നിന്നറിഞ്ഞ്, ജ്യേഷ്ഠൻ വൈശ്രവണൻ, ഉപദേശവചനങ്ങളുമായി ഒരു ദൂതനെ ലങ്കയിലേക്ക് അയയ്ക്കുന്നു. രാവണൻ ദൂതനെ തത്സമയം ശിരസ്സറുത്ത് വധിക്കുന്നു, വൈശ്രവണനെ ഒരു പാഠം പഠിപ്പിക്കാൻ സൈന്യസമേതനായി അളകാപുരിയിലേക്ക് പുറപ്പെടുന്നു.( രംഗം 4).

( രംഗം 5 :- .രാവണ വൈശ്രവണനോട് യുദ്ധത്തുനു മുതിരുമ്പോൾ വിഭീഷണൻ വന്ന് തടയുന്നു. വിഭീഷണനെ കഴുത്തിനുപിടിച്ച് പുറത്താക്കിയിട്ട്, രാവണൻ യുദ്ധത്തിനായി പ്രഹസ്തനോടൊപ്പം തയ്യാറകുന്നു.  രംഗം 6:- വൈശ്രവണന്റെ അനുയായികളും പ്രഹസ്തനും ഏറ്റുമുട്ടുന്നു. പ്രഹസ്തൻ തോറ്റോടുന്നു ഈ രംഗങ്ങൾ  ഇപ്പോൾ നടപ്പില്ല)

(രംഗം 7 ഹിമാലയതാഴ്വര – രംഭാപ്രവേശം)

യാത്രാമദ്ധ്യേ, സന്ധ്യാകാലത്ത് ഹിമവൽസാനുപ്രദേശത്ത് രാവണൻ വിശ്രമിക്കുന്നു. അപ്പോൾ അതിമൃദുപദന്യാസേന ഏകാകിനിയായി പോകുന്ന, ദേവസുന്ദരിയായ രംഭയെ കണ്ട് രാവണൻ കാമാതുരനാകുന്നു. അവളുടെ വഴി തടയുന്നു. ധനേശതനയനായ നളകൂബരന്റെ സന്നിധിയിലേക്ക് പോവുകയാണെന്നും, ‘പുത്രഭാര്യ‘ സ്ഥാനമുള്ള തന്നെ പോകാൻ അനുവദിക്കണമെന്നും കാലിണ തൊഴുത് അപേക്ഷിക്കുന്ന രംഭയെ രാവണൻ കുഞ്ജസദനത്തിലേക്ക് ബലാൽക്കാരേണ കൊണ്ടുപോയി മന്മഥലീല ചെയ്യുന്നു. രംഭ രാവണനെ ശ്പിച്ചു യാത്രയാവുന്നു.

രംഗം എട്ടിൽ  രാവണൻറെ  വൈശ്രവണനുമായി യുദ്ധം, രംഗം ഒമ്പതിലും പത്തിലും കൈലാസം കാക്കുന്ന നന്ദികേശ്വരനുമായി രാവണൻ ഏറ്റുമുട്ടുന്നു . തുടർന്ന് ശിവൻ അനുഗ്രഹിച്ച് ചന്ദ്രഹാസം എന്ന വാൾ രാവണന് കൊടുക്കുന്നു. ഈ രംഗങ്ങൾ ഒന്നും ഇപ്പോൾ നടപ്പില്ല.

പ്രത്യേകതകൾ

• കാവ്യഗുണമേറിയ, ശൃംഗാരപൂർണ്ണമായ സാഹിത്യം, കത്തിവേഷത്തിന്റെ ശൃംഗാരത്തിനും വീരത്തിനും അനുയോജ്യമായ രംഗസംവിധാനം.

• രാത്രി, ഏകാന്തത, പൂനിലാവ്, ഹിമഗിരി എന്നിങ്ങനെ ശൃംഗാര അനുഭാവഘടകങ്ങൾ.

• ബാലിവിജയത്തിൽ ആടിവരുന്ന ചന്ദ്രഹാസലബ്ധി (പാർവതിവിരഹം) യുള്ള രംഗം ഈ കഥയിലാണ്.

• മൂലകഥയിൽ ശപിക്കുന്നത് നളകൂബരനാണ്, രംഭയല്ല. അനുവാദം തരാത്ത സ്ത്രീകളെ തൊട്ടാൽ തല പൊട്ടിത്തെറിക്കട്ടെ – എന്നാണ് ശാപം.

• ലങ്കയെ രാവണൻ കൈക്കലാക്കിയപ്പോൾ വൈശ്രവണനു ശിവപ്രസാദത്താൽ ലഭിച്ചതാണ് അളകാപുരി. ആ അളകാപുരിയിൽ വെച്ചാണ് രാവണ-രംഭ സംയോഗം നടക്കുന്നത്.

• രംഭ സമുദ്രമഥനത്തിൽ ജാതയായ അപ്സരസുന്ദരി, നളകൂബരന്റെ ഭാര്യ, വിശ്വാമിത്ര ശാപത്താൽ 1000 വർഷം കല്ലായിപ്പോയി.

വേഷങ്ങൾ
 

രാവണൻ – കത്തി

ദൂതൻ – മിനുക്ക്

രംഭ – മിനുക്ക് സ്ത്രീവേഷം

മറ്റ് വേഷങ്ങൾ

വൈശ്രവണൻ, പത്നി, നാരദൻ, മണ്ഡോദരി, പ്രഹസ്തൻ, ഭീരു, വിഭീഷണൻ, മാണീചരൻ, നന്ദികേശ്വരൻ