അലസതാവിലസിത

രാഗം: 

പുന്നഗവരാളി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

ഭൈമി  (ഉണർന്ന്‌സംഭ്രാന്തയായി)

പല്ലവി.

അലസതാവിലസിതമതിനാൽ ഞാനുറങ്ങിനേൻ
അലമലം പരിഹാസകലവികളാലേ.

അനുപല്ലവി.

അളവില്ലാ മമ ഭയം, ആളിമാരുമില്ലാ
നള, നളിനാക്ഷ, നീ ഒളിവിലെന്തിരിക്കുന്നു?

ചരണം.1

ഹരിത്പതികൾ തന്നൊരു തിരസ്കരിണിയുള്ള നീ
ഇരിപ്പെടം ധരിപ്പതിനരിപ്പമല്ലോ;
വരിപ്പുലി നടുവിൽ സഞ്ചരിപ്പതിനിടയിലോ
ചിരിപ്പതിനവസര,മിരിപ്പതു പുരിയിലോ?

ചരണം. 2

പടംനോക്കിയുടൻ താനേ നടന്നാനോ വെടിഞ്ഞെന്നെ?
പടിഞ്ഞാറോ കിഴക്കോ നീ വടക്കോ തെക്കോ?
ദൃഢംജാനേ മതംതേഹം: “വിടുന്നോളല്ലിവൾ, ഞാൻ വേർ-
പെടുന്നാകിലുടൻ താനൊരിടംനോക്കി നടന്നുപോം“.

ചരണം. 3

വിശേഷിച്ചുണ്ടെനിക്കാധി, വിചാരിച്ചോളവും ദ്യുത-
വശാലിപ്പോൾ തവ ബുദ്ധികൃ ശയായ്പ്പോയി.
ദശാദോഷമതേഷാ ഞാനശേഷമോർത്തതിശോക-
രുജാവേശാവശൈവാശു വിശാമീശ, നിശാമദ്ധ്യേ.

ചരണം. 4
ഒരുഭൂതത്തിനാലേവം പരിഭൂതൻ മമ കാന്തൻ
പുരുഭുതികളെപ്പോലെ പുനരെന്നെയും
ഒരുപോതും നിനയാതെ പെരുമാറുന്നതു മൂലം
എരിതീയിൽ പതിതനായ്‌ വരിക വഞ്ചകനവൻ.

അർത്ഥം: 

സാരം: അലസത വർദ്ധിച്ചതിനാൽ ഞാൻ ഉറങ്ങിപ്പോയി. നേരംപോക്കിനുള്ള കളികൾ മതിയാക്കുക. എനിക്കു വല്ലാതെ ഭയമാകുന്നു. കൂടെ തോഴിമാരുമില്ല. സുന്ദരനായ നളാ, നീ എന്താണ്‌ ഒളിവിൽ ഇരിക്കുന്നത്‌? പക്ഷികൾ കൊണ്ടുപോയ വസ്ത്രം തിരഞ്ഞ്‌ എന്നെ വിട്ടു നടക്കുകയാണോ? നീ പടിഞ്ഞാറോ കിഴക്കോ വടക്കോ തെക്കോ? നീ എന്താണു വിചാരിക്കുന്നതെന്ന്‌ എനിക്കു മനസ്സിലാകുന്നുണ്ട്‌. ഇവൾ എന്നെ വിട്ടു പോകുകയില്ല. ഞാൻ വേർപെടുകയാണെങ്കിൽ ഇവൾ ഒരിടം നോക്കി നടന്നു പൊയ്ക്കൊള്ളും എന്നല്ലേ നീ വിചാരിക്കുന്നത്‌? ഏതോ ഒരു ഭൂതത്താൽ ഉപദ്രവിക്കപ്പെടുന്നവനാണ്‌ എന്റെ കാന്തൻ. സമ്പത്തുകളോടെന്നപ്പോലെ എന്നോടും വിചാരമില്ലാതെ പെരുമാറുന്നത്‌ അതുകൊണ്ടാണ്‌. വഞ്ചകനായ ആ ഭൂതം എരിതീയിൽ പതിതനായ്‌ വരട്ടെ.

അരങ്ങുസവിശേഷതകൾ: 

ഉറങ്ങുന്ന ദമയന്തി ഉണരുമ്പോൾ നളനെ സമീപത്തു കാണാതെ ഭയപ്പെടുന്നു. തുടർന്ന്‌ പദം. പദശേഷം ദുഃഖത്തോടെ ആശ്രയമന്വേഷിച്ച്‌ വനത്തിലൂടെ ദമയന്തി സഞ്ചരിക്കുന്നു.