വത്സേ കിന്തു വൃഥാ 

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

കിർമ്മീരൻ

വത്സേ കിന്തു വൃഥാ തവ രോദം
മത്സോദരി കുരു മാ മാ വിഷാദം

മാത്സര്യമുള്ളൊരു മർത്ത്യമിദാനീ-
മുത്സാഹേന സമുത്സാദയാനി

ഉൾത്താപം ത്യജ സത്വരമിന്നു നീ
ഉത്ഥാനം ചെയ്ക മത്തേഭഗാമിനി
മർത്ത്യന്മാരെ അമർത്ത്യലോകെ ചേർപ്പാൻ
ചിത്തകോപത്തോടു പോകുന്നു ഞാനിപ്പോൾ

ആഹന്ത നിന്നെ വികൃതിയാക്കി ഇന്നു
ആരൊരുത്തൻ ഭുവി സൗഖ്യേന വാഴുന്നു
ആരുള്ളൂ മൽഭുജവീര്യം സഹിപ്പാനാ-
മേരുലങ്കമവനിയിലിപ്പോൾ

പൃഥ്വിയിൽ മയി ജീവിത്യഹോ കഷ്ടമാ-
പത്തുകൊണ്ടു നീ ഖേദിക്കരുതൊട്ടും
കോപത്തിനിന്നവർ ലാക്കാകയില്ല മേ
രോപത്തിനു യുധി ലാക്കായി വന്നീടുമേ

അരങ്ങുസവിശേഷതകൾ: 

ആകട്ടെ നീ ഒട്ടും ഖേദിക്കണ്ട. ഞാൻ അവന്റെ കഴുത്ത് അറുത്ത് ചോര നിനക്ക് (വാളിലെ രക്തം തുറ്റച്ച് ചോര വായിലേക്ക് ഒഴുക്കുന്നതായി കാണിക്കുന്നു) തന്നേക്കാം. എന്നാൽ പോരെ? അനുസരണ കേട്ട് – എന്നാൽ വേഗം പോയാലും. അനുഗ്രഹിച്ച് യാത്രയയച്ച് വീണ്ടും രംഗത്തിലേക്ക്. തിരിഞ്ഞ് ഇനി ശത്രുക്കളോട് യുദ്ധത്തിനു ഒരുങ്ങുകതന്നെ. (പടപ്പുറപ്പാട്) വലത്തു നിന്ന് ഇടത്തോട്ട് ദൂതനെ കണ്ട് ഏടോ ദൂതാ, തേർ വേഗം കൊണ്ടു വന്നാലും. ഇടത്തുള്ള ദൂതനോട് ആയുധങ്ങൾ കൊണ്ടു വരുവാൻ കൽപ്പിക്കുന്നു. കൊണ്ടുവന്ന രഥം പരിശോധിക്കുന്നു. ആയുധങ്ങൾ വെവ്വേറെ വാങ്ങി രഥത്തിൽ വെച്ചു കെട്ടുന്നു. സ്വന്തം അരവാളു തുടച്ച് അരയിൽ കെട്ടുന്നു. തൃപുട വട്ടം തട്ടി പടപ്പട്ടയണിഞ്ഞ് ഭടന്മാരോട് യുദ്ധത്തിന്നു പുറപ്പെടുവാനും സാരഥിയോട് തേരു തെളിക്കുവാനും കൽപ്പിച്ച് പീഠത്തിൽ കയറി ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട് നടപ്പിൻ, നടപ്പിൻ എന്ന് കാട്ടി ഇറങ്ങി ഇനി വേഗം പുറപ്പെടുകതന്നെ. നാലാമിരട്ടിയെടുത്ത് അന്ത്യത്തിൽ തേരിൽ ചാടിക്കയറി പോകുന്നു.

തിരശ്ശീല