പാത്രം ഗൃഹാണ സുപവിത്രം

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പ 5 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

സൂര്യൻ

പാത്രം ഗൃഹാണസുപവിത്രം യാവല്‍
പാര്‍ഷതീ ഭുംക്തേതി ചിത്രം താവ-
ദത്ര സമുദേതി തവ ഭക്തമതിമാത്രം

അർത്ഥം: 

സുപവിത്രമായ ഈ പാത്രം വാങ്ങിക്കൊള്ളുക. എപ്പോള്‍ പാഞ്ചാലി ഭക്ഷണം കഴിക്കുന്നുവോ ആനേരം വരേയും അത്യത്ഭുതമാംവണ്ണം വേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇതിലുണ്ടാവും.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍ കുമ്പിട്ട് അടുത്തുചെല്ലുമ്പോള്‍ ആദിത്യന്‍ അക്ഷയപാത്രം നല്‍കുന്നു.(ചെണ്ടയില്‍ വലന്തലമേളം) ധര്‍മ്മപുത്രന്‍ ഇരുകൈകളാലും പാത്രം ഏറ്റുവാങ്ങി, സന്തോഷം, അത്ഭുതം, ഭക്തി ഭാവങ്ങളോടെ ആദിത്യനെ വീണ്ടും കുമ്പിടുന്നു. ആദിത്യന്‍ മറയുന്നു(തിരശ്ശീല ഉയര്‍ത്തുന്നു). ധര്‍മ്മപുത്രന്‍ ആദിത്യന്‍ മറയുന്നത് സാവധാനം കണ്ടിട്ട് തിരിഞ്ഞ് വീണ്ടും പ്രവേശിക്കുന്നു (തൃപുടയില്‍ വലന്തലമേളം). ധര്‍മ്മപുത്രന്‍ കൈയ്യിലുള്ള പാത്രം നോക്കി സന്തോഷാത്ഭുതഭക്തികള്‍ നടിച്ച്, പാത്രം ശിരസ്സിലും മാറിലുമണയ്ക്കുന്നു.

ധര്‍മ്മപുത്രന്‍:(ആത്മഗതം) ‘അഹോ! ഈ പാത്രം ലഭിച്ചത് എന്റെ സുകൃതം കൊണ്ടുതന്നെ. ആകട്ടെ, ഇനി ഗുരുനാഥനെ ചെന്നു കാണുകതന്നെ.’

ഈ സമയം ധൌമ്യന്‍ പ്രവേശിച്ച് വലത്തുഭാഗത്ത് പീഠത്തിലിരിക്കുന്നു. ധര്‍മ്മപുത്രന്‍ ധൌമ്യനെകണ്ട്, പാത്രം അദ്ദേഹത്തിന്റെ കൈയ്യില്‍ നല്‍കിയിട്ട്, കുമ്പിടുന്നു.
ധര്‍മ്മപുത്രര്‍:‘ഞാന്‍ അങ്ങയുടെ കല്‍പ്പനപോലെ ആദിത്യസേവ ചെയ്തു. അതില്‍ പ്രീതനായി ആദിത്യന്‍ പ്രത്യക്ഷപ്പെട്ട് ഈ പാത്രം നല്‍കി. ഇതില്‍ നിത്യവും ധരാളം ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാകുമത്രേ. പാഞ്ചാലിയുടെ ഭക്ഷണത്തോടെ എല്ലാം കഴിയുകയും ചെയ്യും. ഇങ്ങിനെ സൂര്യദേവന്‍ കല്‍പ്പിച്ചിരിക്കുന്നു. ഇനി ഞാന്‍ ചെയ്യേണ്ടതെന്ത്?’
ധൌമ്യന്‍:‘ഇനി നമ്മുടെ കൂടെയുള്ള ബ്രാഹ്മണാദി സകലജനങ്ങള്‍ക്കും ഭക്ഷണം വഴിപോലെ കൊടുത്താലും.
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’
ധര്‍മ്മപുത്രന്‍ ധൌമ്യനില്‍നിന്നും പാത്രമേറ്റുവാങ്ങി കുമ്പിട്ട് പിന്നോട്ട് മാറിതിരിഞ്ഞ് വീണ്ടും പ്രവേശിക്കുന്നു. ഈ സമയത്ത് ധൌമ്യന്‍ നിഷ്ക്രമിക്കുകയും ഇടത്തുഭാഗത്തുകൂടി പാഞ്ചാലി പ്രവേശിക്കുകയും ചെയ്യുന്നു. ധര്‍മ്മപുത്രന്‍ പാഞ്ചാലീസമീപം ചെന്ന് സസന്തോഷം പാത്രം നല്‍കുന്നു.
ധര്‍മ്മപുത്രന്‍:‘പ്രിയേ,ആദിത്യദേവന്‍ പ്രത്യക്ഷനായി ഈ പാത്രം നല്‍കി. ഇതില്‍ നിത്യവും ധരാളം ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാകും. ഭവതിയുടെ ഭക്ഷണത്തോടെ അവയെല്ലാം കഴിയുകയുംചെയ്യും. ഇങ്ങിനെ സൂര്യദേവന്‍ കല്‍പ്പിക്കുകയും ചെയ്തു. ആകട്ടെ, ഇനി നമ്മുടെ കൂടെയുള്ള ബ്രാഹ്മണാദികള്‍ക്ക് വേണ്ടതുപോലെ ഭക്ഷണം നല്‍കിയാലും.’
പാഞ്ചാലി:‘ശരി’
ധര്‍മ്മപുത്രര്‍ പാഞ്ചാലീസമീപത്തുനിന്നും മാറി വീണ്ടും രംഗത്ത് പ്രവേശിച്ച് ശ്രീകൃഷ്ണനെ സ്മരിച്ച് കൈകള്‍കൂപ്പി നില്‍ക്കുന്നു. പാഞ്ചാലി നിഷ്ക്രമിക്കുന്നു.