കനകരുചി രുചിരാംഗിമാരേ കനിവൊടു

രാഗം: തോടി

താളം: ചെമ്പട 32 മാത്ര

ആട്ടക്കഥ: അംബരീഷചരിതം

കഥാപാത്രങ്ങൾ: അംബരീഷൻ

ശ്ലോകം
ഗാഢോൽക്കണ്ഠവിലാസിജാലവിവിധക്രീഡാനിദാനേ ദിനേ
സദ്യസ്സ്വീകൃതവിക്രിയാ ന ഭുവനേ വാസന്തികേ സന്തി കേ
ഇത്യാലാപിനി കോകിലാരവമിഷാൽ കേളീവനേ ജാതുചി-
ദ്രാജാ നിർജ്ജിതരാജരാജ വിഭവഃപ്രോചേ വചഃ പ്രേയസീഃ

പദം
പ.
കനകരുചി രുചിരാംഗിമാരേ കനിവൊടു കണ്ടിതോ കാനനവിലാസം
അ.
മല്ലികാമൃദുമുകുളമിന്നു കാൺക മധുപരവശാലി വിലസുന്നു
മുല്ലശരജയശംഖം എന്നു തോന്നുന്നൂ
ച1
രജനിയുടെ മുഖമിതാ നുകരുന്നു
ഇന്ദു രതികുതുകിപോലെ വിലസുന്നു
വിജയായ മദനനും വിരുതു തുടരുന്നു
ച2
ചന്ദ്രമണിശയനമതികാന്തം
മൃദുലചാരുകിസലയലസദുപാന്തം
മന്ദേതരം വന്നു മാനയ നിതാന്തം അർത്ഥം: 

ഗാഢോൽക്കണ്ഠവിലാസിജാലവിവിധക്രീഡാനിദാനേ:- തീവ്രമായ അനുരാഗത്തോടുകൂടിയ കാമുകീസമൂഹത്തിന്റെ വിവിധതരം ക്രീഡകൾക്ക് നിമിത്തമായിരിക്കുന്ന ഒരു വസന്തകാലദിനത്തിൽ ‘ലോകത്തിൽ ഏവരും ഉടനെ കാമവികാരത്തോടുകൂടിയവരായി ഭവിക്കുന്നില്ലേ?’ എന്നു് കുയിൽശബ്ദമാകുന്ന വ്യാജത്താൽ വിളിച്ചുപറയുന്ന ഉദ്യാനത്തിൽ വെച്ച് ഐശ്വര്യം കൊണ്ട് കുബേരനെപ്പോലും പിന്നിലാക്കിയ അംബരീഷരാജാവ് വല്ലഭമാരോട് പറഞ്ഞു.

കനകരുചിരാംഗിമാരേ കനിവൊടു കണ്ടിതോ:- സ്വർണ്ണനിറവും ഭംഗിയുമുള്ള ശരീരത്തോടുകൂടിയവരേ, ഉദ്യാനഭംഗി നന്നായി കണ്ടില്ലേ? മൃദുവായ മുല്ലമൊട്ടുകൾ ഇന്ന് കണ്ടാലും. വണ്ടുകൾ പറക്കുന്ന ശബ്ദം കേട്ടിട്ട് കാമന്റെ വിജയശംഖനാദം എന്നു തോന്നുന്നു. മൃദുലവും, സുന്ദരമായി ശോഭിക്കുന്നതുമായ തളിരുകളുടെ സാമീപ്യത്തോടുകൂടിയതും ഏറ്റവും ശോഭിക്കുന്നതുമായ ചന്ദ്രകാന്തശയനം പതുക്കെവന്ന് നമ്മേ വളരെ വിളിക്കുന്നു. അരങ്ങുസവിശേഷതകൾ: 

ഇരുവശങ്ങളിലുമുള്ള പത്നിമാരുടെ കൈകോർത്തുപിടിച്ചകൊണ്ട് ശൃംഗാരഭാവത്തിൽ പതിഞ്ഞ ‘കിടതധീം,താം’ മേളത്തിനൊപ്പം രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്ന അംബരീഷൻ മുന്നോട്ടുവന്ന് പത്നിമാരെ ഇരുവശങ്ങളിലായി നിർത്തിയിട്ട് ഇരുവരേയും വെവ്വേറെ നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.