അമലഗുണവാരിരാശേ

രാഗം: 

സുരുട്ടി

താളം: 

ചെമ്പട 16 മാത്ര

കഥാപാത്രങ്ങൾ: 

പത്നി(മാർ)

അമലഗുണവാരിരാശേ, ഞങ്ങൾക്കിന്നു സുപ്രസാദം

നിൻഗതിയാരനുമുണ്ടോ  ചിന്മയ ഗ്രഹിച്ചീടുന്നു

ഉർവശീപ്രമുഖരാകും സ്വർവ്വനിതാജനങ്ങളെ

നിർവ്യാജം  കാണാമിദാനീം നിൻ കൃപയുണ്ടാകമൂലം

ഞങ്ങടെ ജനകനോടും മാതാവിനോടും കഥിക്ക

മാധവ, മറ്റാരുമിതു ബോധിക്കയില്ലെന്നറിക 

അർത്ഥം: 

പരിശുദ്ധഗുണങ്ങളുടെ സമുദ്രമേ, ഞങ്ങൾ ഇന്ന് സന്തോഷം ആണ്. ഭഗവാന്റെ ഉദ്ദേശം ആരെങ്കിലുമുണ്ടോ അറിയുന്നു? ഉർവ്വശി മുതലായ ദേവസ്ത്രീകളെ കളവു കൂടാതെ ഇപ്പോൾ കാണാം. ഞങ്ങളുടെ അച്ഛനോടും അമ്മയോടും പറയുക. ശ്രീകൃഷ്ണാ വേറെ ആരും ഇതറിയുകയില്ല എന്ന് അറിഞ്ഞാലും.

അരങ്ങുസവിശേഷതകൾ: പദശേഷം ആട്ടം:-കൃഷ്ണൻ:- എന്നാൽ നമുക്കിനി അർജ്ജുനന്റെ വിവാഹത്തിനായി ശ്രമിക്കുകയല്ലേ?പത്നിമാർ:- അങ്ങനെ തന്നെ.ഇരുവരുടേയും മറുപടി കേട്ട് സന്തോഷത്തോടെ ആദ്യം രുഗ്മിണിയുടേയും പിന്നെ സത്യഭാമയുടേയും കൈകൾ കോർത്തുപിടിച്ച് താണു നിന്ന് ഇരുഭാഗത്തേക്കും ഓരോന്നുലഞ്ഞശേഷം വലം-ഇടം കാലുകൾ പിന്നോക്കം മാറി തിരിയും.പത്നിമാരെ അയച്ച് വീണ്ടും രംഗത്തിലേക്ക് തിരിഞ്ഞ് നാലിരട്ടി കലാശം. ചമ്പടതാളത്തിൽ താണകാലത്തിലും ദ്രുതകാലത്തിലുമായി രണ്ടു തവണം വൃത്താകൃതിയിൽ ഒറ്റക്കാൽ വച്ചു വന്ന് വലതു കോണിലേക്ക് കാൽ തൂക്കി ഒറ്റക്കാലിൽ ചാടിതിരിഞ്ഞ്, നടുവിൽ നേരെ വന്നശേഷം കാൽകൂട്ടിച്ചാടി നാലുകാൽ ഇരട്ടിവട്ടം (ദ്രുതം) ചവിട്ടും. പിന്നെ ഇടതുവശത്തേക്കു തിരിഞ്ഞ് കാൽകെട്ടിച്ചാടിവീഴുന്നതോടെ സൂചിക്കിരിക്കും. എഴുന്നേറ്റ് വീണ്ടും കാൽ കൂട്ടിചാടി നാലുകാൽ ഇരട്ടിവട്ടം വച്ച വലതുവശത്തേക്കും അവിടെ നിന്ന് നേരെ മുന്നിലെക്കും തിരിഞ്ഞ് ഇപ്രകാരം ആവർത്തിക്കും. ഒടുവിലത്തെ ഇരട്ടിവട്ടത്തോടെ വലതുകോണിലേക്ക് രണ്ടുകാൽവച്ചു കാൽ മുറുക്കി പിന്നിൽ രണ്ടുകാൽ ഇടത്തോട്ടു കെട്ടിവെച്ച ചവിട്ടിക്കലാശിച്ച് പിന്നോക്കം കുത്തിമാറി പിന്തിരിഞ്ഞ് നിഷ്ക്രമിക്കും.

അനുബന്ധ വിവരം: 

രുഗ്മിണിയും സത്യഭാമയും ആണ് പത്നിമാർ