ആട്ടകഥയുടെ അവതരണത്തിലെ പ്രധാന സവിശേഷതകൾ‍

1.ആദ്യരംഗത്തിലെ മാതലിയുടെ ‘തേരുകൂട്ടിക്കെട്ടൽ‍’, ഭംഗിയുള്ള ഒരു നൃത്തപ്രകാരത്തിലൂടെ രംഗത്തില്‍ തേരിന്റെ ഒരു ചിത്രം വരച്ചുകാട്ടുന്ന ആട്ടമാണ്. സാധാരണയുക്തിയനുസരിച്ചു ചിന്തിച്ചാൽ, ഇന്ദ്രസാരഥിയുടെ ജോലിയല്ല രഥനിർമ്മാണം. എന്നാൽ സ്വശരീരം കൊണ്ട് ഒരു രഥത്തിന്റെ ദൃശ്യവൽക്കരണം അരങ്ങിൽ സാദ്ധ്യമാക്കുന്നതിലാണ് ഈ മനോഹരമായ ആട്ടത്തിന്റെ ഭംഗി കുടികൊള്ളുന്നത്.

2.പരമശിവനില്‍നിന്നും പാശുപതാസ്ത്രം നേടിയ അര്‍ജ്ജുനനെ കൂട്ടിക്കൊണ്ടുവരുവാനായി മാതലി എത്തുന്ന ഭാഗം മുതല്‍ മാതലിയുടെ പദം തീരുവോളമുള്ള ആലവട്ടമേലാപ്പുകളോടുകൂടിയുളള അര്‍ജ്ജുനന്റെ അചഞ്ചലമായ വീരഭാവത്തിലുള്ള‍ ഇരിപ്പും, ഓരോമാത്രയിലും തൌര്യത്രികസൌന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ‘സലജ്ജോഹം’ എന്ന പദത്തിന്റെ ചൊല്ലിയാട്ടവും നടന്റെ അഭ്യാസബലത്തിന്റെ മാറ്റുരക്കപ്പെടുന്ന അഭിനയമുഹൂര്‍ത്തങ്ങളാണ്. അതീവലളിതമായ ആശയം മാത്രം സംവഹിയ്ക്കുന്ന സലജ്ജോഹം എന്ന പദം, അവതരണത്തിന്റെ ശൈലീകൃതാവസ്ഥ കൊണ്ടും സങ്കീർണ്ണത കൊണ്ടും സൂക്ഷ്മമായ ആവിഷ്കാരപദ്ധതികൊണ്ടും സമാനതകളില്ലാത്ത പദമാണ്.

3.അര്‍ജ്ജുനന്‍ എന്ന കഥാപാത്രത്തിന് ഗാഭീര്യം നല്‍കിക്കൊണ്ട് ആദ്യഭാഗത്തില്‍ അടന്ത-ചെമ്പ താളങ്ങളും ഉത്തരഭാഗത്തില്‍ പഞ്ചാരി-ചെമ്പ താളങ്ങളും ആവര്‍ത്തിച്ച് വരുന്നു.

4.അര്‍ജ്ജുനന്റെ ഇന്ദ്രനോടുള്ള ‘ജനക തവദര്‍ശനാൽ‍’ എന്ന പദത്തിന്റെ അടന്തതാളത്തിലുള്ള സവിശേഷമായ ഇരട്ടിയും, ഇന്ദ്രാണിയോടുള്ള പദത്തിലെ ‘സുകൃതികളില്‍ മുമ്പനായ്’ എന്നിടത്തെ അഷ്ടകലാശവും കണക്കൊത്ത നൃത്തവിശേഷങ്ങളാണ്.

5.പതിഞ്ഞ കാലത്തിലുള്ളതും വിപ്രലംഭശൃംഗാരത്തിന്റെ ഉദാത്തമാതൃകയുമായ ‘പാണ്ഡവന്റെ രൂപം കണ്ടാൽ‍’, ‘സ്മരസായക ദൂനാം’ എന്നീ ഉര്‍വ്വശിയുടെ പദങ്ങള്‍ അത്യന്തം ചിട്ടപ്രധാനങ്ങളും അഭിനയപ്രധാനങ്ങളുമാണ്. കോട്ടയത്തുതമ്പുരാന്റെ നൃത്തരചനാവൈഭവത്തിന്റെ പരമസാഫല്യമായി കണക്കാക്കുന്ന ഈ ഉര്‍വ്വശീവേഷം എക്കാലത്തും ആദ്യാവസാന സ്ത്രീവേഷക്കാര്‍ക്ക് തങ്ങളുടെ അഭ്യാസനൈപുണ്യത്തിനുള്ള ഒരു വെല്ലുവിളിയാണ്.

6.ഇന്ദ്രന്‍ അര്‍ജ്ജുനനോട് ഗുരുദക്ഷിണ ആവശ്യപ്പെടുന്ന രംഗത്തിലെ പഞ്ചാരിതാളത്തിലുള്ള തോങ്കാരങ്ങള്‍ സവിശേഷഭംഗിയാര്‍ന്ന നൃത്തപ്രകാരമാണ്.

7. പ്രാകൃതഭാഷയിൽ ഒരു ശ്ലോകം ഉള്ളത് ഈ കഥയിൽ മാത്രമേ കാണുന്നുള്ളൂ. അത് അരങ്ങത്ത് ചൊല്ലുന്നതുമാണ്.

8. “മാതലേ നിശമയ” എന്ന ആദ്യത്തെ ഇന്ദ്രന്റെ പദം മുതൽ ഉർവ്വശീശാപം വരെയാണ് സാധാരണ അരങ്ങിൽ പ്രചാരത്തിലുള്ളത്. അപൂർവ്വമായി സമ്പൂർണ്ണകാലകേയവധവും അരങ്ങേറാറുണ്ട്.

9. ‘പാണ്ഡവന്റെ രൂപം’ എന്ന പദത്തിൽ ‘തൊണ്ടിപവിഴമിവ’ എന്ന വരി മുതൽ ഉർവ്വശി ചെയ്യുന്ന സവിശേഷ ഇരട്ടി മറ്റൊരു സ്ത്രീവേഷത്തിന്റെ രംഗരചനയിലും കാണാനാവില്ല. അതിസുന്ദരമായ നൃത്തശിൽപ്പമാണിത്.

10. ഈ ആട്ടക്കഥയ്ക്ക് പ്രത്യേകം പുറപ്പാടില്ല. സുഭദ്രാഹരണം കഥയിലെ പുറപ്പാടാണ് ഉപയോഗിക്കുന്നത്. അത് താഴെ കൊടുക്കുന്നു.

ശ്ളോകം
ഭൈരവി-ചെമ്പട
കാന്താജനൈസ്സഹ നിതാന്തമദാന്ധഭൃംഗ-
ഝങ്കാരപൂരിതസുവർണ്ണലതാനിശാന്തേ
സന്താനപല്ലവസുമാവലികേളിതല്പേ
സന്തുഷ്ടധീഃ സുരപതിഃ സതുജാതു രേമേ

വൃത്തം : വസന്തതിലകം

 പദം
    സ്വർല്ലോകാധിപതി ശചീവല്ലഭനമലൻ
    ഉല്ലാസയുതമാനസൻ മല്ലവിലോചനൻ
    കല്യമതിസുരജനതല്ലജനമലൻ
    മല്ലികാശരോപമാനൻ കല്യാണനിലയൻ
    ബന്ധുരതരാംഗിമാരാം പന്തണിമുലമാർത-
    ന്നന്തരംഗവാസൻ മദസിന്ധുരഗമനൻ
    ശത്രുജനങ്ങളെയെല്ലാം ചീർത്ത രണമതിൽ

    മിത്രപുത്രാലയേ ചേർത്തിട്ടെത്രയുമാദരാൽ
    പന്നഗശയനകൃപാ ധന്യനതികീർത്ത്യാ
    ഉന്നതനമരാവതിതന്നിൽ വാണീടിനാൽ

ഇപ്പോഴുള്ള അവതരണരീതി:

“മാതലേ നിശമയ” എന്ന ആദ്യത്തെ ഇന്ദ്രന്റെ പദം മുതൽ ഉർവ്വശിയുടെ ശാപം വരെ കാലകേയവധത്തിൽ പ്രചുരപ്രചാരം സിദ്ധിച്ച ഭാഗമാണ്. ആദ്യരംഗം മുതൽ അർജ്ജുനന്റെ സ്വർഗവർണ്ണന വരെ മാത്രമായും, ഉർവ്വശി – സഖീ ഭാഗം മാത്രമായും, രണ്ടും കൂടിയും ഇപ്പോൾ അരങ്ങിൽ കാണാം. അപൂർവ്വമായി മറ്റുരംഗങ്ങളും കൂടി ഉൾപ്പെടുത്തി ‘സമ്പൂർണ്ണ കാലകേയവധം’  അരങ്ങേറാറുണ്ട്. വജ്രകേതു – വജ്രാബാഹുക്കളുടെ രംഗം അത്യപൂർവ്വമാണ്.