അതിമൂഢ ബലാനുജ മതി

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

കംസൻ

കൃഷ്ണം സബലമായാന്തം 

ദൃഷ്ട്വാ കോപാരുണേക്ഷണം

യോദ്ധും കൃതമതിഃ കംസോ 

ബഭാഷേ തം രുഷാന്വിതഃ

അതിമൂഢ ബലാനുജ മതി ദുർമ്മോഹം 

ചതികൊണ്ടു സദാ യുദ്ധേജിതമാകുമോ

കെടുതാം നിന്നുടെ ധാർഷ്ട്യം ഝടിതി പൊടിപെടു-

മടവിചര പടുപടുവാകും മമ വീര്യമിഹ കണ്ടാലും ചടുല

ചാടിവന്നാകിൽ ഞൊടിയിടയിൽ അടികൂടുമൻപൊടു

ദുഷ്ടദുഷ്ട നികൃഷ്ടചേഷ്ടിത ധൃഷ്ടകഷ്ടനരിഷ്ടനല്ലഹം

വിദിതം മാധവ പോരിൽ വിഹിതമിതി തവ മതിയിലതിമദ-

മതുമൂലം ഹതനാം നീ പരഹതിയാൽ ശ്രുതം തേ വിക്രമം ഭീരോ

സതതമതിശഠ വീതസംശയമാർത്തുചീർത്തുകയർത്തു വന്നിഹ 

പേർത്തുനേർത്തുതകർത്തിടുന്നഹം

അർത്ഥം: 

ശ്ലോകസാരം:-കോപംകൊണ്ടു ചുവന്ന കണ്ണുകളുമായി കൃഷ്ണൻ ബലരാമനോടൊപ്പം വരുന്നതുകണ്ടപ്പോൾ ക്രുദ്ധനായ കംസൻ യുദ്ധം ചെയ്യാൻ തന്നെ നിശ്ചയിച്ചുകൊണ്ട് അദ്ദേഹത്തോടു പറഞ്ഞു 

പദസാരം:-ഏറ്റവും മൂഢനായവനേ, ബലഭദ്രാനുജാ, മതി ദുർമ്മോഹം. ചതികൊണ്ട് എല്ലായിപ്പോഴും യുദ്ധത്തിൽ വിജയിക്കാനാകുമോ? വനചരാ, നിന്റെ ദുഷിച്ച ധാർഷ്ട്യം പെട്ടന്ന് നശിക്കും. സുന്ദരാ, യുദ്ധവീരനായ എന്റെ വീര്യം ഇവിടെ കണ്ടാലും. ചാടിവന്നുവെന്നാൽ ഞൊടിയിടയിൽ യുദ്ധം ചെയ്യും. ദുഷ്ടരിൽ ദുഷ്ടനായവനേ, നികൃഷ്ടകർമ്മങ്ങൾ ചെയ്യുന്നവനേ, ധീരതയിൽ കുറവുള്ളവനല്ല ഞാൻ. മാധവാ,  നിന്റെ വിധിയാണ് ഇപ്രകാരം യുദ്ധത്തിന് നിശ്ചയിച്ചത്. മനസ്സിലെ വലിയ അഹങ്കാരം മൂലം മറ്റുള്ളവരെ നിന്ദിക്കുന്ന നീ കൊല്ലപ്പെടും. ഭീരുവായവനേ, നിന്റെ പരാക്രമം കേട്ടിട്ടുണ്ട്. എല്ലായിപ്പോഴും ഏറ്റവും വഞ്ചകനായവനേ, സംശയമില്ലാതെ ഏറ്റവും കയർത്തുകൊണ്ട് ഇവിടെവന്ന നിന്നെ നന്നായി നേരിട്ട് തകർക്കുന്നുണ്ട് ഞാൻ.

അരങ്ങുസവിശേഷതകൾ: 

ഇടത്തുഭാഗത്തുനിന്നും ഓടിക്കൊണ്ട് പ്രവേശിക്കുന്ന ശ്രീകൃഷ്ണനെകണ്ട് വലതുവശത്തായി പീഠത്തിലിരിക്കുന്ന കംസൻ ക്രുദ്ധിച്ച് എഴുന്നേറ്റ് തിരക്കി നിക്കുന്നു.

കംസൻ:(കൃഷ്ണനെ പുഛിച്ചിട്ട്)’എടാ, നിസ്സാരനായ ഗോപാലാ, നോക്കിക്കൊ’

നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് കംസൻ പദാഭിനയം ആരംഭിക്കുന്നു.