ഘോരവിപിനമെന്നാലെഴുപാരിതാകിൽ

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

സുരനാഥവരൈ: സുഖേന ജീവൻ
പരമാനന്ദസുനിർവൃതോ നളോയം
ഭവനേ വനതാം വനേ ഗൃഹത്വം
സ പുരാ നിശ്ചിനുതേ വിചാര്യ തത്ത്വം.

പല്ലവി:
ഘോരവിപിനമെന്നാലെഴുപാരിതാകിൽ നഗരം.

അനുപല്ലവി:
നാരിമാരും നവരസങ്ങളും
നയവും ജയവും ഭയവും വ്യയവും
നാടുഭരിപ്പവരോടു നടപ്പതു.

ചരണം 1:
അവടങ്ങൾ സങ്കടങ്ങൾ, അകമേ ദുഷ്ടമൃഗങ്ങൾ,
അധികം ഭീതികരങ്ങൾ
മനസാ വചസാ വിദിതം ഗദിതം
കാമാദികൾതന്നെ നിനച്ചാൽ
ഭീമാകൃതി ധാരികൾ വൈരികൾ.

2
സദനങ്ങൾ ശോഭനങ്ങൾ സാധുസഭാതലങ്ങൾ
സരസങ്ങൾ ഗഹനങ്ങൾ;
സജലാ സശിലാ തടിനീ ജനനീ;
രാജാന ഇമേ തരവോ ദൃഢ-
മാജാനമനോരമഭൂതികൾ.

3
ദുരിതങ്ങൾ ദൂരിതങ്ങൾ ദോഷങ്ങൾ ദൂഷിതങ്ങൾ,
അതിമോഘങ്ങളഘങ്ങൾ,
അധുനാ വിധിനാ കരുണാഗുരുണാ
മേലേ വരുമാധികൾ മാഞ്ഞിതു
കാലേന ചിരേണ നമുക്കിഹ.

അർത്ഥം: 

ശ്ലോകസാരം: ദേവനാഥൻമാരുടെ വരങ്ങൾകൊണ്ട്‌ സുഖമായി ജീവിക്കുന്നവനും, പരമാനന്ദം കൊണ്ട്‌ നല്ലതുപോലെ നിർവൃതനുമായ ഈ നളൻ, തത്വവിചാരത്താൽ ഭവനത്തിൽ വനത്തിന്റെ അവസ്ഥയേയും വനത്തിൽ ഗൃഹത്തിന്റെ അവസ്ഥയേയും കണ്ടു.

സാരം: ഘോരവിപിനം എന്നത്‌ ഏഴുനിലമാളികയാണ്‌. ഇതാകട്ടെ (ഈ കൊടുങ്കാട്‌) നഗരമാണ്‌.  നാരികൾ, ശൃംഗാരാദി ചപല ചേഷ്ടകൾ, നീതി, ജയം, ഭയം, ചെലവ്‌ എന്നിവയെല്ലാം നാടുഭരിക്കുന്നവരുടെ ഭാവങ്ങളാണ്‌. (ആയതുകൊണ്ട് കൊട്ടാരം തീരെ സുഖപ്രദം അല്ലാ എന്ന് വിവക്ഷ) അവടങ്ങൾ (=ഗുഹകൾ) സങ്കടങ്ങൾ ആണ് (ദുർഗ്ഗമം ആണ്) ഉള്ളിൽ ദുഷ്ടമൃഗങ്ങൾ ആണ്. അവയാകട്ടെ അത്യധികം ഭീതി ജനിപ്പിക്കുന്നതും ആണ്. ചിന്തിച്ചാൽ മനസ്സിലാകും. അവയേക്കാൾ ഭീമാകാരമായ ശത്രുക്കൾ ഈ കാമാദി വികാരങ്ങൾ തന്നെ. (ഇവിടെ കൊട്ടാരം പക്ഷം.)  വന്നത്തിലെ ഈ വള്ളിക്കുടിലുകൾ ശോഭനങ്ങളായ സദനങ്ങളായും, സഭാകലങ്ങളായും ഹൃദ്യങ്ങളായി എനിക്ക്‌ അനുഭവപ്പെടുന്നു. ജലത്തോടുകൂടിയവളും ശിലകളോടുകൂടിയവളുമായ നദി മാതാവാകുന്നു.  ജന്മനാ മനസ്സിനെ സന്തോഷി പ്പിക്കുന്ന സമ്പത്തോടു കൂടിയ ഈ വൃക്ഷങ്ങൾ രാജാക്കന്മാരാണ്‌ (സാമന്തന്മാർ) എന്നും നിശ്ചയം. (ഇവിടെ വനപക്ഷം). (ഈ തത്വബോധത്താൽ)  എന്റെ ദുരിതങ്ങൾ അകറ്റപ്പെട്ടിരിക്കുന്നു. ദോഷങ്ങൾ നശിച്ചിരിക്കുന്നു. പാപങ്ങൾ ക്ഷയിച്ചു. വിധിയുടെ കാരുണ്യംകൊണ്ട്‌ അനവധി കാലംകൊണ്ട്‌ എനിക്കു മേലേ മേലേ വന്ന ആധി ഇതാ നശിച്ചിരിയ്ക്കുന്നു.

അരങ്ങുസവിശേഷതകൾ: 

പദത്തിനുശേഷം അങ്ങോട്ടിങ്ങോട്ടുഴന്നു നടക്കുന്നതിനിടയിൽ നളൻ പല കാഴ്ചകളും കാണുന്നു.  ഘോരവിപിനം.. എന്ന് തുടങ്ങുന്ന ഈ കല്യാണിപ്പദം മുന്നത്തെ ലോകപാലന്മാരെയ്ക്ക് തുടർച്ച എങ്കിലും, നിരന്തരമായ കാന്താരജീവിതത്തിന്റെ ഭാഗമായി ഉണ്ടായ തിരിച്ചറിവാണ് കാണിയ്ക്കുന്നത്. മുൻ പദവും ഈ പദവും തമ്മിൽ ദീർഘകാലത്തെ വ്യത്യാസം ഉണ്ട് എന്ന് ഓർമ്മിയ്കേണ്ടതാണ്.

(ഗോപിയാശാന്റെ പുസ്തകത്തിൽ നിന്നും)

‘ഘോരവിപിനം‘ പദത്തിനു ശേഷം, നളൻ പീഠത്തിലിരുന്നു സ്വയം വിചാരിക്കുന്നു-

‘കഷ്ടം! എന്റെ പ്രിയതമയായ ദമയന്തിയുടെ വേർപാട് എന്റെ മനസ്സിന് വല്ലാതെ സങ്കടം ഉണ്ടാക്കുന്നു. അവൾ ഇപ്പോൾ എന്നെ അന്വേഷിച്ച് നടന്ന് ബന്ധുക്കളോട് ചേർന്നിട്ടുണ്ടാകുമോ? അതോ എന്തെങ്കിലും ആപത്ത് സംഭവിച്ചിട്ടുണ്ടാകുമോ? (ചിന്തിച്ച് സമാധാനിച്ച്) ഇല്ല, അവൾ പതിവ്രതയാണ്. അവൾക്ക് യാതൊരാപത്തും വരികയില്ല. അവളെ ദൈവം രക്ഷിച്ചിട്ടുണ്ടാകും. ഏതായാലും ഈ വനം എന്റെ മനസ്സിന്  അല്പം സന്തോഷം തരുന്നുണ്ട്. അതുകൊണ്ട് ഇനി ഈ വനം ഒന്ന് ചുറ്റി നടന്ന് കാണുക തന്നെ.’ 

ഉണ്ടീടാൻ ഫലമൂലമു,ണ്ടുടുപുടയ്ക്കോർത്താൽ മരത്തോലുമു,-

ണ്ടുണ്ടാം നല്ല ജലം, ശിലാപ്രതലമുണ്ടല്ലോ ശയിച്ചീടുവാൻ

കുണ്ടാമണ്ടികളൊന്നുമില്ല കുസൃതിക്കാരില്ല ബന്ധുക്കളായ് –

ക്കൊണ്ടാടാൻ മുനിമാരുമുണ്ടു പരമിക്കാന്താരവാസം സുഖം

മുകളിലെ നൈഷധം ചമ്പുവിലെ ശ്ലോകം സാധാരണ വെളുത്ത നളന്മാർ ആടാറുണ്ട്.
ശേഷം മാൻപ്രസവവും ആടാറുണ്ട്. ഓരോനടന്മാരും ഓരോന്ന് അവരവരുടെ മനോധർമ്മം പോലെ ആടാറുള്ളതിനാൽ ഏറ്റവും പൊതുവായത് മാത്രം ഇവിടെ സൂചിപ്പിയ്ക്കുന്നു. കാടിന്റെ സമൃദ്ധി വെളിപ്പെടുത്തുന്നതും, വിധിയുടെ വിളയാട്ടം കൊണ്ട്‌ ഒരു സാധുമൃഗം ആപത്തിൽ നിന്നും രക്ഷപ്പെടുന്നതുമായ കാഴ്ചകൾ കണ്ടുനടക്കുന്നു. ഗർഭിണിയായ ഒരു പേടമാൻ വേടന്റെ അമ്പ്‌, പെൺപുല്‌, കാട്ടുതീ, പുഴവെള്ളം ഇവയിൽനിന്ന്‌ രക്ഷപ്പെട്ട്‌ സുഖമായി പ്രസവിക്കുന്നതു കാണുന്നു. അപ്പോൾ കാട്ടു തീ പടർന്നു വരുന്നതായി കണ്ട്‌, അഗ്നിയുടെ നടുവിൽ നിന്നും ആർത്തനാദം കേൾക്കുന്നത്‌ എന്താണെന്നറിയുക തന്നെ എന്നു കാണിച്ച്‌ രംഗം വിടുന്നു.

മാൻപ്രസവം:-

കാട്ടിൽ സഞ്ചരിക്കുന്ന സമയം ചില നടന്മാർ മാൻപ്രസവം എന്നൊരു ആട്ടം ആടാറുണ്ട്. അതിന്റെ ആട്ടശ്ലോകത്തിന്റെ മലയാള പരിഭാഷയും ആട്ടത്തിന്റെ ഏതാണ്ടൊരു രൂപം താഴെ കൊടുക്കുന്നു :

പേടമാൻ പ്രസവനോവോടാണ്ട പുഴവക്കണഞ്ഞു കുലവില്ലുമായ്

വേടനേക,നൊരുസിംഹമോ പശിയൊടും ; പടർന്നു പിറകിൽദ്ദവം

കോടനീർമുകിലുയർന്നുചിത്ര!മിടിതട്ടിവേട, നിഷു മാറിലേ

റ്റീടവേ ഹരിമലച്ചു ; തീ മഴയണച്ചു; പെറ്റു മൃഗി കുഞ്ഞിനെ

                                                                                        (- കൈതയ്ക്കൽ ജാതവേദൻ)

ആട്ടം:

(സഞ്ചരിക്കുന്നതിനിടയിൽ ബാഹുകൻ ദൂരെ കണ്ട്)  ‘ഇതാ പൂർണ്ണ ഗർഭിണിയായ ഒരു പേടമാൻ’. (ബാഹുകൻ മാനിന്റെ പ്രസവ വേദന പകർന്ന് അഭിനയിച്ച ശേഷം കുറച്ചപ്പുറത്ത് വേറെ കണ്ട് ) ‘അതാ ഒരു വേടൻ അമ്പും വില്ലും ധരിച്ച് വരുന്നു.’ 

(പിന്നെ ആ വേടനായി ബാഹുകൻ പകർന്നാടുന്നു. അമ്പുംവില്ലും പിടിച്ച് നടന്ന് ) ‘വിശന്നിട്ട് വയ്യ, ഇന്ന് ഒന്നും കഴിക്കാൻ കിട്ടിയില്ല.’ (ദൂരെ മാനിനെ കണ്ട്) ‘ആഹാ! ഇതാ ഒരു പേടമാൻ ഇരിക്കുന്നു.’ (ഒരു പാറമേൽ അസ്ത്രം മൂർച്ഛ കൂട്ടി ലക്ഷ്യത്തിലേക്ക്  ഊന്നി നിൽക്കുന്നു.) 

(തിരിച്ച് ബാഹുകനായി ദൂരെ കണ്ട്) ‘ഇതാ വിശപ്പ് സഹിക്കവയ്യാതെ ഒരു സിംഹം ഈ മാനിനെ നോക്കി നിൽക്കുന്നു’ (ബാഹുകൻ സിംഹത്തിന്റെ ചേഷ്ടകൾ അഭിനയിച്ച ശേഷം കുറച്ചപ്പുറത്ത് കണ്ട്) ‘അതാ അവിടെ ഘോരമായ കാട്ടിതീ. മറുഭാഗത്തോ ശാന്തമായി ഒരു നദി ഒഴുകുന്നു.’

(ബാഹുകൻ യഥാക്രമം മാനിന്റെ പ്രസവദൈന്യത, വേടൻ അമ്പ് തൊടുത്ത് നിൽക്കുന്നതും, കുതിക്കാൻ നിൽക്കുന്ന സിംഹം, ജ്വലിക്കുന്ന കാട്ടുതീ, ഒഴുകുന്ന നദി ഇവയെല്ലാം മാറി മാറി വേഗത കൂട്ടി പകർന്നാടുന്നു.) ‘പാവം ഈ മാൻ, സമാധാനത്തോടെ പ്രസവിക്കാൻ പറ്റുമോ? ഇതിനെ രക്ഷിക്കുന്നതെങ്ങനെ? എനിക്ക് സാദ്ധ്യമല്ല. ഈശ്വരൻ എല്ലാ ജീവജാലങ്ങളെയും രക്ഷിക്കുന്നു എന്ന് പ്രസിദ്ധം. എന്നാൽ ഇപ്പോൾ ഈ മാനിനെ എങ്ങനെ രക്ഷിക്കുന്നു എന്ന് അറിയണം’ (പീഠത്തിലിരിക്കുമ്പോൾ, പെട്ടെന്ന് ഒന്ന് ഞെട്ടി) ‘ഒരു ഇടിമിന്നൽ!.അതാ മിന്നലേറ്റ് വേടൻ നിലത്ത് വീഴുന്നു. വേടന്റെ കയ്യിൽ നിന്നും തെറിച്ചു പോയ അമ്പ് സിംഹത്തെ തറയ്ക്കുന്നു. അത് വീണു മരിയ്ക്കുന്നു.’ (മഴ പെയ്യുന്നതായി നടിച്ച്) ‘ഇതാ ഈ മഴയിൽ കാട്ടുതീയും അണഞ്ഞു പോയി. അഹോ! ദൈവം കരുണാമയൻ തന്നെ’

(ഇതൊന്നും അറിയാതെ മാൻ പ്രസവിക്കുന്നു. രണ്ട് കുട്ടികൾ. മാൻ രണ്ട് കുട്ടികളേയും നക്കി തുടയ്കുന്നു. കുട്ടികൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നു. ചാടി കളിക്കുന്നു. പാൽ കുടിക്കുന്നു. ആദ്യം മാനായും പിന്നെ കുട്ടികളായും പകർന്നാടിയ ശേഷം ബാഹുകൻ ഓർക്കുന്നു) ‘മാതൃവാത്സല്യം ആശ്ചര്യം! എന്റെ രണ്ട് കുട്ടികളും ഇപ്പോൾ അച്ഛനെവിടെ അമ്മയെവിടെ എന്ന് ചോദിച്ച് കരയുന്നുണ്ടാവില്ലേ? ഈശ്വരാ കൃപയുണ്ടാകേണമേ.’

പദ്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെ നളചരിതം പുസ്തകത്തിൽ ഈ രംഗം ഇങ്ങനെ ചുരുക്കി കൊടുത്തിരിക്കുന്നു:

(അഡ്ഡിഡ്ഡിക്കിട വെച്ച് സഞ്ചരിച്ച് വേറെ വേറെ കണ്ട്) ‘ഇതാ ഈ വൃക്ഷങ്ങളുടെ ശാഖകൾ തളിരുകൾ, പുഷ്പങ്ങൾ, ഫലങ്ങൾ എന്നിവകളെ കൊണ്ട് നിറഞ്ഞു ശോഭിച്ച് കണുന്നു. വിശക്കുന്ന സമയം ഈ ഫലങ്ങൾ കഴിച്ച് വിശപ്പടക്കാം.’ (വീണ്ടും നടന്ന് കണ്ട്) ‘ഇതാ നല്ല ജലത്തോടുകൂടിയ അരുവി സാവധാനം ഒഴുകുന്നു. ദാഹിക്കുന്ന സമയം ഈ ജലം കുടിക്കാനും, പിന്നെ കുളിക്കാനും  ഉപകാരപ്രദമാണ്.’ (വീണ്ടും നടന്ന് കണ്ട്) ‘ഇതാ ഈ നദിക്കരികിൽ പാറക്കൂട്ടങ്ങൾ മെത്ത പോലെ കാണുന്നു. ക്ഷീണം തോന്നുന്ന സമയം ഇതിൽ കയറി കിടക്കാം.’ (വീണ്ടും അവിടെ തന്നെ വൃക്ഷങ്ങളെ കണ്ട്) ‘ഈ വൃക്ഷ്ങ്ങളുടെ തോൽ വസ്ത്രമായി ധരിക്കാം.’ (വീണ്ടും നടന്ന് കണ്ട്) ‘അഹോ! ഇതാ മഹർഷിമാർ ധ്യാനത്തിലിരിക്കുന്നു. (ചിന്തിച്ച്) അതുകൊണ്ട് എനിക്ക് ബന്ധുക്കളുമായി മുനിമാരും ഉണ്ട്. (ചിന്തിച്ച്) എന്തുകൊണ്ടും ആ നാട് നരകവും ഈ കാട് സ്വർഗ്ഗവും ആകുന്നു. അതുകൊണ്ട് ഇനി ഈ വനത്തിൽ സസുഖം വാഴുക തന്നെ.’

(പീഠത്തിൽ ഇരുന്ന് വിശ്രമിക്കുമ്പോൾ , ചൂടുകാറ്റടിക്കുന്നതായി നടിച്ച്) ‘ഏറ്റവും ചൂടോടുകൂടിയ കാറ്റ് വരുന്നുണ്ടല്ലോ! എന്താണത്? (ദൂരെ കണ്ട്) ദൂരെ തീ കത്തിജ്വലിക്കുന്നു. ഇതാ സിംഹം, പുലി, മാൻ കൂട്ടം മുതലായവകൾ ഭയന്ന് ഓടുന്നു. എന്താണ് സംഭവിച്ചത്? (പെട്ടെന്ന് ശബ്ദം കേട്ട്) അഗ്നിയുടെ മദ്ധ്യത്തിൽ നിന്ന് ഒരു നിലവിളി കേൾക്കുന്നുവല്ലോ..എന്റെ പേരു പറഞ്ഞു നിലവിളിക്കുകയാണല്ലോ! ആരാണത്? വേഗം ചെന്ന് ആരാണ് എന്ന് അറിയുക തന്നെ.’ (കാട്ടുതീയിന്റെ സമീപത്തേക്ക് എന്ന ഭാവേന രംഗം വിടുക).

മനോധർമ്മ ആട്ടങ്ങൾ: 

മാൻപ്രസവം