രാവണ കേള്‍ക്ക നീ സാമ്പ്രതം

രാഗം: 

ശങ്കരാഭരണം

താളം: 

ത്രിപുട

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

നാരദൻ

രാവണ കേള്‍ക്ക നീ സാമ്പ്രതം ലോക-

രാവണ ! മാമകഭാഷിതം.

ഭാവമറിഞ്ഞോരോ ഭേദങ്ങളെന്തിനു

കേവലമുള്ളതുതന്നെ ഞാന്‍ ചൊല്ലുവന്‍

ദേവകുലാധിപ ബന്ധനകര്‍മ്മം

താവകനന്ദനന്‍ ചെയ്തതും

ആവതില്ലാഞ്ഞമരന്മാരതുകണ്ടു

ധാവതിചെയ്തതുമാരറിയാതുള്ളു?

രാവണൻ എന്നതും കേൾക്കുമ്പോളിന്നു

ദേവകളൊക്കെ വിറയ്ക്കുന്നു

കേവലമത്രയുമല്ല പരമിഹ

ജീവജാലങ്ങളശേഷം നടുങ്ങുന്നു.

ആരുമില്ല തവ തുല്യനായൊരു പൂരുഷനെന്നു ധരിച്ചാലും

വീരൻ മഹാരണശൂരൻ ഭവാനതി-

ധീരനുദാരൻ ഗഭീരൻ മഹാരഥൻ

ഓര്‍ത്താലതിലഘുവെങ്കിലുമൊരു

വാര്‍ത്തയുണ്ടിപ്പോളുണര്‍ത്തുവാന്‍

മത്തനാം ബാലിക്കുമാത്രം ഭവാനോടു

മത്സരമുണ്ടതു നിസ്സാരമെത്രയും.

കല്യനാകുമവന്‍ ചൊല്ലീടും മൊഴികള്‍

ചൊല്ലുവാനും ഭയമുണ്ടു മേ.

പുല്ലും ദശാസ്യനും തുല്യമെനിക്കെന്നു

ചൊല്ലുമവന്‍ തടവില്ല ശിവ ശിവ !

(കാലം ഉയര്‍ത്തി)

സാരമില്ലെങ്കിലുമിത്തരമഹ-

ങ്കാരമുണ്ടാകയാല്‍ സത്വരം

പാരം പ്രസിദ്ധമായ്ത്തീരുന്നതിന്മുമ്പെ

കാര്യമവനോടുശൌര്യം പരീക്ഷണം

അർത്ഥം: 

അല്ലയോ രാവണ! ലോകത്തെ കരയിക്കുന്നവനെ, (ലോകരാവണൻ) എന്റെ വാക്ക് കേട്ടാലും. മനോഭാവമറിഞ്ഞ് ഓരോന്ന് മാറ്റിപ്പറയുന്നതെന്തിന്? നിശ്ചയമായും സത്യം തന്നെ ഞാൻ പറയാം. അങ്ങയുടെ പുത്രൻ ഇന്ദ്രനെ പിടിച്ചുകെട്ടിയതും എതിർക്കാൻ കഴിവില്ലാത്തതിനാൽ ദേവന്മാർ അതുകണ്ട് പേടിച്ച് ഓടിപ്പോയതും അറിയാത്തവരായി ലോകത്ത് ആരുണ്ട്? ഇപ്പോൾ രാവണൻ എന്നു കേൾക്കുമ്പോൾ ദേവകൾ എല്ലാവരും വിറയ്ക്കുന്നു. മാത്രമല്ല ജീവജാലങ്ങൾ എല്ലാം നടുങ്ങുന്നു. ആലോചിച്ചാൽ എത്രയോ നിസ്സാരമാണ് എന്നിരിക്കിലും ഒരു വർത്തമാനം ഇപ്പോൾ ധരിപ്പിക്കുവാനുണ്ട്. അഹങ്കാരിയായ, കുരങ്ങനായ, ബാലിക്കുമാത്രം അങ്ങയോട് മാത്സര്യമുണ്ട്. അത് എത്രയോ നിസ്സാരം. ബലവാനായ അവൻ പറയുന്നവാക്ക് അങ്ങയോട് പറയുവാൻ എനിക്ക് പേടിയുണ്ട്. ഒരു കൂസലുമില്ലാതെ പുല്ലും രാവണനും എനിക്ക് തുല്യമാണെന്ന് അവൻ പറയുന്നു. ശിവ ! ശിവ! നിസ്സാരനായ കുരങ്ങനെങ്കിലും ഇത്ര അഹങ്കാരമുള്ളതുകൊണ്ട് അവൻ പറയുന്നത് പരസ്യമാകുന്നതിനുമുന്നേ ഉടനടി അവനുമായി ശൗര്യം പരീക്ഷിക്കണം. 

അരങ്ങുസവിശേഷതകൾ: 

“സാരമില്ലെങ്കിലുമിത്തരമഹ-…..“ കാലം കയറ്റി വേണം പാടുക