നാരദ മഹാമുനേ, സുമതേ!

രാഗം: 

ആഹരി

താളം: 

അടന്ത

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

രാവണന്‍

ആയാന്തമേവമരവിന്ദഭവസ്യപുത്രം

ആലോക്യതാപസവരം സ തു രാക്ഷസേന്ദ്ര:

ആനീയചാവിരഭിപൂജ്യ സുഖാസനസ്ഥം

ആധായ സാധുരചിതാഞ്ജലിരേവമൂചേ

നാരദ മഹാമുനേ, സുമതേ!

പാരാതെ തവ പാദവാരിജയുഗം വന്ദേ

കുത്രനിന്നഹോ ഭവാന്‍ അത്ര വന്നതു ചൊല്‍ക

വൃത്താരിചരിത്രങ്ങള്‍ ശ്രോത്രഗോചരങ്ങളോ ?

എത്രയും ശക്തന്‍ മമ പുത്രനിന്നഹോ യുദ്ധേ

സുത്രാമാവിനെ ബന്ധിച്ചത്ര കൊണ്ടന്നു സത്യം

ലങ്കയില്‍ ഇഹ വന്നു പങ്കജോത്ഭവന്‍ തന്നെ

സങ്കടം പറകയാല്‍ ശൃംഘല മോചിച്ചു ഞാന്‍

ആരാനുമിനി മമ വൈരികളായി ലോകേ

പോരിനു വന്നീടുവാന്‍ വീര്യമുള്ളവരുണ്ടോ ?

ഈരേഴുലോകങ്ങളില്‍ സ്വൈരസഞ്ചാരിയല്ലോ

വാരിജോത്ഭവപുത്ര, നേരോടു പറഞ്ഞാലും

അർത്ഥം: 

ശ്ലോകം:- ഇങ്ങനെ തന്നെ സ്തുതിച്ചുകൊണ്ട് വരുന്ന ബ്രഹ്മപുത്രനായ മഹർഷിശ്രേഷ്ഠനെ കണ്ട് ആ രാക്ഷസചക്രവർത്തി എതിരേറ്റു കൂട്ടിക്കൊണ്ട് വന്ന് പൂജിച്ച് സുഖമായ പീഠത്തിലിരുത്തി കൈകൂപ്പിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.

പദം:- നാരദമഹർഷേ, നല്ല മനസ്സോടുകൂടിയവനേ, ഉടനെ ഞാൻ അങ്ങയുടെ കാൽത്താമരയിണ വന്ദിക്കുന്നു. എവിടെ നിന്നാണ് അങ്ങ് ഇങ്ങോട്ട് വന്നതെന്ന് പറയുക. ദേവേന്ദ്രന്റെ കഥകളെല്ലാം കേട്ടില്ലേ? അഹോ! അതിബലവാനയാ എന്റെ മകൻ ഈയിടെ യുദ്ധത്തിൽ ഇന്ദ്രനെ പിടിച്ചുകെട്ടി ലങ്കയിൽ ഇവിടെ കൊണ്ട് വന്നു. ബ്രഹ്മാവുതന്നെ ഇവിടെ ലങ്കയിൽ വന്ന് സങ്കടം പറഞ്ഞതിനാൽ ഞാൻ  ചങ്ങല അഴിച്ചുവിട്ടയച്ചു. ഇനി എന്നോട് യുദ്ധം ചെയ്യുവാൻ ചങ്കൂറ്റമുള്ള ശത്രുക്കളാരെങ്കിലും ലോകത്തിലുണ്ടോ? അങ്ങ് പതിനാലുലോകങ്ങളിലും ഇഷ്ടം പോലെ സഞ്ചരിക്കുന്ന ആളാണല്ലൊ! ബ്രഹ്മപുത്രാ! യഥാർത്ഥം പറയുക.

അരങ്ങുസവിശേഷതകൾ: 

ആലോക്യ എന്നതിനൊപ്പമാണ് പരസ്പരം കാണുന്നത്. പൊട്ടിച്ചിരിച്ച് ദേഹം ഉലച്ചുകൊണ്ട് രാവണൻ: ഹ! ഹ! അസ്സലായി! വന്നത് ഏറ്റവും സന്തോഷമായി.

നാരദൻ: ഒന്നു കാണുവാൻ തോന്നി

രാവണൻ: ആ, ശരി (എഴുന്നേറ്റ്) ഇതാ ഇങ്ങോട്ടിരിക്കാം എന്ന് മാന്യ്സസ്ഥാനത്തേക്ക് (വലതുവശം) ക്ഷണിക്കുന്നു.

നാരദൻ:ഏയ് വേണ്ട വേണ്ട ഇവിടെ ഇടതുവശത്ത് തന്നെ മതി

രാവണൻ:അല്ല, അല്ല ഇങ്ങോട്ടിരിക്കൂ.

നാരദൻ വലത്തോട്ട് മാറി പീഠത്തിലിരിക്കുന്നു. രാവണൻ ഇടതുവശത്തേയ്ക്ക് മാറി കിടതികധീം താം (16)വാൾ ഇളക്കിത്താഴ്ത്തികൊണ്ട് വലം-ഇടം കാലുകൾ പിന്നിലേക്ക് മാറി നാരദനെ നോക്കിനീട്ടിവലിച്ച് തൊഴുത് മേളാവസാനത്തോടൊപ്പം വലതുവശത്തേയ്ക്ക് വെച്ചു ചവിട്ട് വീരഭാവത്തിൽ ഓച്ഛാനിച്ച് നിന്ന് പദം.