രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചിത്രമഹോ! നമുക്കൊരു ശത്രുവുണ്ടായതും
ചിത്തമതിലോര്‍ക്കുന്നേരം സത്രപനാകുന്നു.
മത്തദിഗ്ഗജങ്ങളുടെ മസ്തകം പിളര്‍ക്കും
മല്‍ക്കരബലം തടുപ്പാന്‍ മര്‍ക്കടനാളാമോ?
വാനവരെ ജയിച്ചോരു മാനിയാകുമെന്നെ
വാനരൻ ജയിക്കയെന്നു വന്നീടുമോ പാർത്താൽ?
എങ്കിലുമവനുടയഹങ്കാരങ്ങളെല്ലാം
ലങ്കാനാഥനമർത്തുവൻ ശങ്കയില്ല കാൺക;
(അല്പം കാലം ഉയര്‍ത്തി)
എന്തിനു താമസിക്കുന്നു ഹന്ത പോക നാം
ബന്ധിച്ചിങ്ങു കൊണ്ടന്നീടാം അന്ധനാമവനെ.
കാലമെല്ലാമിഹ കേതുമൂലേ കിടക്കേണം
ബാലകന്മാർക്കിഹ നല്ല ലീലാപാത്രമായ്
അർത്ഥം:
അഹോ! അത്ഭുതം! നമുക്കൊരു ശത്രുവുണ്ടായതോർക്കുമ്പോൾ ലജ്ജ തോന്നുന്നു. മത്തരായ ദിഗ്ഗജങ്ങളുടെ മസ്തകം പിളർക്കുന്ന എന്റെ കയ്യൂക്ക് തടുക്കുവാൻ ഒരു കുരങ്ങനു പറ്റുമൊ? ദേവന്മാരെ ജയിച്ച അഭിമാനിയായ എന്നെ ഒരു കുരങ്ങൻ ജയിക്കുക എന്ന് വരുമോ? എങ്കിലും അവന്റെ അഹങ്കാരത്തെ ഈ ലങ്കാനാഥൻ ഇല്ലാതാക്കും. സംശയമില്ല, കണ്ടുകൊൾക. താമസിക്കണ്ട. വേഗം പോകാം. അവിവേകിയായ അവനെ ബന്ധിച്ച് ഇങ്ങോട്ട് കൊണ്ട് വരാം. കുട്ടികൾക്ക് കളിക്കാനാവുമല്ലൊ.
അരങ്ങുസവിശേഷതകൾ:
ചിത്രമഹോ ചൊല്ലിവട്ടം തട്ടി (പരിഹാസത്തോടെ) വിശേഷം! നാരദന്റെ കലാശം കഴിയുന്നതോടൊപ്പം ഇരുകൈകളും തുടയിലടിച്ച് “വിശേഷ“ മുദ്രപിടിച്ച് മൂന്നുനാലുതവണ ദേഹം ഉലഞ്ഞു വലത്തോട്ടു വെച്ചു ചവിട്ടുന്നതോടെ മുദ്ര വിടുന്നു. പിന്നെ അവിടെ തന്നെ നിന്ന് വലം ഇടം കൈകളാൽ മാറി മാറി ഓരോതവണൗലഞ്ഞെടുത്തു വിടുന്നു. പിന്നെ നാലുതവണ മേലോട്ടുയർത്തുകമാത്രം ചെയ്ത് വിട്ടശേഷം കൈകൾ മുട്ടുമുതൽ മുന്നോക്കം മലർത്തി ഇളക്കിക്കൊണ്ടും നാരദന്റെ മുഖത്തുനോക്കിക്കൊണ്ടും കലാശത്തിന്റെ ഒറ്റക്കാൽ ചവിട്ടി മുന്നോട്ട് നീങ്ങി പരത്തിച്ചവിട്ടുന്നതോടൊപ്പം വിടുന്നു. വട്ടം വെച്ച് കലാശം, വട്ടത്തിൽ കാൽ കുടഞ്ഞ്. പിന്നീട് ബാക്കി പദം ആടുന്നു.