Knowledge Base
ആട്ടക്കഥകൾ

അംബുജനിഭങ്ങളാം നിന്മുഖങ്ങളിലേറ്റം

രാഗം: 

എരിക്കലകാമോദരി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

മണ്ഡോദരി

അംബുജനിഭങ്ങളാം നിന്മുഖങ്ങളിലേറ്റം

നന്മയേതിനെന്നുള്ളില്‍ സമ്മോഹം വരികയാല്‍

ബിംബസന്നിഭാധരചുംബനത്തിനു കാല

വിളംബം വന്നീടുന്നു വാമ്യമല്ലേതും

അർത്ഥം: 

താമരപ്പൂവിനൊത്ത അങ്ങയുറ്റെ മുഖങ്ങളിൽ ഏറ്റവും സന്ദര്യം ഏതിനെന്നറിയായ്കയാലാണ് തൊണ്ടിപ്പഴത്തിനു തുല്യമായ അധരത്തെ ചുംബിക്കുവാൻ കാലതാമസം വരുന്നത്. ഒട്ടും വിപരീതഭാവം കൊണ്ടല്ലാ.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

രാവണന്‍:‘അല്ലയോ പ്രിയേ, ഉര്‍വ്വശി മുതലായ ദേവതരുണികള്‍ അഹങ്കാരം വിട്ട് നമിക്കുന്നത് എന്നോടുള്ള ഭയം കാരണമല്ല. ഭവതിയുടെ സൌന്ദര്യം കണ്ട് ലജ്ജിച്ചിട്ടാണ്. പ്രിയേ, നിന്റെ മുഖചന്ദ്രനില്‍ നിന്നും പൊഴിയുന്ന അധരമാകുന്ന അമൃതിനെ ഞാന്‍ പാനം ചെയ്യട്ടെയോ?’ എന്നിങ്ങനെ പറഞ്ഞ് പ്രിയയെ ആലിംഗനം ചെയ്ത് സുഖമായിരിക്കുന്നു.

രാവണന്‍ മണ്ഡോദരിയെ ആലിംഗനം ചെയ്ത്, സുഖദൃഷ്ടിയോടെ നില്‍ക്കുന്നു. പെട്ടന്ന് മുന്നിലായി ആകാശത്തില്‍ ഒരു തേജസ്സ് കണ്ട് ആശ്ചര്യപ്പെടുന്നു.

രാവണന്‍: (ദൃഷ്ടി ആകാശത്തില്‍ തന്നെ ഉറപ്പിച്ചുകൊണ്ട് മണ്ഡോദരിയെ വിട്ട് മെല്ലെ പിന്നിലേയ്ക്ക് മാറിയിട്ട്, ആത്മഗതമായി) ‘ആകാശത്തില്‍ ഒരു ശോഭ കാണുന്നതെന്താണ്? സൂര്യോദയം അല്ല. കാരണം ആദിത്യന്റെ ഗതി കിഴക്കുപടിഞ്ഞാറാകുന്നു. അഗ്നി ആയിരിക്കുമോ?’ (അലോചിച്ചിട്ട്) ‘അതുമല്ല. കാരണം അഗ്നി ഊര്‍ദ്ധ്വജ്വലനെന്ന്(=മുകളിലേക്ക് ജ്വലിച്ച് ഉയരുന്നത്) പ്രസിദ്ധമാണല്ലോ. ഈ കാണുന്ന ശോഭ സര്‍വ്വത്ര പരന്ന് കീഴ്പ്പോട്ടാണ് പതിക്കുന്നത്. പിന്നെ എന്താണിത്?’ (വീണ്ടും ശ്രദ്ധിച്ചിട്ട്) ‘ശോഭയുടെ നടുവില്‍ കരചരണാദി അംഗങ്ങളോടുകൂടിയ ഒരു ശരീരം കാണുന്നു. ഓ, പുരുഷനാണ്. ശിരസ്സില്‍ ജടയും മേലാസകലം ഭസ്മകുറിയും ധരിച്ചിട്ടുണ്ട്. കയ്യില്‍ വീണയും ധരിച്ചിട്ടുണ്ട്. ആരായിരിക്കും?’ (വീണ്ടും സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്) ‘ഓ, മനസ്സിലായി. നാരദമഹര്‍ഷി തന്നെ. എന്റെ സമീപത്തേയ്ക്ക് വരികയാണ്. ആകട്ടെ, ഇനി ലോകവര്‍ത്തമാനങ്ങളെല്ലാം അറിയുകതന്നെ’ (മണ്ഡോദരിയോടായി) ‘അല്ലെ പ്രിയേ, ഭവതി അന്ത:പുരത്തില്‍ ചെന്ന് സന്തോഷത്തോടുകൂടി വസിച്ചാലും’ രാവണന്‍ മണ്ഡോദരിയെ ആലിംഗനം ചെയ്തുകൊണ്ടും വരുന്ന നാരദനെ വീക്ഷിച്ചുകൊണ്ടും പിന്തിരിഞ്ഞ് നിഷ്ക്രമിക്കുന്നു.

അനുബന്ധ വിവരം: 

നാരദന്റെ വരവിനു പ്രത്യേക ആട്ടമുണ്ട്. 

ഗതം തിരശ്ചീനമനൂരുസാരഥേഃ

പ്രസിദ്ധമൂർധ്വജ്വലനം ഹവിർഭുജഃ

പതത്യധോധാമവിസാരിസർവതഃ

കിമേതമിത്യാകുലമീക്ഷിതം ജനൈഃ

വചസ്ത്വിഷാമിത്യവധാരിതം പുരാ

തതഃ ശരീരീതി വിഭാവിതാകൃതിം

വിഭുർവിഭക്താവയവം പുമാനിതി

ക്രമാദമും നാരദ ഇത്യബോധി സഃ

എന്ന “മാഘം“ ശ്ലോകങ്ങളെ ആധാരമാക്കിക്കൊണ്ടാണ് രാവണന്റെ നാരദാഗമന വർണ്ണന. 

മനോധർമ്മ ആട്ടങ്ങൾ: 

ബാലിവിജയം നാരദന്റെ വരവ്