ദേവരാജ മഹാപ്രഭോ

രാഗം: 

സൌരാഷ്ട്രം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

നാരദൻ

കാളീശിഷ്യവരം നിശാചരകൃതസ്വാളീകസഞ്ചിന്തനാദ്-

വ്രീളാനമ്രമുഖം സമേത്യ തരസാ ഡോളായമനാശയം

കേളീസുദിതവൃത്രമുഖ്യദിതിഭൂപാളിം മുനിര്‍ന്നാരദോ

നാളീകാസനജഃ കദാപി ച സുപര്‍വ്വാളിന്ദ്രമൂചേ രഹഃ

ദേവരാജ മഹാപ്രഭോ പാവനവിപുലകീര്‍ത്തേ!

ഭാവഭേദമേതും വേണ്ടാ സാവധാനം കുരു ചിത്തം

ഏവമാദിയാപത്തുകള്‍ ജീവജാലങ്ങളിലോര്‍ത്താല്‍

ദേവകള്‍ക്കുമില്ലഭേദം ഏവനുമുണ്ടാകുമല്ലോ !

ദേവവൈർവൃകൻ തന്നെ കേവലം പേടിച്ചു മുന്നം

ദേവനീശൻ പലകാലം ധാവനത്തെ ചെയ്തീലയോ?

സമ്മതമെല്ലാവര്‍ക്കും നിങ്ങള്‍ തമ്മിലുള്ള ശക്തിഭേദം

ബ്രഹ്മവരബലംതന്നെ ജിഹ്മനവന്‍ (ജിഹ്മൻ=വക്രബുദ്ധി,വഞ്ചകൻ) ജയിച്ചതും.

എങ്കിലുമിന്നവനുടെ ഹുംകൃതികള്‍ തീര്‍ത്തീടുവാന്‍

എങ്കലൊരുപായമിപ്പോള്‍ അങ്കുരിക്കുന്നുണ്ടുകേള്‍ക്ക !

ശക്തനാകുന്നൊരുതവ പുത്രനായ ബാലിയോടു

യുദ്ധസംഗതിയുണ്ടാക്കാം സിദ്ധിച്ചിടും കാര്യമപ്പോള്‍, 

വാനരത്തോടെതിര്‍ക്കുമ്പോള്‍ മാനഹാനിയവനുണ്ടാം

നൂനമതിനുണ്ടുശാപം ഞാനറിഞ്ഞിരിക്കുന്നല്ലോ.

അർത്ഥം: 

കാളീശിഷ്യവരം:- ദേവീഭക്തന്മാരിൽ ഒന്നാമനും മേഘനാദൻ അപമാനിച്ചതോർത്ത് നാണിച്ച് തലതാഴ്ത്തി ഇരിക്കുന്നവനും ഊഞ്ഞാലുപോലെ ആടുന്ന ഹൃദയത്തോടുകൂടിയവനും തമാശ എന്നവണ്ണം (നിഷ്പ്രയാസം) വൃത്രൻ മുതലായ അസുരന്മാരെ കൊന്നൊടുക്കിയവനും ആയ ദേവേന്ദ്രന്റെ സമീപത്തുവന്ന് ഒരിക്കൽ ബ്രഹ്മപുത്രനായ നാരദൻ രഹസ്യമായി പറഞ്ഞു.

(ഇന്ദ്രനെ കാളീശിഷ്യനാക്കിയതിൽ യാതൊരു ഉപപത്തിയും കാണുന്നില്ലെന്ന് ശ്രീ.കെ.പി.എസ് മേനോൻ തന്റെ കഥകളിയാട്ടപ്രകാരം എന്ന പുസ്തകത്തിൽ പറയുന്നു.)

പദം:-  ഭാവമാറ്റങ്ങളേതും വേണ്ടാ. സമാധാനിച്ച് ഇരുന്നാലും. മനസ്സ് ഇങ്ങനെയുള്ള ആപത്തുകൾ ജീവജാലങ്ങളിൽ ആലോചിച്ചാൽ എല്ലാവർക്കുമുണ്ടാകുമല്ലൊ. ദേവന്മാർക്കും വ്യത്യാസമില്ല.. എന്നാലും അവന്റെ അഹങ്കാരം നശിപ്പിക്കാൻ എനിക്കൊരു സൂത്രം തോന്നുന്നുണ്ട്. കേട്ടാലും. ശക്തനായ അങ്ങയുടെ പുത്രൻ ബാലിയോട് യുദ്ധകാരണ ഉണ്ടാക്കാം.എന്നാൽ കാര്യം സിദ്ധിച്ചീടും. കുരങ്ങനോട് എതിരിടുമ്പോൾ രാവണനു അവമാനം ഉണ്ട്. അതിനു ശാപം ഉണ്ട് എന്ന് ഞാൻ അറിഞ്ഞിരിക്കുന്നു.

അരങ്ങുസവിശേഷതകൾ: 

കിടതകധീം താം (32)

ഇന്ദ്രൻ വലത്തുവശത്ത് അപമാനഭാരത്താൽ തലതാഴ്ത്തി ഇരിക്കുന്നു. നാരദൻ ഇടതുവശത്തുകൂടി വലം കൈ മാറിനുനേരെ കമഴ്ത്തിപ്പിടിച്ച് കാൽ കൂട്ടി നിന്നുകൊണ്ട് പ്രവേശിക്കുന്നു. “അപമാനം കൊണ്ട് പരവശനായ ഇന്ദ്രനെ കണ്ട് സമാധാനിപ്പിക്കുക തന്നെ” എന്ന് കാണിച്ച് മുന്നിലേക്ക് രണ്ടുകാൽ തൂക്കിവെച്ച് മേളാവസാനത്തോടേ പരസ്പരം കാണുന്നു.

കിടതകധീം താം (16)

ദുഃഖിതനെങ്കിലും ഇന്ദ്രൻ മഹർഷിയെ ആദരപൂർവം എഴുന്നേറ്റ് വന്ദിച്ച് വലതുവശത്തേക്ക് (മാന്യസ്ഥാനത്തേക്ക്) മാറ്റിയിരുത്തി കുമ്പിട്ട് തൊഴുതുമാറി ഇടതുവശത്ത് കുണ്ഠിതത്തോടെ നിൽക്കുന്നു.

എഴുന്നേറ്റ് മുന്നിൽ ഇടതുകോണിലേക്ക് വട്ടം വെച്ച് “ദേവ” മുദ്രയോടേ ചവിട്ടി മാറുന്നു. ശേഷം പദം. ചരണത്തിനുശേഷം ധിത്തത്ത കലാശം.