കേൾപ്പനിഹ നിങ്ങളധുനാ മമ മൊഴികൾ

രാഗം: 

സാരംഗം

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

ബാലി

തല്‍ക്കാലേ ചക്രവര്‍ത്തീ കപിതതിഷു ചതു: സിന്ധുസന്ധ്യാവിധായീ

വിക്രീഡന്‍ കന്ദുകാദ്യൈരിവ ധരണിധരൈ: സപ്തസാലപ്രഹാരീ

കിഷ്കിന്ധായാം സ ബാലീ സസുഖമധിവസന്‍ വിക്രമീ ശക്രസൂനുഃ
സുഗ്രീവാദ്യാന്‍ കപീന്ദ്രാനവദദഭിനവാംഭോദഗംഭീര വാചാ

കേൾപ്പനിഹ നിങ്ങളധുനാ മമ മൊഴികൾ

ഓർപ്പിനകതാരിലുടനെ

അല്പമിതു കാലമിവനുൾപ്പൂവിലുണ്ടൊരു വി-

കല്പമതു തീർത്തീടുക കെല്പോടു നിങ്ങളും.

നാരദനിഹോപഗതവാൻ ഗൂഢമൊരു കാര്യമുരചെയ്തു ഗതവാൻ

വീരാഭിമാനിയാം ഭീരു ദശമുഖനെ മുനി

പോരിനിഹ കൊണ്ടുവരുമാരുമറിയാതെ.

മൂഢമതിയാകുമവനും മുനിയുടയ ചാടുമൊഴി കേൾക്കുമളവിൽ

പ്രൗഢബലനായ മമ പാടവമതോർക്കാതെ

രൂഢമദനായി വിരവോടു വരുമല്ലോ!

മോടി മമ കാൺകിലുടനെ പേടിയൊടുമോടുമവനിന്നു നിയതം

കൂടയോധിപ്രവരകീടനവനെന്റെയൊരു

താഡനമതേൽപ്പതിനു കൂടെ മതിയാകുമോ?

പോരിലതിദുഷ്ടനവനേ യമനുടയ പൂരുഷനു നൽകിടുകയോ

ശൗര്യകരവീര്യബലസാരം കളഞ്ഞുടനെ

കാരാഗൃഹാർപ്പണം പോരുമോ? ചൊല്ലുവിൻ!

അർത്ഥം: 

ശ്ലോകം:- അക്കാലത്ത് വാനരചക്രവർത്തിയും പതിവായി നാലുസമുദ്രങ്ങളിലും സന്ധ്യാവന്ദനം നടത്തുന്നവും പർവ്വതങ്ങളെക്കൊണ്ട് പന്താടുന്നവും സപ്തസാലങ്ങളെ പ്രഹരിക്കുന്ന (കൈത്തരിപ്പ് തീർക്കുവാൻ)വനും ഇന്ദ്രപുത്രനും പരാക്രമശാലിയും ആയ ബാലി കിഷ്കിന്ധയിൽ സുഖമായി വാണുകൊണ്ടിരിക്കെ സുഗ്രീവൻ മുതലായ വാനരശ്രേഷ്ഠരോട് പുതുകാർമ്മേഘത്തിന്റെ നാദത്തിനൊത്ത ഗാംഭീര്യത്തോടേ ഇപ്രകാരം പറഞ്ഞു.

പദം:-  നിങ്ങൾ ഇപ്പോൾ എന്റെ വാക്കുകൾ കേൾക്കുവിൻ, ഉടനെ ആലോചിക്കുവിൻ. എനിക്കിപ്പോൾ ചെറിയൊരു സംശയമുള്ളത് നിങ്ങൾ തീർത്തു തരണം. നാരദൻ ഇവിടെ വന്ന് രഹസ്യമായി ഒരു കാര്യം പറഞ്ഞ് പോയിരിക്കുന്നു. വീരനെന്നഭിമാനിക്കുന്നവനും എന്നാൽ ഭീരുവുമായ രാവണനെ ആരുമറിയാതെ യുദ്ധത്തിനായി മഹർഷി ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരും. വങ്കനായ അവൻ മഹർഷിയുടെ പ്രശംസ കേൾക്കുമ്പോൾ കരുത്തനായ എന്റെ ശക്തിയെക്കുറിച്ച് ഓർക്കാതെ ഈടുറ്റ അഹങ്കാരത്തോടെ ഉടനെ വരും. ദുഷ്ടനായ അവനെ യുദ്ധത്തിൽ നിഗ്രഹിക്കണമോ അഥവാ കയ്യൂക്ക് നശിപ്പിച്ച് കാരാഗൃഹത്തിൽ അടക്കണമോ? പറയുവിൻ.

അരങ്ങുസവിശേഷതകൾ: 

ഈ പദവും ഇതിന്റെ മറുപടി പദങ്ങളും ഒന്നും പതിവില്ല. ഈ ശ്ലോകം ചൊല്ലി അടുത്ത രംഗത്തിലേക്ക് സംക്രമിയ്ക്കുകയാണ് നിലവിലെ അവതരണരീതി.