കണ്ടാലും രാക്ഷസമൌലേ

രാഗം: 

മോഹനം

താളം: 

അടന്ത

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

നാരദൻ

തപ്തസ്വര്‍ണ്ണസുവര്‍ണ്ണസന്നിഭനിഭം നാനാ വിഭൂഷാഞ്ചിതം

രക്തശ്മശ്രുവിലോചനം ശശികലാമാലാഭദംഷ്ട്രാന്വിതം

ദൃഷ്ട്വാധോഭുവി തര്‍പ്പയന്തമുദകേനാംഭോധിതീരേ തദാ

നിര്‍ദ്ദിശ്യാംഗുലിനാ ദശാനനമിതി പ്രോചേ മുനിര്‍ന്നാരദഃ

കണ്ടാലും രാക്ഷസമൌലേ

ദശകണ്ഠ ഇവനല്ലോ ബാലി.

നീണ്ടുതടിച്ചൊരു വാലും കരാംഘ്രികള്‍

രണ്ടും മുഖാദിയും കണ്ടാല്‍ ഭയമുണ്ടാം

കണ്ടതേതുമില്ലസാരമിപ്പോള്‍

മണ്ടുമല്ലോ നമ്മെക്കണ്ടാല്‍

ഉണ്ടൊരുപായവും പിമ്പെചെന്നു കരം-

കൊണ്ടു പിടിക്കുമ്പോളിണ്ടലകപ്പെടും

നിശ്ചലനായിട്ടു ചെന്നു മന്ദം

പുഛമങ്ങു പിടിച്ചാലും

വിച്യുതസാമര്‍ത്ഥ്യനാകുമതുനേരം

നിശ്ചയമിങ്ങിനെ ജാതിസ്വഭാവം.

(അല്പം കാലമുയര്‍ത്തി)

എന്തിനു താമസിക്കുന്നു വൃഥാ

പംക്തികണ്ഠാ ഭയം വേണ്ടാ

അന്തികം തന്നിലടുത്തങ്ങു ചെല്ലുക

ബന്ധനത്തിനിപ്പോള്‍ നല്ലൊരവസരം

അർത്ഥം: 

ശ്ലോകം:- കാച്ചിപ്പഴുത്ത സ്വർണ്ണത്തിന്റെ നിറത്തോടു കൂടിയവനും പലവിധ ആഭരണങ്ങൾ അണിഞ്ഞവനും തുടുത്ത മുഖരോമത്തോടും കണ്ണുകളോടും കൂടിയവനും ചന്ദ്രക്കലപോലുള്ള ദംഷ്ട്രങളോട് കൂടിയവനും താഴെ സമുദ്രതീരത്ത് ജലതർപ്പണം ചെയ്തുകൊണ്ടിരിക്കുന്നവനും ആയ ബാലിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നാരദമഹർഷി രാവണനോട് ഇപ്രകാരം പറഞ്ഞു.