മാനിനീമൗലിമാലികേ

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

രാവണന്‍

ശ്ലോകം:
തദനു നിശിചരാ വിദ്രവിച്ചു പുരത്തിൽ
ത്വരയൊടു ദശകണ്ഠം പ്രാപ്യ ചൊന്നാരവസ്ഥാം
സുതവധമതു കേട്ടിട്ടപ്പൊഴേ വീണു ഭൂമൗ
മതിയതിലതിതാപാൽ കാന്തയാം താം ജഗാദ.

പദം:
മാനിനീമൗലിമാലികേ, മാനമേറും രാമചന്ദ്രൻ
കൗണപരെയെല്ലാം കൊന്നു, നൂനമെന്നെക്കൊല്ലുമവൻ
അനുജയാം ശൂർപ്പണഖ ഹീനനാസയായി മുന്നം
അനുജരാം ഖരാദിയെ മാനേവേന്ദ്രൻ കൊന്നു പിന്നെ
ലീലയാ കബന്ധനേയും കാലനു നല്കിയുടനെ
ബാലിയേയും കൊന്നു രാമൻ ബാലനെങ്കിലും മഹാത്മാ
സുഗ്രീവന്നു നല്കി രാജ്യം സുഗ്രീവവാക്കിനാൽ വന്നു
വിക്രമീ മർക്കടനെന്റെ പുത്രനേയും കൊന്നുവല്ലോ
പിന്നെയവർ സേതുകെട്ടി ധന്യയാം പുരിയിൽ വന്നു
മാന്യനാകും രാമചന്ദ്രൻ കൊന്നു രാക്ഷസവീരരെ
വൻപനാം പ്രഹസ്തനേയും കുംഭകർണ്ണനേയും കൊന്നു
വൻപനതികായനേയും ജംഭവൈരിതുല്യൻ കൊന്നു
വീരനാം ഇന്ദ്രജിത്തേയും ധീരൻ ലക്ഷ്മണൻ കൊന്നിന്നു
ശൂരനെന്നേയും കൊന്നിടും ശ്രീരാമൻ നാളയിൽത്തന്നെ
വംശവും നഷ്ടമായല്ലോ സംശയസ്ഥം ജീവിതവും
ശങ്കരഹൃദന്തേ കാന്തേ, കിം കരണീയം മയായേ.

അർത്ഥം: 

അനന്തരം നിശാചരസേന പിൻവാങ്ങി പെട്ടെന്ന് ലങ്കാപുരിയിൽ കടന്ന് രാവണന്റെ അടുത്ത് ചെന്ന് ഉണ്ടായ അവസ്ഥകളൊക്കെ അറിയിച്ചു. പുത്രന്റെ മരണവാർത്തയറിഞ്ഞ് രാവണൻ മോഹിച്ച് ഭൂമിയിൽ വീഴുകയും പിന്നെയുണർന്ന് വളരെ ദുഃഖത്തോടെ ഭാര്യയായ മണ്ഡോദരിയോടു പറയുകയും ചെയ്തു.