കല്യാണാലയേ! ദേവീ!

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

സീത

ഹനൂമാൻ

ശ്ലോകം 
രഘുവരനിതു ചൊല്ലുന്നപ്പൊഴേ ലക്ഷ്മണൻതാൻ
വിരവിനൊടഭിഷേകംചെയ്ത തം രാക്ഷസേന്ദ്രം
രഘുവരവചനത്താൽ ജാനകീം പ്രാപ്യ വേഗാൽ
കുതുകമൊടുരചെയ്തു വീരനാകും ഹനുമാൻ.

 ഹനുമാൻ
കല്യാണാലയേ! ദേവീ! നല്ലാരിൽ മണിമൗലേ!
മെല്ലെയെൻ വാക്കു കേൾക്ക നീ.
ചൊല്ലേറും രഘുവീരതല്ലജൻ തവ കാന്തൻ
അല്ലലെന്നിയേ രാവണം കൊന്നു
രണഭൂമിയിൽ നിന്നെക്കാണ്മതിന്നായി
മന്നവൻ മോഹിക്കുന്നു
ഇത്ഥം ഞാനുരച്ചതു ചിത്തേ മാനിച്ചു ദേവി
ചെറ്റുമെന്തരുളിടായ്വാൻ?

സീത
ഗന്ധവാഹനന്ദന! ചിന്തയിലതിമോദാൽ ഹന്തി ഞാനുരചെയ്തില്ലാ

ഹനുമാൻ
കോമളൻ രഘുവീരൻ രാമനോടിനിയെന്തു
കാമിനീമാണേ! ഞാൻ ചൊല്വൻ?

സീത
ദാശരഥിയാകുമെന്നാര്യപുത്രനെ ഇന്നാശു കാണേണമെനിക്കും!
 

അർത്ഥം: 

ശ്രീരാമൻ ഇത് പറഞ്ഞപ്പോൾത്തന്നെ ലക്ഷ്മണൻ വിഭീഷണനെ രാക്ഷസരാജാവായി അഭിഷേകം ചെയ്തു. ശ്രീരാമന്റെ നിർദ്ദേശപ്രകാരം വീരനായ ഹനുമാൻ സീതയെച്ചെന്നു കണ്ട് രാവണവധവൃത്താന്തം അറിയിച്ചു.