Knowledge Base
ആട്ടക്കഥകൾ

സുന്ദര ശൃണു കാന്താ

രാഗം: 

എരിക്കലകാമോദരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ഭാനുമതി

പല്ലവി
സുന്ദര! ശൃണുകാന്താ! മാമക വാചം
നിന്ദിതരതികാന്താ!
അനുപല്ലവി
മന്ദപവനനാകും സ്യന്ദനമതിലേറി
കുന്ദവിശിഖനുമമന്ദമരികിലിതാ
വന്നു കണകൾ ചൊരിയുന്നു മുതിർന്നു.
ചരണം 1
നിർജ്ജനമീവിപിനം നിനക്കധീന-
മിജ്ജനമെന്നു നൂനം
നിർജ്ജിതരിപുബല! നിർജ്ജരവരസമ!
സജ്യശരാസിജഗജ്ജയി മന്മഥ-
നുജ്ജ്വലയതി മമ സജ്ജ്വരമധികം.
ചരണം 2
നല്പരിമളസഹിതം ദരദലിത
പുഷ്പനികരഭരിതം
കല്പതരു ശിഖരം കെല്പൊടു കാണുന്നേരം
സ്വല്പമപി മധു കുടിപ്പതിനിഹ വദ
ഷഡ്‌പദമാല മടിപ്പതുമുണ്ടോ?
ചരണം 3
പരിചിനൊടതിരുചിരം വൈകാതേ തവ
തരിക മധുരമധരം
കുരുകുല നായക! കുരു പരിരംഭണം
സ്മരനുടെ കളികളിലുരുസുഖമൊടു തവ
പരവശതകൾ കാണ്മാൻ കൊതി പെരുകുന്നു.

അർത്ഥം: 

സുന്ദരാ, കാന്താ, കാമദേവനിലും കവിഞ്ഞ സൌന്ദര്യമുള്ളവനേ, എന്റെ വാക്കുകള്‍ കേട്ടാലും‍. മന്ദമാരുതനാകുന്ന തേരിലേറി തയ്യാറെടുത്ത് കാമദേവന്‍ പെട്ടന്ന് അരികില്‍ വന്ന് അസ്ത്രങ്ങള്‍ ചൊരിയുന്നു. ഏകാന്തമാണീ ഉദ്യാനം. തീര്‍ച്ചയായും ഈയുള്ളവള്‍ ഭവാന് അധീനയുമാണ്. ശത്രുസേനയെ ജയിച്ചവനേ, ഇന്ദ്രതുല്യാ, കുലയേറ്റിയ വില്ലോടുകൂടി ലോകജേതാവായ കാമദേവന്‍ എന്റെ ദു:ഖത്തെ വല്ലാതെ ആളികത്തിക്കുന്നു. നല്ല പരിമളത്തോടെ അല്പമാത്രം വിടര്‍ന്ന പൂക്കുലനിറഞ്ഞ കല്പവൃക്ഷശിഖരം കാണുമ്പോള്‍ സ്വല്പമെങ്കിലും തേന്‍ കുടിക്കുവാന്‍ ഷട്പദങ്ങള്‍ മടിക്കാറുണ്ടോ? പറയുക. അതിമനോഹരമായ ഭവാന്റെ മധുരാധരം വൈകാതെ സാദരം തന്നാലും. കുരുകുലനായകാ, ആലിംഗനം ചെയ്താലും. കാമകേളികളില്‍ ഭവാന്റെ വര്‍ദ്ധിച്ച സുഖത്തോടുകൂടിയ പരവശതകള്‍ കാണാന്‍ കൊതിയേറുന്നു.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

ദുര്യോധനന്‍ ഭാനുമതിയെ ആലിംഗനം ചെയ്യുന്നു.

ദുര്യോധനന്‍:‘അല്ലയോ പ്രിയേ, നമുക്ക് ഈ ഉദ്യാനത്തില്‍ അല്പസമയം സഞ്ചരിക്കാം?’ (അനുസരണകേട്ട് ഭാനുമതിയുടെ കൈകള്‍ കോര്‍ത്ത് നടന്നതിനുശേഷം മുന്നില്‍ ഉയരത്തില്‍ കാട്ടിക്കൊണ്ട്) ‘ഇതാ പൂണ്ണചന്ദ്രന്‍ ഉദിച്ചുയരുന്നു. ഇതു കണ്ടാല്‍ കാമദേവന്റെ ആഗമനവേളയില്‍ വെണ്‍ക്കൊറ്റക്കുട പിടിച്ചതാണോ എന്ന് തോന്നും.’ (വീണ്ടും സഞ്ചരിക്കവെ മുന്നില്‍ കണ്ട്) ‘അതാ മയിലുകള്‍ പീലിവിടര്‍ത്തി ആടുന്നു.’

ഭാനുമതി:‘ഇത് കണ്ടാല്‍ കാമദേവന്റെ ആഗമനവേളയില്‍ ആലവട്ടങ്ങള്‍ പിടിച്ചതാണോ എന്നു തോന്നും’

ദുര്യോധനന്‍:‘അതെ, ശരിയാണ്’ (മുന്നേപ്പോലെ നടക്കവെ മുന്നില്‍ മുകളിലായി കണ്ടിട്ട്) ‘അതാ വെളുത്ത പൂങ്കുലകള്‍ ഇളംകാറ്റില്‍ ആടുന്നു. ഇതു കണ്ടാല്‍ കാമന്‍ വരുമ്പോള്‍ വെഞ്ചാമരം വീശുകയാണോ എന്ന് തോന്നും’ (പെട്ടന്ന് മധുരമായ ശബ്ദം കേട്ട് ആഭാഗത്തേയ്ക്ക് നോക്കിയിട്ട്) ‘ഇതാ മുല്ലമൊട്ടിന്മേലിരുന്ന് ഒരു വണ്ട് മധുരമായി മുരളുന്നു^.’

ഭാനുമതി:‘കാമന്റെ എഴുന്നള്ളത്തിന് ശംഖ് മുഴക്കുന്നതുപോലെ തോന്നുന്നു’

ഈ ആട്ടം 

മല്ലികാ മികുളേ ഭാതി മഞ്ജു കൂജയന്‍ മധുവ്രത

പഞ്ചബാണ പ്രയാണായ ശംഖമാപൂരയന്നിവ

എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.

ദുര്യോധനന്‍:‘അതെ,അതെ’ (ചുറ്റും കണ്ണോടിച്ചിട്ട്) ‘നമ്മുടെ ഉദ്യാനം ഇപ്പോള്‍ വസന്തലക്ഷ്മിയുടെ നൃത്തരംഗമായി വന്നിരിക്കുന്നു.’ (ഭാനുമതിയെ ആലിംഗനം ചെയ്ത്, ചുംബിച്ച്, സുഖദൃഷ്ടിയില്‍ കുറച്ചുസമയം നിന്നശേഷം) ‘എന്നാല്‍ ഇനി നമുക്ക് അന്ത:പുരത്തിലേയ്ക്ക് പോവുകയല്ലെ?’

ഭാനുമതി:‘അങ്ങിനെ തന്നെ’

ദുര്യോധനനും ഭാനുമതിയും ആലിംഗനം ചെയ്തുകൊണ്ട് സാവധാനത്തില്‍ പിന്തിരിഞ്ഞ് നിഷ്ക്രമിക്കുന്നു.