രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചിത്തത്തിലമർഷം വളരുന്നിതു
ധിക്‌തവ ദുഷ്ടരിലാർജ്ജവഭാവം
സത്വരമിഹ മത്സ്യേശനെ ശമന-
ഗേഹമതിലാക്കീടുവനിന്നു
ദുർമ്മന്ദനാം കീചകനൊരുനാൾ
ദ്രുപദാത്മജയെ വലിച്ചുമിഴച്ചും
ധർമ്മവിചാരമതെന്നിയെ ചെയ്തൊരു
സാഹസങ്ങൾ കണ്ടു സഭായാം ദുർമ്മതി
മിണ്ടാതിരുന്നതിനും ചൂതു-
കൊണ്ടു ഭവാനെയെറിഞ്ഞതിനും
ധർമ്മജ! ഭൂമലമവിരാടം
സപദി ചെയ്തീടുവനറിക മഹാത്മൻ!
അവമാനങ്ങളുമതിദുഃഖങ്ങളു-
മനുദിനമിങ്ങു വരുത്തി നമുക്കിഹ
അവനിയെ വാഴും ദുര്യോധനനെയു-
മനുജന്മാരെയുമാഹവേ
ജവമൊടു യമപുരി ചേർത്തിടുവൻ
തവ പുനരാർത്തികൾ തീർത്തിടുവൻ
പവമാനാത്മജനഹമതിനായി
പദതളിരിണ തവ തൊഴുതീടുന്നേൻ
അർത്ഥം:
എന്റെ മനസ്സിൽ ദേഷ്യം വർദ്ധിയ്ക്കുന്നു. ദുഷ്ടന്മാരെക്കുറിച്ച് അങ്ങയുടെ മര്യാദ നിന്ദ്യം തന്നെ. വേഗത്തിൽ ഇന്നിവിടെ, വിരാടരാജാവിനെ യമഗൃഹത്തിൽ ആക്കുന്നുണ്ട് ഞാൻ. ദുരഹങ്കാരം കൊണ്ട് കണ്ണുകാണാതായ കീചകൻ, ഒരു ദിവസം പാഞ്ചാലിയെ വലിച്ചും ഇഴച്ചും ധർമ്മചിന്ത കൂടാതെ കാണിച്ച അക്രമങ്ങൾ കണ്ടിട്ടും സഭയിൽ ദുർബുദ്ധിയായ വിരാടൻ മിണ്ടാതിരുന്നതിനും ചൂതുകൊണ്ട് അങ്ങയെ എറിഞ്ഞതിനും പ്രതികാരമായിട്ട് മാഹാത്മാവേ ധർമ്മപുത്ര. ഉടനെ ഭൂമിയെ വിരാടനില്ലാത്തതാക്കി ഞാൻ ചെയ്യും. അങ്ങ് അറിയുക. മാനക്കേടുകളും അതിദുഃഖങ്ങളും ഇവിടെ നമുക്ക് നൾക്കുനാൾ ഉണ്ടാക്കി ഇവിടെ ഭൂമിവ്ഹരിക്കുന്ന ദുര്യോധനേയും അനുജന്മാരേയും യുദ്ധത്തിൽ വേഗത്തിൽ ഞാൻ യമപുരിയിലയയ്ക്കുന്നുണ്ട്. അങ്ങയുടേതാകട്ടെ സങ്കടങ്ങൾ തീർക്കുന്നുമുണ്ട്. വായുപുത്രനായ(=ഭീമസേനനായ) ഞാൻ അതിനായി അങ്ങയുടെ കാൽത്തളിർ രണ്ടും തൊഴുന്നു,