രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
നിശ്ചിത്യേവം സുഹൃത്ഭിസ്സഹ കുരുവൃഷഭസ്സോഥ സപ്താര്‍ണ്ണവാന്തര്‍-
ഗോത്രാപാലോപി ഗോത്രാഹരണകൃതമനാ യാവദാരബ്ധ ഗന്തും
തത്രേദ്‌വൃത്തസ്ത്രിഗര്‍ത്തപ്രഭുരമിതബലൈസാകമഭ്യര്‍ണ്ണമേത്യ
സ്പക്ഷ്ടം വ്യാചഷ്ട ദുര്യോധനകലിതധന പ്രാപ്തശര്‍മ്മാ സുശര്‍മ്മ
പല്ലവി
കൗരവേന്ദ്ര നമോസ്തു തേ! നൃപതേ!
കരവാമ കിം വദ !
കൈരവപ്രിയകുലമണേ ! സുമതേ !
ചരണം 1
വൈരി വാരമതീവ തവ ഭുജ-
ഗൗരവാൽ ഭയമോടു ഗിരി തട-
ഭൈരവാടവിയതിലുമധുനാ
സ്വൈരവാസം ചെയ് വതില്ലിഹ.
അർത്ഥം:
ശ്ലോകം:-ഇപ്രകാരം സുഹൃത്തുക്കളുമായി നിശ്ചയിച്ച് ആ കൌരവശ്രേഷ്ഠന്‍ ഏഴുസമുദ്രങ്ങളാല്‍ ചുറ്റപ്പെട്ട ഭൂമിയെ പാലിക്കുന്നവനെങ്കിലും ഗോക്കളെ ഹരിക്കുന്നതിനായി പോകാന്‍ തുനിഞ്ഞപ്പോള്‍ ദുര്‍വൃത്തനും ത്രിഗര്‍ത്തപ്രഭുവും അധികബലവാനും ദുര്യോധനന്റെ സഹായത്താല്‍ സുഖം പ്രാപിച്ചവനുമായ സുശര്‍മ്മാവ് സൈന്യസമേതനായി വന്നെത്തി ഇങ്ങിനെ സ്പഷ്ടമായി പറഞ്ഞു.
പദം:-കൌരവേന്ദ്രാ, അങ്ങേയ്ക്കു നമസ്തെ. രാജാവേ, ചന്ദ്രവംശശ്രേഷ്ഠാ, സുമനസ്സേ, ഞങ്ങള്‍ എന്തുവേണമെന്ന് പറഞ്ഞാലും. അങ്ങയുടെ ഭുജബലത്തെ ഭയന്ന് ശത്രുക്കള്‍ക്ക് പര്‍വ്വതപാര്‍ശ്വത്തിലെ ഭയങ്കരങ്ങളായ കാടുകളില്‍ പോലും ഇപ്പോള്‍ സ്വൈര്യമായി വസിക്കാനാകുനില്ല.
അരങ്ങുസവിശേഷതകൾ:
ത്രിഗര്‍ത്തന്റെ തന്റേടാട്ടം
തിരനോട്ടശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് തിരതാഴ്ത്തി ത്രിഗര്‍ത്തന്‍ അഹങ്കാരത്തോടെ ഉത്തരീയം വീശുന്നു.
ത്രിഗര്‍ത്തന്‍:(എഴുന്നേറ്റ് സഭയെവന്ദിച്ച് പിന്നിലേയ്ക്കുമാറി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ചിന്തിച്ചിട്ട്) ‘മനസ്സിലായി. എന്നേപ്പോലെ ബലപരാക്രമങ്ങള്‍ ഉണ്ടായിട്ട് ഇന്ന് ലോകത്തില്‍ ആരുണ്ട്? ഏയ്, ആരുമില്ല. മാത്രമല്ല, എന്റെ ആത്മമിത്രമായ ദുര്യോധനന്‍ വളരെ ധനം തന്ന് എന്നെ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഏറ്റവും സുഖം ഭവിച്ചു.’ (വീണ്ടും പീഠത്തിലിരുന്ന് താടിയും മീശയും ഒതുക്കിയശേഷം സന്തുഷ്ടിയോടെ ഉത്തരീയം വീശവെ ദൂരെ കണ്ടിട്ട്) ‘എന്റെ നേരെ വരുന്നതാര്?‘ (സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്) ‘ഓ, ഒരു ദൂതന്‍ തന്നെ’ (എഴുന്നേറ്റ്, സമീപത്തുവന്ന് വണങ്ങുന്ന ദൂതനെ അനുഗ്രഹിച്ച്) ‘ഉം, എന്താണ്?’ (ദൂതന്റെ മറുപടി ശ്രവിക്കുന്നതായി നടിച്ചിട്ട്) ‘എന്ത്? ദുര്യോധനമഹാരാജാവ് ഒരു നീട്ട് തന്നയച്ചിട്ടുണ്ടെന്നോ? എവിടെ? കൊണ്ടുവാ’ (കത്തുവാങ്ങി വായിക്കുന്നതായി നടിച്ചിട്ട്, സന്തോഷത്തോടുകൂടി) ‘ഞാന്‍ ഉടന്‍ തന്നെ സന്യസമേതം എത്തിക്കൊളളാമെന്ന് അറിയിക്കുക’ (ദൂതനെ അനുഗ്രഹിച്ച് അയയ്ക്കുന്നതായി നടിച്ച് തിരിഞ്ഞുവന്ന്) ‘ഇനി വേഗം സൈന്യസമേതം പുറപ്പെടുകതന്നെ’
ത്രിഗര്‍ത്തന്റെ പടപ്പുറപ്പാട്
ത്രിഗര്‍ത്തന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)’ഉവ്വോ?’ (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)’ഉവ്വോ? എന്നാൽ കൊണ്ടുവാ’
ത്രിഗര്‍ത്തന്‍ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം ത്രിഗര്‍ത്തന്‍ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.
(താളം:തൃപുട)
ത്രിഗര്‍ത്തന്‍ ‘പരുന്തുകാൽ’ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.
(താളം:ചെമ്പട)
ത്രിഗര്‍ത്തന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി കൌരവരാജധാനിയിലേയ്ക്ക് തേര്‍ വഴിപോലെ തെളിച്ചാലും’ (വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം പോയി ദുര്യോധനനെ കാണുകതന്നെ’
അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം ത്രിഗര്‍ത്തന്‍ തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് രൂക്ഷഭാവത്തോടെ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
തിരശ്ശീല
വീണ്ടും തിരനീക്കുമ്പോള്‍ വലതുവശത്തായി ദുര്യോധനന്‍ വാള്‍കുത്തിപ്പിടിച്ച് പീഠത്തിലിരിക്കുന്നു. ഇടത്തുഭാഗത്തുകൂടി എടുത്തുകലാശത്തോടുകൂടി പ്രവേശിക്കുന്ന ത്രിഗര്‍ത്തന്‍ ദുര്യോധനനെ കണ്ട് കുമ്പിട്ട് ഓച്ഛാനിച്ച് നിന്നശേഷം പദാഭിനയം ആരംഭിക്കുന്നു.
മനോധർമ്മ ആട്ടങ്ങൾ: