ആര്യ നിൻപദയുഗളം കൈവണങ്ങുന്നേൻ

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

അടന്ത

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

വലലൻ

ധർമ്മജാതവസതിം പ്രണമ്യ തം

ധർമ്മജാതമഥ മാരുതാത്മജഃ

വാസവേശ്മനി ശയാനമാദരാ-

ദ്വാസവേരിതി ജഗാദ പൂർവ്വജഃ

ആര്യ! നിൻപദയുഗളം കൈവണങ്ങുന്നേൻ

സൂര്യനന്ദനനന്ദന!

വീര്യശൗര്യവാരിധേ! വിമലമാനസ! വിഭോ

ഏണാങ്കകുലദീപ! എന്തഹോ ഭവാൻ

ക്ഷീണഭാവേന ശയിച്ചീടുന്നു? തവ

ചേണാർന്ന മുഖപത്മം മ്ലാനശോഭമായിപ്പോൾ

കാണുന്നതിനെന്തൊരു കാരണം കഥിയ്ക്കേണം

അർത്ഥം: 

ശ്ലോകസാരം:- അനന്തരം അർജ്ജുനന്റെ ജ്യേഷ്ഠനായ ഭീമസേനൻ, വാസഗൃഹത്തിൽ കിടക്കുന്നവനും ധർമ്മസമൂഹത്തിന്റെ ഇരിപ്പിടവും ആയ ആ ധർമ്മപുത്രരെ നമസ്കരിച്ചിട്ട് ആദരവോടെ ഇങ്ങനെ പറഞ്ഞു.

പദസാരം:-വീര്യശൗര്യങ്ങളുടെ സമുദ്രമേ, നിർമ്മലഹൃദയ, മഹാനുഭാവ അവിടത്തെ കാലിണ ഞാൻ വന്ദിക്കുന്നു. ചന്ദ്രവംശദീപമേ അങ്ങ് എന്ത് കാരണത്താലാണ് ക്ഷീണിച്ച ഭാവത്തിൽ കിടക്കുന്നത്? കഷ്ടം! അങ്ങയുടെ മനോഹരമായ താമരപോലുള്ള മുഖം ഇപ്പോൾ മ്ലാനമായി കാണുന്നതെന്തിന്? എന്ത് കാരണമുണ്ടായി? പറയണം.