ആനതേർതുരഗാദി

രാഗം: 

സാരംഗം

താളം: 

അടന്ത

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

ചരണം
ആനതേർ തുരഗാദി മേദുര
സേനയോടു സമേതനായഥ
ഞാനുമൊരുവഴി വന്നു ഗോക്കളെ
യാനയിച്ചീടുവൻ വിരവൊടു
പല്ലവി
കേൾക്കമേ വചനം ത്രിഗർത്തപതേ! പോക
മാത്സ്യേശ്വരഗോക്കളെക്കൊണ്ടാശു വരിക ഭവാൻ.

അർത്ഥം: 

ആന, തേര്‍, കുതിര, ആദിയായ വന്‍ സേനയോടു സമേതനായി ഞാനും ഒരു വഴിക്കുവന്ന് വേഗത്തില്‍ ഗോക്കളെ ആനയിക്കുന്നുണ്ട്.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

ത്രിഗര്‍ത്തന്‍:(ദുര്യോധനസമീപം ചെന്ന് വന്ദിച്ചിട്ട്) ‘അവിടെ ആ കീചകന്‍ എതിര്‍ത്തുവന്നാലോ?’

ദുര്യോധനന്‍:‘ങേ, കീചകനോ? അപ്പോള്‍ അറിഞ്ഞില്ലെ? കീചന്റെ മരണവൃത്താന്തം? ഒരു സുന്ദരിയില്‍ ആഗ്രഹം ജനിച്ച അവനെ ഒരു ഗന്ധര്‍വ്വന്‍ ഹനിച്ചതായി ചാരന്മാര്‍ അറിയിച്ചിരുന്നു. സൈന്യാധിപനായ അവന്‍ ഇല്ലാതായതോടെ വിരാടന്‍ ചിറകറ്റ പക്ഷിയേപ്പോലെ ആയിരിക്കുന്നു.

ത്രിഗര്‍ത്തന്‍:‘ഹോ! അങ്ങിനെയോ. എന്നാല്‍ ഇനി വൃദ്ധവിരാടനെ ജയിക്കുവാന്‍ ഒട്ടും പ്രയാസമില്ല’

ദുര്യോധനന്‍:‘എന്നാല്‍ താങ്കള്‍ സേനയോടുകൂടി ഈ വഴിയെ പോയാലും. ഞാനും സേനയും ആ വഴിക്ക് വന്നുകൊള്ളാം’ 

ത്രിഗര്‍ത്തന്‍:‘അങ്ങിനെ തന്നെ’

വീണ്ടും വന്ദിക്കുന്ന ത്രിഗര്‍ത്തന് തന്റെ മുദ്രയുള്ള ഒരു വാള്‍ സമ്മാനിച്ച് വിജയത്തിനായി അനുഗ്രഹിച്ച ശേഷം ദുര്യോധനന്‍ നിഷ്ക്രമിക്കുന്നു. ത്രിഗര്‍ത്തന്‍ ദുര്യോധനനെ അയച്ചുതിരിഞ്ഞ് വീണ്ടും രംഗത്തേയ്ക്ക് ഓടിക്കൊണ്ട് പ്രവേശിക്കുന്നു. 

ത്രിഗര്‍ത്തന്റെ ഗോഹരണം ആട്ടം

ത്രിഗര്‍ത്തന്‍ ഗോഹണത്തിനായി തയ്യാറായി നാലാമിരട്ടി എടുത്ത് കലാശിക്കുന്നതോടെ തേരിലേറി സൈന്യസമേതം മാത്സ്യദേശത്തേയ്ക്ക് യാത്രതിരിക്കുന്നു. സഞ്ചരിച്ച് മാത്സ്യരാജ്യത്തിലെത്തുന്ന ത്രിഗര്‍ത്തന്‍ രാത്രിയില്‍ തിളങ്ങുന്ന വിരാടപുരി കണ്ട്  ( വിരാട പുരിയിൽ കാണുന്ന കാഴ്ചകൾ വിസ്തരിക്കാറുണ്ട് ), അതില്‍ പ്രവേശിച്ച് മുന്നോട്ടുനീങ്ങി അവിടത്തെ ഗോശാല കണ്ടുപിടിക്കുന്നു.

ഇരട്ടിവട്ടം ചവിട്ടി മുന്നിലേക്ക് വന്നു ചുറ്റും നോക്കി ‘ഇതാ വിരാടരാജാവിന്റെ ഗോശാല കാണുന്നു. പല നിറത്തിലുള്ള പശുക്കൾ നിറഞ്ഞു നിൽക്കുന്നു. നാനാവിധത്തിലുള്ള പശുക്കളാല്‍ നിറഞ്ഞ സമുദ്രസമാനമായ വിരാടന്റെ ഗോശാല കണ്ട് അത്ഭുതപ്പെടുന്നു. ചില പശുക്കൾ മുമ്പിലിട്ടിരിക്കുന്ന പുല്ല് തിന്ന് സുഖമായി നിൽക്കുന്നു. പശുകുട്ടികൾ മുലകുടിക്കുന്നു. തള്ളപ്പശുക്കൾ കിടാവുകളെ സ്നേഹത്തോടെ മണത്ത് നക്കി തുടക്കുന്നു. ..ഓഹോ ചന്ദ്രൻ ഉദിച്ചല്ലോ! നേരം പാതിരാവ് കഴിഞ്ഞു.’ (ഭടന്മാരോട്) ‘നിങ്ങൾ ഇനി വേഗം ഈ പശുക്കളെയെല്ലാം അഴിച്ചിറക്കിക്കൊണ്ടു പോകുവിൻ..ഇതാ ഗോപാലകന്മാർ തടസ്സം ചെയ്യാൻ വരുന്നു.’ (വില്ലെടുത്ത് എല്ലാ ദിക്കിലേക്കും ഇടതടവില്ലാതെ അസ്ത്രമയച്ച് ) ‘ഇതാ ഗോപാലകന്മാരെല്ലാം പേടിച്ചരണ്ട് പിന്നോക്കം ഓടുന്നു. ആകട്ടെ ഇനി വേഗം ഈ പൈക്കളെ കൊണ്ടു പോവുക തന്നെ.’ 

ത്രിഗര്‍ത്തന്‍:(ആത്മഗതമായി) ‘എല്ലാം ആയി. ഇനി പുറപ്പെടുകതന്നെ’ (ഭടന്മാരോടായി) ‘നടക്കുവിന്‍’

ത്രിഗര്‍ത്തന്‍ നാലാമിരട്ടികലാശം എടുത്തിട്ട് പശുക്കളെ ആട്ടിത്തെളിച്ചുകൊണ്ട് നടക്കുന്നതായി നടിക്കുന്നു. ഗായകര്‍ അടുത്ത ശ്ലോകം ആലപിക്കുന്നു.

മനോധർമ്മ ആട്ടങ്ങൾ: 

ത്രിഗർത്തവട്ടം