അരവിന്ദ മിഴിമാരേ

രാഗം: 

നവരസം

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ഉത്തരൻ

അത്രാന്തരേ കില വിരാടപതേസ്തനൂജഃ
ശുദ്ധാന്ത യൗവതവൃതസ്സുഖമുത്തരാഖ്യഃ
നാളീകസായക ശരാളിവിധേയചേതാഃ
കേളീരസേന വനിതാ ജനമേവമൂചേ.
പല്ലവി
അരവിന്ദമിഴിമാരേ ! ഗിരമിന്നു കേൾക്കു മേ
ശരദിന്ദുമുഖിമാരേ! സാദരം.
അനുപല്ലവി
കുരുവിന്ദദന്തിമാരേ ! പരിചിൽ ക്രീഡകൾ ചെയ്തു
പെരുകുന്ന സുഖമേ നാം മരുവീടേണമിന്നേരം.
ചരണം
കടുത്തഭാവേന വില്ലുമെടുത്തു ബാണങ്ങളെല്ലാം
തൊടുത്തു ചൊരിഞ്ഞു മാരനടുത്തീടുന്നു .
തടുത്തുകൊള്ളുവാനേതും പടുത്വമില്ല മേ കൊങ്ക-
ത്തടത്താണേ, പൊളിയല്ല മടുത്തൂകും മൊഴിമാരേ !
ചരണം 2
ഏണാങ്കനിളംകാററും വീണാവേണുനാദവും
ചേണാർന്ന കുസുമാദിയിവകളെല്ലാം.
പ്രാണവല്ലഭമാരേ! കാണിനേരം നിങ്ങളെ
കാണാഞ്ഞാൽ പരിതാപം വളർക്കുന്നുസുഖമിപ്പോൾ.

അർത്ഥം: 

ശ്ലോകം:-ഈ സമയത്ത് സുഖമാകുംവണ്ണം അന്ത:പുരസ്ത്രീകളാല്‍ ചുറ്റപ്പെട്ടിരുന്ന വിരാടരാജാവിന്റെ പുത്രനായ ഉത്തരന്‍ കാമബാണത്തിനാല്‍ വിധേയനായി കേളീരസത്തോടുകൂടി വനിതാജനങ്ങളോട് ഇപ്രകാരം പറഞ്ഞു.

പദം:-താമരമിഴിമാരേ, ശരത്ക്കാലചന്ദ്രനൊത്ത മുഖത്തോടുകൂടിയവരേ, ഇന്ന് എന്റെ വാക്കുകള്‍ സാദരം കേള്‍ക്കുക. മുല്ലമൊട്ടിനൊത്ത പല്ലുകളോടുകൂടിയവരേ, നമുക്ക് വേണ്ടതുപോലെ കാമകേളികള്‍ ചെയ്ത് വര്‍ദ്ധിച്ച സുഖത്തോടെ വസിക്കാം. കടുത്തഭാവത്തോടെ വില്ലുമെടുത്ത് ബാണങ്ങളെല്ലാം ചൊരിഞ്ഞുകൊണ്ട് കാമന്‍ അടുക്കുന്നു. തടുക്കുവാനായി എനിക്ക് ഒട്ടും സാമര്‍ത്ഥ്യമില്ല. തേന്‍‌വാണികളേ, കള്ളമല്ല. കൊങ്കത്തടത്താണെ സത്യം. പൂന്തിങ്കള്‍, ഇളംകാറ്റ്, വീണാവേണു നാദങ്ങള്‍, മനോഹരമായ പുഷ്പങ്ങള്‍, ആദിയായവകളെല്ലാം തന്നെ അല്ലയോ പ്രാണവല്ലഭമാരേ, അല്പനേരമെങ്കിലും നിങ്ങളെ കാണാഞ്ഞാല്‍ ദു:ഖം വളര്‍ത്തുന്നു. ഇപ്പോള്‍ സുഖവും വളരുന്നു.

അരങ്ങുസവിശേഷതകൾ: 

ഇരുവശത്തുമായി അന്തപ്പുരസ്ത്രീകളെ നിര്‍ത്തി, അവരുടെ കൈകള്‍ കോര്‍ത്തുപിടിച്ച് മാറോടണച്ചുകൊണ്ട് രംഗമദ്ധ്യത്തിലൂടെ ‘കിടതധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന ഉത്തരന്‍, മുന്നോട്ടുവന്ന് സ്ത്രീകളെ ഇരുവശത്തുമായി വിടുത്തി നിര്‍ത്തിയശേഷം നോക്കിക്കാണലോടെ പദാഭിനയം ആരംഭിക്കുന്നു.

പദാഭിനയം കഴിഞ്ഞ് ഉത്തരന്‍ രംഗമദ്ധ്യത്തിലായി പീഠത്തില്‍ ഇരിക്കുന്നു. തുടര്‍ന്ന് അന്തപ്പുരസ്ത്രീകള്‍ ചേര്‍ന്ന് പദം അഭിനയിക്കുന്നു. ആദ്യചരണം കഴിയുന്നതോടെ കുമ്മിക്കുവട്ടം തട്ടുന്നു. തുടര്‍ന്ന് ആദ്യചരണം മുതല്‍ ക്രമത്തില്‍ പഞ്ചാരി ദ്രുതകാലത്തില്‍ ആലപിക്കുന്നു. സ്ത്രീകള്‍ കുമ്മിനൃത്തം ചെയ്യുന്നു. മുദ്രാഭിനയം ഇല്ല. പദം അന്ത്യത്തില്‍ ചെമ്പടയിലേയ്ക്ക് മാറ്റിയാണ് കലാശിപ്പിക്കുക.