അമരാധീശ്വരനന്ദന

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

പല്ലവി

അമരാധീശ്വരനന്ദന! കേൾക്ക നീ 

അധുനാ മമ വചനം

അനുപല്ലവി

സമരാങ്കണമതിലരിവര നികരം

സപദി ജയ വിജയ! ഹൃതപശുനിചയം 

ചരണം 1

ക്ഷത്രിയവംശവരന്മാർക്കിഹ നിജ 

മിത്രജനാവനമല്ലോധർമ്മം

മിത്രനഹോ ബത വീര! ജഗതി 

ശതപത്രവികാസപരായണനല്ലോ. 

ശങ്കരശൈലം കുത്തിയെടുത്തൊരു 

ലങ്കാധിപനാം രാക്ഷസ വരനെ

ശങ്കവെടിഞ്ഞു വധിച്ചൊരു രഘുപതി 

തൻകഴലോർത്തു രണായ ഗമിക്ക നീ 

പണ്ടുപയോധിയെ, ലംഘിച്ചഥ ദശ-

കണ്ഠപുരേ ഞാൻ ജാനകി ദേവിയെ-

ക്കണ്ടു ശിരോമണി വാങ്ങി ജയം ബത പൂണ്ടിഹ 

പോന്നതും തൻകൃപയല്ലോ. 

അർത്ഥം: 

അല്ലയോ ദേവേന്ദ്രപുത്രാ, എന്റെ വാക്കുകൾ കേട്ടാലും. പശുക്കളെ തട്ടിക്കൊണ്ടുപോയശത്രുക്കളെ  യുദ്ധത്തിൽ വേഗം ജയിച്ചാലും. ബന്ധുക്കളെ സംരക്ഷിക്കലാണല്ലോ ക്ഷത്രിയവംശജരുടെ ധർമ്മം. സൂര്യൻ താമരയെ വിടർത്തുന്നതിൽ താല്പര്യമുള്ളവനാണല്ലോ. കൈലാസം കുത്തിയെടുത്ത ലങ്കാധിപതിയായ രാവണനെ ശങ്കയില്ലാതെ കൊന്ന  രഘുരാമന്റെ പാദങ്ങൾ ഓർത്ത്  യുദ്ധത്തിനായി നീ ഗമിച്ചാലും. ഞാൻ പണ്ട് സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തി സീതാദേവിയെക്കണ്ട് ചൂഡാമണി വാങ്ങി വിജയശ്രീലാളിതനായി തിരിച്ചെത്തിയത് അദ്ദേഹത്തിന്റെ കൃപകൊണ്ടാണല്ലോ.