വീര വിരാട കുമാരാ വിഭോ

രാഗം: 

ഉശാനി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

അന്തപ്പുരസ്ത്രീകൾ – സുന്ദരിമാർ

ചരണം 1
വീര ! വിരാട ! കുമാരാ വിഭോ !
ചാരുതരഗുണസാഗര ! ഭോ !
മാരലാവണ്യ! നാരീമനോഹാരിതാരുണ്യ!
ജയ ജയ ഭൂരികാരുണ്യ! – വന്നീടുക
ചാരത്തിഹ പാരിൽത്തവ നേരൊത്തവരാരുത്തര !
സാരസ്യസാരമറിവതിന്നും
നല്ല മാരസ്യ ലീലകൾ ചെയ് വതിനും.
ചരണം 2
നാളീകലോചനമാരേ ! നാം
വ്രീളകളഞ്ഞു വിവിധമോരോ
കേളികളാടി, മുദാ രാഗമാലകൾ പാടി
കരംകൊട്ടിച്ചാലവേ ചാടി – തിരുമുമ്പിൽ
താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടു-
മാളികളേ! നടനംചെയ്തീടേണം , നല്ല
കേളി ജഗത്തിൽ വളർത്തിടേണം .
ചരണം 3
ഹൃദ്യതരമൊന്നു പാടീടുവാ-
നുദ്യോഗമേതും കുറയ്ക്കരുതേ .
വിദ്യുല്ലതാംഗി! ചൊല്ലീടുകപദ്യങ്ങൾ ഭംഗി-
കലർന്നു നീ സദ്യോ മാതംഗീ! ധണം തക-
തദ്ധിമിത്തത്തെയ്യന്തത്തോംതത്ഥോമെന്നു
മദ്ദളം വാദയ ചന്ദ്രലേഖേ!
നല്ലപദ്യങ്ങൾ ചൊൽക നീ രത്നലേഖേ!
ചരണം 4
പാണിവളകൾ കിലുങ്ങീടവേ , പാരം
ചേണുറ്റ കൊങ്ക കുലുങ്ങീടവേ,
വേണിയഴിഞ്ഞും നവസുമശ്രേണി പൊഴിഞ്ഞും
കളമൃദുവാണി മൊഴിഞ്ഞും-സഖി ഹേ !
കല്യാണീ! ഘനവേണീ! ശുകവാണീ! സുശ്രോണീ
നാമിണങ്ങിക്കുമ്മിയടിച്ചിടേണം .
നന്നായ°വണങ്ങിക്കുമ്മിയടിച്ചിടേണം .

അർത്ഥം: 

വീരാ, വിരാടകുമാരാ, പ്രഭോ, സുന്ദരതരമായ ഗുണങ്ങളുടെ സമുദ്രമേ, കാമസുന്ദരാ, നാരികളുടെ മനംകവരുന്ന യൌവനത്തോടു കൂടിയവനെ, ഏറ്റവും കരുണയുള്ളവനേ, ജയിച്ചാലും, വിജയിച്ചാലും. ഇവിടെ ചാരത്തേയ്ക്കുവന്നാലും. രസത്തിന്റെ സാരം അറിവതിനും നല്ല കാമലീലകള്‍ ചെയ്‌വതിനും പാരില്‍ അങ്ങേയ്ക്ക് തുല്യരായിട്ട് ആരുണ്ട്? താമരമിഴിമാരേ, സഖിമാരേ, നാം ലജ്ജവിട്ട് വിവിധമോരോ കളികള്‍ കളിച്ച്, സസന്തോഷം രാഗമാലകള്‍ പാടി, കരംകൊട്ടി ഭംഗിയായി ചാടി, താളമേളങ്ങളോടുകൂടി തിരുമുമ്പില്‍ നടനം ചെയ്യേണം. ലോകത്തില്‍ നല്ല രസം വളര്‍ത്തേണം. വിദ്യുല്ലതാംഗീ, ഹൃദ്യതരമായി പാടീടുവാന്‍ ശ്രമമൊട്ടും കുറയ്ക്കരുതേ. മാതംഗീ, നീ ഉടനെ ഗദ്യങ്ങള്‍ ഭംഗിയായി ചൊല്ലീടുക. ചന്ദ്രലേഖേ, ‘ധണംതകതദ്ധിമിതത്തൈയ്യ തത്തോംതത്തോം’ എന്നിങ്ങനെ മദ്ദളം വായിക്കൂ. രത്നലേഖേ, നീ നല്ല പദ്യങ്ങള്‍ ചൊല്ലുക. കൈവളകള്‍ ഏറ്റവും കുലുംങ്ങീടുമ്പോള്‍, സുന്ദരമായ കൊങ്ക കുലുങ്ങീടുമ്പോള്‍, മുടിക്കെട്ടഴിഞ്ഞ് പുതുപ്പൂക്കള്‍ പൊഴിയുമ്പോള്‍, സുന്ദരവും മൃദുവുമായ വാക്കുകള്‍ മൊഴിഞ്ഞുകൊണ്ട് ഹേ സഖീ, മംഗളവതീ, കാര്‍വേണീ, കിളിമൊഴീ, നിതംബിനീ, നാം തമ്മിലിണങ്ങി കുമ്മിയടിച്ചിടേണം. നന്നായി വണങ്ങി കുമ്മിയടിച്ചിടേണം.

അരങ്ങുസവിശേഷതകൾ: 

കുമ്മിയ്ക്കു ശേഷം ആട്ടം-

കുമ്മി കലാശിക്കുന്നതോടെ ഉത്തരന്‍ എഴുന്നേറ്റ് ഇരു സ്ത്രീകളേയും നോക്കിക്കണ്ടിട്ട് ആലിംഗനം ചെയ്യുന്നു.

ഉത്തരന്‍:‘അല്ലയോ പ്രേയസിമാരേ, നിങ്ങളുടെ നൃത്തഗീതാദികള്‍ കേമമായി! വല്ലാതെ ക്ഷീണിച്ചുവോ? എന്നാല്‍ ഇനി നമുക്ക് അല്പസമയം ഇവിടെ സുഖമായി ഇരിക്കാം.’

ഉത്തരന്‍ ഇരുസ്ത്രീകളുടേയും കൈ കോര്‍ത്തുപിടിച്ച് വലതുഭാഗത്തേയ്ക്കു നീങ്ങി പീഠത്തില്‍ ഇരിക്കുന്നു. ഗായകര്‍ അടുത്ത ശ്ലോകം ആലപിക്കുന്നു.