മൂഢമതേ രണനാടകമാടുക

രാഗം

കേദാരഗൌഡം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

വലലൻ

മദ്ധ്യേ യുദ്ധമഥ ത്രിഗർത്തപതിനാ ക്രുദ്ധേന ബദ്ധേ നൃപേ
ബന്ധും തം വിമതഞ്ച മോക്തുമചിരാൽ ബന്ധുഞ്ച സഞ്ചിന്തയൻ
സന്ധാവൻ പരിപന്ഥി സിന്ധുര ഹരിർ  ദ്രാഗ്ഗന്ധവാഹാത്മജഃ
സ്കന്ധാവാരധുരന്ധരഃ പഥി രിപും രുന്ധൻ ബഭാഷേ രുഷാ.
പല്ലവി
മൂഢമതേ! രണനാടകമാടുക പാടച്ചരകീടാ!
അനുപല്ലവി
കൂടകർമ്മങ്ങൾ ഫലിച്ചീടുമെന്നോർത്തിടാതെ
പാടവമുണ്ടെങ്കിൽവന്നടുത്തീടുക .
ചരണം
ഒളിച്ചുവന്നു ഗോക്കളെത്തെളിച്ചുകൊണ്ടുപോകാതെ
വെളിച്ചത്തു വാടാ പോവാനയച്ചീടുമോ !
കളിച്ചീടേണമൊന്നടർക്കളത്തിൽ നമുക്കതിനു
വിളിച്ചീടുന്നിതാ നിന്നെ വലലനഹം .
 

അർത്ഥം: 

ശ്ലോകം:-യുദ്ധത്തില്‍ ത്രിഗര്‍ത്തപതി ക്രോധത്തോടെ രാജാവിനെ ബന്ധിച്ചപ്പോള്‍ ബന്ധുവായ അദ്ദേഹത്തെ മോചിപ്പിക്കുവാനും ശത്രുവിനെ ബന്ധിക്കുവാനും വിചാരിച്ച് ശത്രുക്കളായ ആനകള്‍ക്ക് സിംഹമായുള്ളവനും രാജധാനി രക്ഷാധികാരിയുമായ വായുപുത്രന്‍ വഴിക്കുവെച്ച് ശത്രുവിനെ തടഞ്ഞുകൊണ്ട് കോപത്തോടെ പറഞ്ഞു.
പദം:-വിഡ്ഢീ, കള്ളപ്പുഴുവേ, രണനാടകമാടുക. ചതിപ്രയോഗങ്ങള്‍ ഫലിച്ചീടുമെന്ന് വിചാരിക്കാതെ മിടുക്കുണ്ടെങ്കില്‍ വന്നെതിര്‍ക്കുക. ഒളിച്ചുവന്ന് ഗോക്കളെ തെളിച്ചുകൊണ്ടുപോകാതെ വെളിച്ചത്തുവാടാ, പോവാന്‍ അയച്ചീടുമോ? നമുക്കൊന്ന് പോര്‍ക്കളത്തില്‍ കളിക്കണം. അതിനായി വലലനായ ഞാന്‍ നിന്നെ വിളിക്കുന്നു.

അരങ്ങുസവിശേഷതകൾ: 

ശ്ലോകാവസാനത്തോടെ വലലന്‍ ചട്ടുകധാരിയായി വലത്തുഭാഗത്തുനിന്നും ഓടികൊണ്ട് പ്രവേശിക്കുന്നു.

വലലന്‍:‍(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിനിന്ന് ത്രിഗര്‍ത്തനെ കണ്ട്, സൂക്ഷിച്ചുനോക്കി നിന്ദിച്ചിട്ട്) ‘എടാ, കള്ളാ, എന്റെ സ്വാമിയെ ബന്ധിച്ചതെന്തിന്? അഴിച്ചുവിട്’

ത്രിഗര്‍ത്തന്‍:‘അത് മോഹിക്കേണ്ടാ’

വലലന്‍:‘വിടില്ലെ?’

വലലന്‍ ബലം പ്രയോഗിച്ച് വിരാടനെ മോചിപ്പിച്ച് വലത്തുഭാഗത്താക്കി, വന്ദിച്ച് അയയ്ക്കുന്നു. വിരാടന്‍ അനുഗ്രഹിച്ച് നിഷ്ക്രമിക്കുന്നു. വലലന്‍ ‘കണ്ടുകൊള്‍ക’ എന്നു കാട്ടി നാലാമിരട്ടിയെടുത്തിട്ട് പദം ആടുന്നു.

മനോധർമ്മ ആട്ടങ്ങൾ: 

ത്രിഗർത്തവട്ടം