മഹാചോരന്മാരാരഹോ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

താവൽ കൽപ്പാന്തകാലോൽക്കടപവനലുഠൽപുഷ്കലാവർത്തകാഭ്ര-

പ്രധ്വാനാഖർവ്വഗർവ്വത്രുടനപടുതരസ്ഫാരവിഷ്ഫാരനാദഃ

അദ്ധാ ലാലാടദേശപ്രവികടകുടിലഭ്രൂ കുടീദുർന്നിരീക്ഷോ

ബദ്ധാടോപം കിരീടി പ്രതിഭടപടലീമാഹവായജൂഹാവ

മഹാചോരന്മാരാരഹോ!

വരിക പോരിനായ്

സാഹസകർമ്മമതിങ്ങനെ ചെയ്തതി-

നാഹവസീമനി വിരവൊടു നിങ്ങടെ

ദേഹമശേഷം പത്രിഗണങ്ങൾ-

ക്കാഹാരമതാക്കീടുവാനധുനാ

കരിരഥതുരഗപദാതികളാകവേ

ഖരതരമാമക കരബലദഹനേ

നിരവധി ശലഭദശാം പ്രാപിപ്പതു

വിരവൊടു കണ്ടീടുക രണഭൂമൗ

ശ്വാക്കളൊളിച്ചു കടന്നു ഹവിസ്സിനെ-

യാക്കമോടിന്നു കവർന്നതുപോലെ

ഗോക്കളെ വന്നു കവർന്നൊരു ദക്ഷത

പോർക്കളമതിലറിയണമധുനാ മേ

അർത്ഥം: 

ശ്ലോകസാരം:‌- അപ്പോൾ പ്രളയകാലത്തെ ശക്തിയേറിയ കാറ്റിനാൽ ഇളകിച്ചിതറുന്ന പുഷ്കലാവർത്തകങ്ങൾ എന്നെ മേഘങ്ങളുടെ മുഴക്കങ്ങൾക്കുള്ള വർദ്ധിച്ച ഗർവ്വ് മുടിക്കുന്നതിൽ അതിസമർത്ഥങ്ങളായ വലിയ ഞാണൊലികളോടുകൂടിയവനും നെറ്റിത്തടത്തിൽ പ്രസ്പഷ്ടമായ വളഞ്ഞ പുരികക്കൊടികൊണ്ട് (ആർക്കും) നോക്കാൻ വയ്യാത്തവനും ആയ, അർജ്ജുനൻ സത്യമായും അഹങ്കാരത്തോടുകൂടുംവണ്ണം ശത്രുസമൂഹത്തെ യുദ്ധത്തിനായ വിളിച്ചു.

പദസാരം:-പശുക്കളെ മോഷ്ടിച്ചവർ ആരാണ്? കഷ്ടം! പോരിനായ് വരുവിൻ. ഇങ്ങനെ ഈ സാഹസപ്രവൃത്തി ചെയ്തതിനു ഇപ്പോൾ വേഗത്തിൽ യുദ്ധഭൂമിയിൽ നിങ്ങളുടെ ദേഹം മുഴുവൻ പക്ഷിസമൂഹങ്ങൾക്ക് ഭക്ഷണമാക്കിത്തീരുക്കുന്നതാണ് (ഞാൻ). ആന, തേർ, കുതിര,കാലാൾ എന്നിവ മുഴുവൻ യുദ്ധഭൂമിയിൽ ഏറ്റവും കടുത്ത എന്റെ പരാക്രമത്തിൽ അതിരില്ലാതെ ഈയാമ്പാറ്റയുടെ അവസ്ഥയെ പ്രാപിക്കുന്നത് വേഗത്തിൽ കണ്ടുകൊൾക. നായ്ക്കൾ ആരും കാണാതെ കടന്നു വന്ന് ഹോമദ്രവ്യത്തെ സാമർത്ഥ്യത്തോടെ കട്ടതുപോലെ ഇന്നു വന്നു പശുക്കളെ കട്ടതിലുള്ള സാമർത്ഥ്യം ഇന്നെനിക്ക് പോർക്കളത്തിൽ വെച്ച് മനസ്സിലാക്കണം.