ഭയമിതരുതരുതു

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ബൃഹന്നള

പല്ലവി
ഭയമിതരുതരുതു പാർത്ഥിവകുമാര!

അനുപല്ലവി

നയവിമതനികരമതിൽ നലമൊടിദമധുനാ.

ചരണം 1

ധരണിപതികുലജാതപുരുഷനിഹ ബത ഭീതി

പരിഹാസകാരണം പരമെന്നതറിക നീ

ചരണം 2

നാരിമാരുടെ സദസി വീരവാദം ചൊന്ന വീരാ

വദ നിന്നുടയ ധീരതയെങ്ങു പോയി? 
ചരണം 3

അരിനികരമാകവേ വിരവൊടു ജയിച്ചു നീ

വരതരുണിമാർക്കു ബഹുവസനങ്ങൾ നൽകെടോ!

അർത്ഥം: 

അല്ലയോ രാജകുമാരാ ഭയമരുത്. ഈ ഭയത്തെ ശത്രുക്കളിലേക്ക് അയക്കുക. രാജവംശത്തിൽ പിറന്ന പുരുഷന് ഭയം പരിഹാസകാരണം ആണ് എന്നറിഞ്ഞാലും. സ്ത്രീകളുടെ സദസ്സിൽ വീരവാദം പറഞ്ഞ നിന്റെ ധൈര്യം എവിടെപ്പോയി? ശത്രുക്കളെ മുഴുവൻ ജയിച്ച് സുന്ദരിമാർക്ക് പുതിയ വസ്ത്രങ്ങൾ നൽകിയാലും.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

ബൃഹന്നള‍:(ആത്മഗതമായി) ‘ഇവന് ഒട്ടും ധൈര്യം കൈവന്നിട്ടില്ല. അതിനാല്‍ ഇനി ഇവനെ പരമാര്‍ത്ഥം അറിയികുക തന്നെ’ (ഉത്തരനെ ബന്ധവിമുക്തനാക്കിയിട്ട് അയാളോടായി) ‘അല്ലയോ രാജകുമാരാ, നമുക്ക് ശത്രുക്കളെ ജയിക്കേണ്ടയോ?’

ഉത്തരന്‍:‘എനിക്ക് യുദ്ധം ചെയ്യുവാന്‍ വയ്യ’

ബൃഹന്നള:‘യുദ്ധം ചെയ്യാതെ മടങ്ങുകയോ? ഛീ, ക്ഷത്രിയ വംശത്തിനുതന്നെ അപമാനം. എന്നാല്‍ ഞാന്‍ യുദ്ധം ചെയ്യാം. ഭവാന്‍ തേര്‍ തെളിക്കുമോ?’

ഉത്തരന്‍:(ആശ്ചര്യത്തോടെ) ‘താങ്കള്‍ക്ക് യുദ്ധപരിചയം ഉണ്ടോ?’

ബൃഹന്നള:‘ഓഹോ, നന്നായി അറിയാം. ആകട്ടെ, താങ്കള്‍ പാണ്ഡവന്മാര്‍ എന്ന് കേട്ടിട്ടുണ്ടോ?’

ഉത്തരന്‍:‘ഉവ്വ്, കേട്ടിട്ടുണ്ട്’

ബൃഹന്നള:‘അവരിപ്പോള്‍ എവിടെയാണെന്ന് അറിയാമോ?’

ഉത്തരന്‍:‘ഇല്ല. എവിടെയാണ്?’

ബൃഹന്നള:‘അവരിപ്പോള്‍ പത്നിയോടുകൂടി ഭവാന്റെ രാജധാനിയില്‍ വസിക്കുന്നുണ്ട്. 

ഉത്തരന്‍:(ആശ്ചര്യത്തോടെ) ‘ങേ, അതെങ്ങിനെ?’

ബൃഹന്നള:‘പറയാം. ഭവാന്റെ അച്ഛന്റെ സമീപത്ത് സദാ വസിക്കുന്ന ആ സന്യാസിവര്യന്‍ ധര്‍മ്മപുത്രനാണ്. ഭോജനശാലയില്‍ ജോലിചെയ്യുന്ന തടിച്ച ഒരു ബ്രാഹ്മണനെ കണ്ടിട്ടില്ലെ? അത് ഭീമസേനനാണ്. നകുലന്‍ കുതിരകളേയും സഹദേവന്‍ പശുക്കളേയും പാലിച്ചുകൊണ്ട് അങ്ങയുടെ കൊട്ടാരത്തില്‍ വസിക്കുന്നു. ഭവാന്റെ അമ്മയുടെ സൈരന്ധ്രിയായുള്ള മാലിനി പാഞ്ചാലിയാണ്.’

ഉത്തരന്‍:‘ഹോ!, അത്ഭുതം തന്നെ. അപ്പോള്‍ അര്‍ജ്ജുനനോ?’

ബൃഹനള:(പുഞ്ചിരിയിട്ടുകൊണ്ട്) ‘കൌരവന്മാരോട് എതിരിടാനൊരുങ്ങി ഭവാന്റെ മുന്നില്‍ നില്‍ക്കുന്ന ഈ ഞാന്‍ തന്നെ’

ഉത്തരന്‍:‘താങ്കള്‍ അര്‍ജ്ജുനനോ? അര്‍ജ്ജുനന്റെ ദേഹം ഇങ്ങിനെ നപുംസകമായി വന്നതെങ്ങിനെ?’

ബൃഹന്നള:‘അതോ, വഴിപോലെ പറയാം. കേട്ടാലും’

(മേളം കാലം താഴ്ത്തുന്നു)

ബൃഹന്നള:‘പണ്ട് ദുര്യോധനാദികള്‍ കള്ളചൂതില്‍ തോല്‍പ്പിച്ച് ഞങ്ങളുടെ രാജ്യധനാദികള്‍ അപഹരിച്ചു. പിന്നെ പന്ത്രണ്ടുവര്‍ഷം വനവാസവും ഒരു വത്സരം അജ്ഞാതവാസവും ചെയ്തുവരണം എന്ന് നിശ്ചയത്തോടെ ഞങ്ങളെ വനത്തിലേയ്ക്ക് അയച്ചു. വനവാസകാലത്ത് ഒരിക്കല്‍ ഞാന്‍ വേദവ്യാസമഹര്‍ഷിയുടെ കല്‍പ്പനയനുസ്സരിച്ച് ഹിമാലയ പാര്‍ശ്വത്തില്‍ ചെന്ന് ശിവനെ തപസ്സുചെയ്തു. അതറിഞ്ഞ ദുര്യോധനന്‍ എന്റെ തപം മുടക്കാനായി മൂകാസുരനെ അയച്ചു. പന്നിയായിവന്ന് എന്റെ തപസ്സുമുടക്കുവാന്‍ തുനിഞ്ഞ മൂകാസുരനെ കാട്ടാളവേഷം ധരിച്ച്, ശ്രീപാര്‍വ്വതീസമേതനായി എത്തിയ ശ്രീപരമേശ്വരന്‍ വധിച്ചു. പിന്നെ അദ്ദേഹം എന്നോടു കയര്‍ത്ത്, യുദ്ധം ചെയ്ത് എന്റെ അഹങ്കാരമടക്കുകയും സസന്തോഷം പാശുപതാസ്ത്രം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. അങ്ങിനെ ഹിമവല്‍ താഴ്വരയില്‍ ഇരിക്കുന്ന എന്റെ സമീപത്തേയ്ക്ക് അച്ഛനായ ഇന്ദ്രന്റെ കല്‍പ്പനയാല്‍ രഥവുമായി മാതലി വന്നു. ഉടനെ ഞാന്‍ രഥത്തിലേറി സ്വര്‍ഗ്ഗത്തില്‍ ചെന്ന് ജനകനേയും ഇന്ദ്രാണിയേയും കണ്ട് വന്ദിച്ചു. പിന്നെ സ്വര്‍ഗ്ഗമെല്ലാം കാണുകയും കുറച്ചുകാലം വിദ്യകള്‍ അഭ്യസിച്ചുകൊണ്ട് അവിടെ വസിക്കുകയും ചെയ്തു. അക്കാലത്ത് ഒരു ദിവസം സ്വര്‍ഗ്ഗസുന്ദരിയായ ഉര്‍വ്വശി മദനാര്‍ത്തയായി രഹസ്യമായി എന്നെ സമീപിച്ച് കാമകേളിയ്ക്കായി ക്ഷണിച്ചു. എനിക്ക് മാതൃതുല്യയായുള്ള ഭവതി ഇങ്ങിനെ പറയുന്നത് ഉചിതമല്ലായെന്നും ഇത് ഘോര പാതകമാണെന്നും പറഞ്ഞ് ഞാന്‍ ക്ഷണം നിരസിച്ചു. അപ്പോള്‍ കടുത്ത മദനകോപത്തോടെ ഉര്‍വ്വശി ഞാന്‍ ഷണ്ഡനായിതീരട്ടെ എന്ന് ശപിച്ചു. അതില്‍ ദു:ഖിതനായിരുന്നപ്പോള്‍ ദേവേന്ദ്രന്‍ എന്നെ സമീപിച്ച് ആശ്വസിപ്പിക്കുകയും, ഉര്‍വ്വശീശാപം അജ്ഞാതവാസകാലത്ത് നിനക്ക് ഉപകാരമായിവരും എന്ന് അനുഗ്രഹിക്കുകയും ചെയ്തു. അങ്ങിനെയാണ് ഈ രൂപം ഉണ്ടായത്.’

ഉത്തരന്‍:‘ഹോ! അത്ഭുതം തന്നെ. അര്‍ജ്ജുനന്റെ ഇരുകൈകളിലും ഞാണ് തഴമ്പുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് കാണിക്കമോ?’ (ബൃഹന്നള കൈകള്‍ കാട്ടുമ്പോള്‍ പരിശോധിച്ച് തൃപ്തിപെട്ടിട്ട് ആത്മഗതമായി) ‘അര്‍ജ്ജുനന് വളരെ തലമുടിയുണ്ടെന്ന് പ്രസിദ്ധമാണ്. നോക്കാം’ (ബൃഹന്നളയുടെ പിന്നില്‍ നോക്കിയിട്ട് ആത്മഗതമായി) ‘ഉണ്ട്. ശരിയാണ്’ (ബൃഹന്നളയോടായി) ‘ഈ രൂപം മാറ്റി അര്‍ജ്ജുനന്റെ പുരുഷാകൃതി ഒന്ന് കാട്ടാമോ?’

ബൃഹന്നള:‘ഇപ്പോള്‍ സത്യപ്രകാരമുള്ള അജ്ഞാതവാസകാലം കഴിഞ്ഞുവെങ്കിലും ജേഷ്ഠന്റെ കല്പനകൂടാതെ വേഷം മാറുവാന്‍ നിവൃത്തിയില്ല.’

ഉത്തരന്‍:‘എന്നാല്‍ താങ്കളുടെ ഗാണ്ഡീവം എവിടെ?’

ബൃഹന്നള:‘അജ്ഞാതവാസകാലത്ത് ആയുധം ധരിക്കുവാന്‍ പാടില്ലാത്തതിനാല്‍ ഞങ്ങളുടെ ആയുധങ്ങള്‍ ആ കാണുന്ന ശമീകവൃക്ഷത്തിനുമേല്‍ കെട്ടിവെച്ചിരിക്കുകയാണ്. ഇനി നീ അത് എടുത്തുകൊണ്ടുവന്നാലും‘

ഉത്തരന്‍:(ശമീകവൃക്ഷത്തിന്റെ സമീപത്തേയ്ക്ക് പോയിട്ട് ഭയപ്പെട്ട് മടങ്ങി വന്നിട്ട്) ‘ഹോ! ആ വൃക്ഷത്തില്‍ ഭയങ്കരമായ ഒരു മൃതശരീരം കാണുന്നു.’

ബൃഹന്നള:‘അത് മൃതശരീരമല്ല. കൃത്രിമ രൂപമാണ്. ആരും വൃക്ഷത്തിന്റെ സമീപം പോകാതെയിരിക്കുവാനായി ഞങ്ങള്‍ ഇത് അവിടെ സ്ഥാപിച്ചതാണ്. ഒട്ടും ഭയപ്പെടാതെ പോയി ആയുധങ്ങള്‍ എടുത്തുവന്നാലും.’

ഉത്തരന്‍ വൃക്ഷത്തില്‍നിന്നും ആയുധകെട്ട് എടുത്ത്, പ്രയാസപ്പെട്ട് കൊണ്ടുവന്ന് ബൃഹന്നളയുടെ മുന്നില്‍ വെയ്ക്കുന്നു. ബൃഹന്നള കെട്ടഴിച്ച് ആയുധങ്ങള്‍ കണ്ട് പുളകമണിയുകയും, തൊട്ടുവന്ദിച്ചിട്ട് സ്വന്തം ആയുധങ്ങള്‍ എടുക്കുകയും ചെയ്യുന്നു. 

ബൃഹന്നള:‘ഇതാണ് ഗാണ്ഡീവം. ധര്‍മ്മപുത്രരുടെ വേല്‍, ഭീമസേനന്റെ ഗദ തുടങ്ങിയ മറ്റുള്ള ആയുധങ്ങള്‍ നീ മൂന്നേപ്പോലെ വൃക്ഷത്തില്‍ തന്നെ വെച്ചാലും’

ആയുധങ്ങള്‍ മടക്കിവെച്ചിട്ട് വരുന്ന ഉത്തരന്‍ തന്റെ ചാപബാണങ്ങളെടുത്ത് ധീരോദാത്തനായി നില്‍ക്കുന്ന ബൃഹന്നളയെകണ്ട് സ്വയം മറന്ന് നമസ്ക്കരിക്കാനൊരുങ്ങുന്നു. 

ബൃഹന്നള:(ഉത്തരനെ തടഞ്ഞിട്ട്) ‘വത്സാ, അരുത്. നാമിരുവരും രാജാക്കന്മാരല്ലെ? ഇങ്ങിനെ പരസ്പരം വന്ദിക്കേണ്ടതില്ല. ആകട്ടെ, ഇപ്പോള്‍ ധൈര്യം കൈവന്നുവോ?’

ഉത്തരന്‍:‘യുദ്ധത്തില്‍ ഏറ്റവും നിപുണനായ അങ്ങയോടോപ്പം പോരുവാന്‍ എനിക്ക് ധൈര്യമില്ല’

ബൃഹന്നള:(ചിന്തിച്ചിട്ട് ആത്മഗദമായി) ‘ഇനി ഇവന്റെ ഭയം കളയുവാനായി എന്റെ പത്തുനാമങ്ങളും ഇവന് ഉപദേശിക്കുകതന്നെ’

ബൃഹന്നള ഉത്തരനെ വിളിച്ച് സമീപത്തുനിര്‍ത്തി തന്റെ പത്തുനാമങ്ങളും ചെവിയില്‍ ഉപദേശിച്ചുകൊടുക്കുന്നു. ഉത്തരന്‍ ശ്രദ്ധിച്ചുകേട്ട്, കുറച്ചുരു ജപിച്ചപ്പോഴേയ്ക്കും ധൈര്യം കൈവന്നതായി നടിക്കുന്നു.

ഉത്തരന്‍:‘ഇപ്പോള്‍ ധൈര്യമായി. ഇനി ഞാന്‍ തേര്‍ തെളിക്കാം. അങ്ങ് യുദ്ധം ചെയ്ത് ശത്രുക്കളെ ജയിച്ചാലും.’

ബൃഹന്നള:‘അങ്ങിനെ തന്നെ. നില്‍ക്കു. ഞാന്‍ വായുപുത്രനായ ശ്രീഹനുമാനെക്കൂടി സ്മരിക്കട്ടെ.’ (ഭക്തിപുരസരം കുമ്പിട്ടിട്ട്) ‘അല്ലയോ ശ്രീഹനുമാനേ, എന്നില്‍ ദയയോടുകൂടി മുന്നില്‍ പ്രത്യക്ഷപ്പെടേണമേ’

ബൃഹന്നള ഭക്തിപൂര്‍വ്വം കണ്ണുകളടച്ച് കൈകൂപ്പി നില്‍ക്കുന്നു.

പ്രത്യക്ഷപ്പെട്ട ഹനുമാനെ കണ്ട് വന്ദിച്ച്, ഹനുമാൻ കൊടിമരത്തിലേക്ക് കയറുന്നത് കണ്ണുകൊണ്ട് കാണിക്കുന്നു.

ബൃഹന്നള – ഇനി വേഗം പുറപ്പെടുക തന്നെ. രഥം വഴിപോലെ തെളിച്ചാലും.

(നാലാരിട്ടിക്കു ശേഷം പദം ‘ മഹാ ചോര’ )

തിരശ്ശീല

മനോധർമ്മ ആട്ടങ്ങൾ: 

ഉത്തരൻ ബൃഹന്നള – ഉത്തരാസ്വയം‌വരം