ഗോപാലകന്മാരേ

രാഗം: 

ഭൈരവി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ഉത്തരൻ

ചരണം 1
ഗോപാലകന്മാരേ! പരിതാപമുള്ളിലരുതേതും
ചാപപാണിവരനാകും ഞാൻ നിങ്ങൾക്കു വന്നോ-
രാപദമശേഷം പോക്കുവൻ.
ചരണം 2
കണ്ടുകൊൾക, മമ വീര്യം രണ്ടുനാഴിയ്ക്കുള്ളിൽ ഞാൻ
കണ്ടകനിഗ്രഹം ചെയ്തുടൻ ഗോകുലമിങ്ങു
വീണ്ടു കൊണ്ടുപോരുന്നുണ്ടു നിർണ്ണയം.
ചരണം 3
ശക്രനാദിയാകും ദേവചക്രമിങ്ങു വരികിലും
വിക്രമിയായീടുമെന്നോടു സംഗരഭുവി
നിൽക്കയില്ലെന്തു മറ്റുള്ളവർ.
ചരണം 4
ഭീരുത കൂടാതെ മമ തേരതു തെളിപ്പാനൊരു
സാരഥിയുണ്ടെങ്കിലിന്നു ഞാൻ
വൈരിസഞ്ചയം പാരാതെ ജയിച്ചുവരുവൻ
ചരണം 5
കൃഷ്ണസാരഥിയായ് മുന്നം ജിഷ്ണു ഖാണ്ഡവദാഹത്തിൽ
ജിഷ്ണുതന്നെ വെന്നതുപോലെ സംഗരേ രിപു-
ജിഷ്ണു ഞാൻ ജയിച്ചുതരുവൻ.

അർത്ഥം: 

ഗോപാലകന്മാരേ, ഉള്ളില്‍ ഒട്ടും ദു:ഖമരുത്. വില്ലാളികളില്‍ മുമ്പനായ ഞാന്‍ നിങ്ങള്‍ക്കുവന്ന അപത്തെല്ലാം തീര്‍ക്കുന്നുണ്ട്. എന്റെ വീര്യം കണ്ടുകൊള്‍ക. രണ്ട് നാഴികകയ്ക്കുള്ളില്‍ ഞാന്‍ ശത്രുവിനെ നശിപ്പിച്ച് ഗോകുലത്തെ കൊണ്ടുപോരുന്നുണ്ട്, തീര്‍ച്ച. ഇന്ദ്രാദികളായ ദേവസമൂഹം എതിരായി വന്നാലും യുദ്ധഭൂമിയില്‍ വിക്രമിയായ എന്നോട് എതിരിട്ടുനില്‍ക്കുകയില്ല. പിന്നെയുണ്ടോ മറ്റുള്ളവര്‍? പേടികൂടാതെ എന്റെ തേരുതെളിക്കുവാന്‍ ഒരു സാരഥിയുണ്ടെങ്കില്‍ ഇന്ന് ഞാന്‍ ശത്രുക്കളെ ജയിച്ചുവരും. പണ്ട് ഖാണ്ഡവദാഹ സമയത്ത് കൃഷ്ണനെ സാരഥിയാക്കി അര്‍ജ്ജുനന്‍ ഇന്ദ്രനെ ജയിച്ചതുപോലെ ശത്രുക്കളെ വെല്ലുന്ന ഞാന്‍ യുദ്ധം ജയിച്ചുവരും.

അരങ്ങുസവിശേഷതകൾ: 

പദശേഷം ആട്ടം-

ഉത്തരന്‍:(ഗോപാലകരോട്) ‘അതുകൊണ്ട് തേര്‍ തെളിക്കുവാന്‍ ധൈര്യമുള്ളവര്‍ ആരെങ്കിലും ഉണ്ടോ എന്ന് അന്യൂഷിച്ചുവന്ന് വിവരം അറിയിക്കുക’

പശുപാലകര്‍ അനുസരിച്ച് വണങ്ങി നിഷ്ക്രമിക്കുന്നു.

ഉത്തരന്‍:(പശുപാലകരെ അയച്ചശേഷം സ്ത്രീകളെ ഇരുവശത്തുമായി നിര്‍ത്തി, അവരോടായി) ‘പശുപാലകര്‍ പറഞ്ഞതു കേട്ടില്ലെ? അതിനാല്‍ യോഗ്യനായ സാരഥിയുണ്ടെങ്കില്‍ ഞാന്‍ ഉടനെ യുദ്ധത്തിനുപോകും. യുദ്ധം ജയിച്ച് മടങ്ങിവരുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കൊണ്ടുവരേണ്ടത്? ഉം, ദുര്യോധനാദികളുടെ വിശേഷപ്പെട്ട പട്ടുവസ്ത്രങ്ങള്‍ കൊണ്ടുവന്ന് തരാം. നിങ്ങള്‍ സന്തോഷത്തോടെ വസിക്കുവിന്‍’

ഉത്തരനും പത്നിമാരും നിഷ്ക്രമിക്കുന്നു.