കൊട്ടാരക്കരത്തമ്പുരാൻ (വീര കേരള വർമ്മ AD 1653-1694)
കൊട്ടാരക്കര തമ്പുരാനാണ് കഥകളിയുടെ ഉപജ്ഞാതാവെന്ന് കരുതപ്പെടുന്നു. ഇദ്ദേഹം എ.ഡി 17ആം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ആയിരുന്നു ജീവിച്ചിരുന്നത്. ശ്രീരാമപട്ടാഭിഷേകം വരെ ഉള്ള രാമായണകഥകളെ അടിസ്ഥാനമാക്കി പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം,ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം എന്നിങ്ങനെ എട്ട് കഥകൾ ആണ് എഴുതിയിരിക്കുന്നത്. ഇവയെ പൊതുവായി “രാമനാട്ടം“ എന്നാണ് തമ്പുരാന്റെ കാലത്തും അതിനുശേഷവും പൊതുവെ അറിയപ്പെട്ടിരുന്നത്. അന്ന് “കഥകളി“ ആയി രൂപം പ്രാപിച്ചിരുന്നില്ല എന്നർത്ഥം. കഥകളി എന്ന പേരുശേഷം ഉണ്ടായതാണ്. കോട്ടയം തമ്പുരാന്റേയും കാർത്തികതിരുനാളിന്റേയും മറ്റും ആട്ടക്കഥകളുടെ ചിട്ടപ്പെടുത്തലുകൾക്ക് ശേഴം ആണ് കഥകളി ഇന്നുകാണുന്ന ശിൽപ്പഭദ്രത നേടിയത്. എന്നാൽ ആട്ടക്കഥാരചന അടിസ്ഥാനപരമായ സമ്പ്രദായം കൊട്ടാരക്കരത്തമ്പുരാന്റെ രീതി തന്നെ അന്നും ഇന്നും. പണ്ട് കാലത്ത് കൊട്ടാരക്കര തമ്പുരാന്റെ എട്ട് കഥകൾക്കും പ്രചാരമുൻടായിരുന്നെങ്കിലും ഇന്ന് സീതാസ്വയംവരം, ബാലിവധം, തോരണയുദ്ധം എന്നീ മൂന്നു കഥകൾക്ക് മാത്രമാണ് പ്രചാരം. അതിൽ തന്നെ സീതാസ്വയംവരത്തിൽ പരശുരാമഗർവ്വഭംഗം എന്ന് പറയാവുന്ന അവസാന പതിനഞ്ചാം രംഗത്തിനുമാത്രമാണ് പ്രചാരം. ബാലിവധവും തോരണയുദ്ധവും ചിട്ടപ്രധാനമായതിനാൽ കളരിയിൽ അഭ്യസിപ്പിക്കുന്നുണ്ട്.
പ്രത്യേകതകൾ
ഹനൂമാന്റെ സമുദ്രലംഘനത്തിനു മുമ്പുള്ള എട്ടുരംഗങ്ങൾക്ക് ഇന്ന് അരങ്ങിൽ പ്രചാരം കുറഞ്ഞുവന്നെങ്കിലും ആദ്യ മൂന്നുരംഗങ്ങൾക്ക് കളരി പ്രാധാന്യമുണ്ട്. ശ്രീരാമൻ, ലക്ഷ്മണൻ, താര, സുഗ്രീവൻ തുടങ്ങിയവർക്ക് വകയുള്ള രംഗങ്ങളാണവ. ഹനൂമാന്റെ സമുദ്രതരണം ആട്ടം മേളപ്രധാനമാണ്. അശോകവനികയിലേക്കുള്ള അഴകിയരാവണന്റെ പുറപ്പാടുരംഗത്തിൽ കത്തിവേഷമായ രാവണനു തിരനോട്ടമില്ല. വലന്തലമേളത്തിൽ മണ്ഡോദരിയെ ആലിംഗനം ചെയ്ത് സുഖദൃഷ്ടിയിൽ നിൽക്കുന്നതാണ് രാവണന്റെ പ്രവേശം. ശേഷം ഹിമകരം എന്ന ആട്ടമുണ്ട്. ഈ ഭാഗം കലാമണ്ഡലം പദ്മനാഭൻ നായർ ആശാൻ സഹപ്രവർത്തകരുടെ സഹായത്തോടേ അപ്പോഴുണ്ടായിരുന്ന സമ്പ്രദായത്തെ പരിഷ്കരിച്ച് കൂടുതൽ കലാപരമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ് ഇപ്പോൾ നിലവിലുള്ള സമ്പ്രദായം.
പൊതുവെ പറഞ്ഞാൽ രണ്ട് ആദ്യവസാനവേഷക്കാർക്ക് പ്രാധാന്യമുള്ള കഥയാണിത്. രാവണന്റെ കത്തിവേഷവും ഹനൂമാന്റെ വെള്ളത്താടി വേഷവും. ഒന്നാം കുട്ടിത്തരം പച്ചവേഷങ്ങളായി രാമാലക്ഷ്മണന്മാർ, പിന്നെ താര, ലങ്കാലക്ഷ്മി, മണ്ഡോദരി,സീത,ചുവന്ന താടി സുഗ്രീവൻ,ലങ്കാശ്രീ, ഇവരെയൊക്കെ കൂടാതെ പ്രാകൃതവേഷധാരികൾ ആയ രാവണകിങ്കരന്മാരായ രാക്ഷന്മാർ അഴകിയ രാവണന്റെ പെട്ടിക്കാരും എല്ലാം കൂടെ രംഗപൊലിമ ഉള്ള ഒരു കഥയാണ് തോരണയുദ്ധം.
ബാലിവധത്തിനു ശേഷം കിഷ്കിന്ധാകാണ്ഡവും, ഹനൂമാന്റെ സമുദ്രലംഘനവും തുടർന്നുള്ള ലങ്കാദഹനവും വരെയുള്ള സുന്ദരകാണ്ഡകഥയുമാണ് തോരണയുദ്ധത്തിലെ ഇതിവൃത്തം. രാമന്റെ ദൂതനായി ലങ്കയിലെത്തിയ ഹനൂമാൻ സീതയെ കണ്ട് മോതിരം മാറ്റിയശേഷം പ്രമദാവനം നശിപ്പിച്ചശേഷം അതിന്റെ തോരണ(=ഗോപുരം)ത്തിൽ ഇരുന്ന രാക്ഷസന്മാരുമായി ചെയ്ത യുദ്ധം എന്ന കഥാഭാഗത്തെ സൂചിപ്പിക്കുന്നതാണ് തോരണയുദ്ധം എന്ന പേർ. കൂടിയാട്ടത്തിലും ഇതു തന്നെ ആണ് പേർ. പ്രവേശനകവാടത്തിലെ കമാനസ്തംഭങ്ങൾ ആണ് തോരണം. ഈ സ്തംഭങ്ങൾ പിഴെതെടുത്ത് അവകൊണ്ടാണ് ഹനൂമാൻ രാക്ഷസന്മാാരെ അടിച്ച് കൊന്നത് എന്ന് രാമായണം പറയുന്നു.
ഈ ആട്ടക്കഥ വാൽമീകിരാമായണത്തെ അതേ പോലെ പിന്തുടർന്നുന്നതാണ്. രചനയിലും അവതരണരീതിയിലും ആശ്ചര്യചൂഡാമണി (ശക്തിഭദ്രൻ) എന്ന സംസ്കൃതനാടകം കൂടിയാട്ടത്തിലെ അശോകവനികാങ്കം, ഭാസന്റെ അഭിഷേകനാടകത്തിലെ തോരണയുദ്ധാങ്കം എന്നീ കൂടിയാട്ടനാടകങ്ങളുടെ സ്വാധീനം ഉണ്ടെന്ന് പണ്ഡിതന്മാരായ ഡൊ.പി. വേണുഗോപാൽ തുടങ്ങിയവർ അഭിപ്രായപ്പെടുന്നു. ഇതിനു ഉദാഹരണമായി പറയുന്ന ഒരു രംഗം, ഹനൂമാൻ ലങ്കയിലെത്തിയ അന്ന് രാത്രി, മണ്ഡോദരിയോടൊപ്പം ഇരിക്കുന്ന രാവണൻ സീതയെ ഓർത്ത് കാമാതുരനായി സീത ഇരിക്കുന്ന അശോകവനികയിലേക്ക് പുറപ്പെടുന്ന ആട്ടം കൂടിയാട്ടത്തിൽ നിന്നും അതേപടി സ്വീകരിച്ചതാണെന്ന് പറയുന്നു.
കൂടിയാട്ടത്തിൽ രാവണൻ വരുമ്പോൾ ശിംശിപാവൃക്ഷത്തിനടിയിൽ ദുഃഖിതയായി ഇരിക്കുന്ന സീതയെ രംഗത്ത് അവതരിപ്പിച്ചിരുന്നില്ല. പകരം ആ സ്ഥാനത്ത് പട്ട് വിരിച്ച് നിലവിളക്ക് കൊളുത്തി വെയ്ക്കുകയാണ് ഉണ്ടായിരുന്നത്. ശേഷം സീതയ്ടെ ഭാഗം രാവണൻ തന്നെ കേട്ടാടുകയാണ് ചെയ്യുന്നത്. ഇത് രാവണന്റെ അഭിനയസാദ്ധ്യത വർദ്ധിപ്പിക്കാൻ സഹായിച്ചിരുന്നു. അത് പോലെ കഥകളിയിലും പണ്ട് സീതയ്ക്ക് പകരം ഉരൽന്മേൽ പട്ടിട്ടുമൂടി സീതയായി സങ്കൽപ്പിച്ചുള്ള അഭിനയരീതി ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്നത് മാറി സീത അരങ്ങത്ത് വരുന്നുണ്ട്.
മൂലകഥയിൽ നിന്നും ഉള്ള വ്യതിയാനങ്ങൾ
സീതാന്വേഷണത്തിനു പോകുമ്പോൾ രാമൻ, ഹനൂമാൻ വശം രാമനാമം കൊത്തിയ മോതിരവും, സീതയെ കണ്ടശേഷം സീത ഹനൂമാൻ വശം ചൂഡാമണിയും കൊടുത്തു എന്നുമാത്രമേ രാമായണത്തിൽ ഉള്ളൂ. ആട്ടക്കഥയിൽ രാമൻ ഹനൂമാൻ വശം കൊടുത്തയക്കുന്നത് മുനിമാർ അനുഗ്രഹിച്ച് നൽകിയ അത്ഭുതാംഗുലീയവും സീത കൊടുത്തയയ്ക്കുന്നത് ആശ്ചര്യചൂഡാമണിയും ആണ്. ഇത് ആശ്ചര്യചൂഡാമണി കൂടിയാട്ടത്തെ അടിസ്ഥാനമാക്കി ആണ് ഈ മാറ്റം.
സീതയെ വെട്ടാൻ ചന്ദ്രഹാസവും ഓങ്ങി നിൽക്കുന്ന രാവണനെ ആ സാഹസത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത് ധന്യമാലിയെന്ന രാവണഭാര്യയാണെന്നാണ് രാമായണത്തിൽ. എന്നാൽ ആച്ഛര്യചൂഡാമണിയെ അവലംബിച്ച് മണ്ഡോദരി തന്നെ ആണ് ആട്ടക്കഥയിലും രാവണനെ തടുക്കുന്നത്.
കഥാസംഗ്രഹം
രംഗം ഒന്ന്
ബാലിയെ കൊന്ന് സുഗ്രീവനെ രാജാവാക്കി വാഴിച്ച് വർഷക്കാലം കഴിയുന്നത് വരെ രാമലക്ഷ്മണന്മാർ കിഷ്കിന്ധയ്ക്ക് സമീപമുള്ള ഒരു മലയിൽ താമസിച്ചു. സഖ്യം ചെയ്ത പോലെ വർഷക്കാലം കഴിഞ്ഞിട്ടും സീതാന്വേഷണത്തിനായി സുഗ്രീവന്റെ സഹകരണം ഉണ്ടാകാത്തതിനാൽ ശ്രീരാമൻ കോപിച്ച്, ലക്ഷ്മണനെ സുഗ്രീവസമീപം അയക്കുന്നു.
ലക്ഷ്മണൻ കിഷ്കന്ധയുടെ ഗോപുരസമീപം വന്ന് സുഗ്രീവൻ പേടിയ്ക്കുമാറു ഞാണൊലിശബ്ദം ഉണ്ടാക്കിയപ്പോൾ, താര വന്ന് സുഗ്രീവനോട് കോപിയ്ക്കരുത്, സുഗ്രീവാജ്ഞപ്രകാരം നാനാഭാഗത്തുനിന്നും വാനരന്മാർ എത്തിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ എന്ന് പറഞ്ഞ് ലക്ഷ്മണനെ സമാധാനിപ്പിക്കുന്നു.
രംഗം രണ്ടിൽ, കിഷ്കിന്ധയുടെ ഗോപുരവാതിലിൽ വന്ന് ലക്ഷ്മണനെ സുഗ്രീവനെ വിളിക്കുന്നു. ബാലിയെ പേടിച്ച് ഞാൻ കാട്ടിൽ കഴിയുന്ന നേരത്താണ് ബാലിയെ കൊന്ന് എനിക്ക് രാജ്യം തന്ന ശ്രീരാമൻ എന്റെ പിഴ പൊറുത്ത് തന്നെ രക്ഷിക്കണം എന്ന് സുഗ്രീവൻ വന്ന് പറയുന്നു. ലക്ഷ്മണൻ സുഗ്രീവനോട് രാമൻ വസിക്കുന്ന പർവ്വതത്തിലേക്ക് പോകാമെന്ന് പറയുന്നു. സുഗ്രീവൻ ഹനൂമാനോട് നാനാവാനരസൈന്യങ്ങളോടും വരാൻ പറയുവാനായി ദൂതരെ അയക്കാനായി പറയുന്നു. ശേഷം മൂവരും രാമസമീപത്തേയ്ക്ക് പോകുന്നു.
രംഗം മൂന്നിൽ ശ്രീരാമസന്നിധിയാണ്. ശ്രീരാമൻ സീതാന്വേഷണത്തിനായി നാലുദിക്കുകളിലേക്കും വാനരരെ അയക്കാനായി സുഗ്രീവനോട് പറയുന്നു. സുഗ്രീവൻ സമ്മതിയ്ക്കുന്നു. തുടർന്ന് അംഗദൻ, ഹനൂമാൻ, ജാംബവാൻ എന്നിവരെ തെക്ക് ദിക്കിലേക്ക് സുഗ്രീവൻ അയക്കുന്നു. “മഹാശക്തിമാനായ ഹനൂമാൻ വായുപുത്രാ നിനക്ക് സ്ത്രീരത്നമായ സീതയെ കാണ്ട് പിടിയ്ക്കാൻ സാധിക്കും (എന്ന് എനിക്കുറപ്പുണ്ട്). അതിനാൽ മഹാമുനികൾ അനുഗ്രഹിച്ച് തന്ന എന്റെ ഈ അടയാള മോതിരം നീ കൊണ്ട് പോയാലും” എന്ന് ശ്രീരാമൻ പറഞ്ഞ് മുദ്രമോതിരം നൽകുന്നു. ഹനൂമാൻ മുദ്രമോതിരം ഭക്തിപൂർവ്വം വാങ്ങി ശിരസ്സിലണിഞ്ഞ് രംഗം വിടുന്നതോടെ ഈ രംഗം അവസാനിയ്ക്കുന്നു.
നാലാം രംഗത്തിൽ അംഗദനേയും കൂട്ടരേയും അയഗ്രീവൻ എന്നൊരു രാക്ഷസൻ തടുത്ത് ശാണ്ഠയ്ക്കായി വരുന്നു. അംഗദൻ അയഗ്രീവനെ യുദ്ധത്തിൽ വധിക്കുന്നു.
അഞ്ചാം രംഗത്തിൽ സ്വയംപ്രഭ വരുന്നു. സ്വയംപ്രഭയിൽ നിന്നും ക്ഷീണവും ദാഹവും മാറ്റാനായി വാനരവീരന്മാർ ഫലമൂലാദികളെ സ്വീകരിക്കുന്നു. വാനരന്മാർ യാത്ര തുടരുന്നു.
രംഗം ആറിൽ, വസന്തകാലം ആയിട്ടും സീതയെ കണ്ടെത്താനായില്ല എന്ന് അംഗദൻ ഖേദിക്കുന്നു. ഹനൂമാൻ ഒരു ഗുഹ ചൂണ്ടിക്കാണിച്ച് ഇവിടെ താമസിക്കാം എന്ന് പറയുന്നു. ജടായുവിന്റെ മരണം രാമകാര്യത്തിനായാണ്, നമ്മുടെ മരണം നിഷ്ഫലമാകും എന്ന് ദുഃഖിച്ച് വാനരന്മാർ ദർഭവിരിച്ച് ആ ഗുഹയിൽ കിടക്കുന്നു. ജടായുവിന്റെ നാമം വാനരന്മാർ പറയുന്നത് കേട്ട്, ജടായുവിന്റെ സഹോദരൻ സമ്പാതി അവിടെ എത്തുന്നു. സമ്പാതിയ്ക്ക് അംഗദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നു. ശ്ലോകം ചൊല്ലുന്ന സമയം സമ്പാതി അനുജനു ഉദകക്രിയകൾ ചെയ്യുന്നു. അപ്പോൾ പുതിയ ചിറകുകൾ മുളയ്ക്കുന്നു. അത് കണ്ട് അത്ഭുതവും സന്തോഷവും നടിയ്ക്കുന്നു. ശേഷം കുറച്ച് വട്ടം വെച്ച് പീഠത്തിൽ കയറി നിന്ന് പദം ചുറ്റും നോക്കി ആടുന്നു. മുദ്ര ഇല്ല. കാൽ വെപ്പ് മാത്രം (ചിറകുവന്നപ്പോൾ ഉയർന്ന് പറന്നു നോക്കുകയാണെന്ന് സങ്കൽപ്പം.) അപ്പോൾ സീത ലങ്കാപുരിയിൽ അശോകവനികയിൽ ശിംശപാവൃക്ഷച്ചുവട്ടിൽ ഇരിക്കുന്നത് കാണുകയും ചെയ്യുന്നു. സമ്പാതി പറഞ്ഞതനുസരിച്ച് അംഗദൻ ലങ്കയിലേക്ക് എത്താനുള്ള വഴികൾ മറ്റുള്ളവരോട് ആലോചിക്കുന്നതോടെ ഈ രംഗം കഴിയുന്നു.
അടുത്തത് ഏഴാം രംഗം. അതിൽ അംഗദൻ ഹനൂമാന്, ഹനൂമാന്റെ പൂർവ്വകഥകൾ പറഞ്ഞുകൊടുത്ത് സമുദ്രലംഘനത്തിനുള്ള ആത്മധൈര്യം നൽകുന്നു. പൂർവ്വകഥ കേട്ടതോടെ ഹനൂമാനു ശാപമോചനം സിദ്ധിയ്ക്കുകയും കുട്ടി ഹനൂമാനിൽ നിന്നും വലിയ ഹനൂമാനായി മാറുകയും ചെയ്യുന്നു. ഹനൂമാൻ സമുദ്രലംഘനത്തിനായി തയ്യാറാകുന്നു.
ഇത്രയും രംഗങ്ങൾ ഇപ്പോൾ അരങ്ങത്ത് സാധാരണയായി പതിവില്ല.
രംഗം എട്ടിൽ ഹനൂമാൻ ആദ്യാവസാനവേഷമാണ്. ഹനൂമാന്റെ സമുദ്രവർണ്ണനയും സമുദ്രലംഘനവും ആണ് ഈ രംഗത്തിൽ. ഹനൂമാൻ മഹേന്ദ്രപർവ്വതത്തിന്റെ കൊടുമുടിയിൽ നിന്ന് അതിവേഗത്തിൽ മുകളിലേക്ക് ചാടി. വഴിയിൽ വന്നു ചേർന്ന ഹിമവാന്റെ പുത്രനായ മൈനാകം എന്ന പർവ്വതത്തെ മാറിടം കൊണ്ട് തട്ടി കടന്നു പോയി. പിന്നീട് ഹനൂമാൻ സുരസയുടെ വായിലൂടെ അകത്തുകടന്ന് ചെവിയിലൂടെ പുറത്തു ചാടി. അതിനുശേഷം സിംഹികയെ കൊന്ന് ലങ്കയിലേക്ക് കടക്കുവാനായി ഒരുങ്ങി. അതിനിടയ്ക്ക് ഛായാഗ്രഹണിയേയും ജയിക്കുന്നുണ്ട്.
രംഗം ഒമ്പതിൽ ലങ്കാപുരിയുടെ കവാടം ആണ്. ലങ്കാലക്ഷ്മിയെ കാണുകയും അവൾക്ക് ശാപമോക്ഷം കൊടുക്കുകയും ചെയ്യുന്നു. ശാപമോക്ഷം സിദ്ധിച്ച ലങ്കാലക്ഷ്മി സുഖമായി സീതയെ കണ്ട് തിരിച്ച് പോകാൻ ഹനൂമാനെ ആശീർവദിച്ച് അപ്രത്യക്ഷമാകുന്നു.
രംഗം പത്തിൽ ഹനൂമാൻ ലങ്കാപുരിയിലേക്ക് കടക്കുന്നു. ലങ്കാപുരി മുഴുവൻ ഹനൂമാൻ നോക്കി കാണുന്നു. അവസാനം ശിംശപാവൃക്ഷച്ചുവട്ടിൽ ഇരിക്കുന്ന സീതയെ കാണുന്നു. അപ്പോൾ ചില ശബ്ദഘോഷങ്ങൾ കേൾക്കുന്നു. അത് കേട്ട് ദൂരെ നോക്കി, രാവണൻ സീതയുടെ അടുക്കൽ വസ്ത്രാഭരണങ്ങൾ അണിഞ്ഞ് കിങ്കരന്മാരോട് ഒത്ത് രാജകീയാഡംബരത്തിൽ വരുന്നതു കാണുന്നു. ശേഷം ഇവിടെ എന്തുണ്ടാകും എന്നറിയാനായി ഹനൂമാൻ രൂപം ചെറുതാക്കി ശിംശപാവൃക്ഷശാഖയിൽ ആരും അറിയാതെ വസിക്കുന്നു.
രംഗം പത്തിൽ അഴകിയരാവണൻ ആണ്. രാവണൻ സീതയോട് പ്രേമാഭ്യർത്ഥന നടത്തുന്നു. തന്നോടിങ്ങനെ ഒന്നും പറയാതെ തന്നെ രാമസവിധം എത്തിച്ച് രാമന്റെ കാൽക്കൽ വണങ്ങിയില്ല എങ്കിൽ നിന്നെ രാമൻ കൊല്ലും എന്ന് സീത രാവണനോട് പറയുന്നു. അത് കേട്ട് ദേഷ്യത്തിൽ ചന്ദ്രഹാസമെന്ന വാളെടുത്ത് സീതയെ വെട്ടാനായി രാവണൻ ഒരുങ്ങുന്നു. ആ സമയം മണ്ഡോദരി വന്ന് രാവണനെ തടുക്കുന്നു. രാവണൻ ഇളിഭ്യനായി രംഗംവിടുന്നതോടെ തിരശ്ശീല.
രംഗം പതിനൊന്നിൽ, ത്രിജടയും മറ്റ് രാക്ഷസിമാരും രാവണാജ്ഞയാൽ, സീതയെ സമീപിച്ച് ആശ്വസിപ്പിച്ച് രാവണനോടൊത്ത് ജീവിക്കാൻ സീതയോട് ആവശ്യപ്പെടുന്നു. കൂട്ടത്തിൽ ഉള്ള രാക്ഷസികളോട്, താൻ കണ്ട വിചിത്രമായ സ്വപ്നത്തെ ത്രിജട വിസ്തരിക്കുന്നതോടെ രംഗം കഴിയുന്നു.
രംഗം പന്ത്രണ്ടിൽ അശോകവനികയിലെ ശിംശപാമരത്തിന്റെ ചുവടാണ് രംഗം. തിജടയും കൂട്ടരും ഭയത്തോടെ പോയപ്പോൾ മരക്കൊമ്പിൽ വസിച്ചിരുന്ന ഹനൂമാൻ സ്വരൂപം ധരിച്ച് താഴെ ഇറങ്ങി വന്ന് സീത കേൾക്കുമാറ് ശ്രീരാമസ്തുതി നടത്തുന്നു. എന്നിട്ട് സീതയുടെ അടുത്ത് ചെന്ന് താൻ രാമദൂതനാണെന്ന് പറയുന്നു. മുദ്രമോതിരങ്ങൾ അവർ കൈമാറുന്നു. ഒരുമാസത്തിനകം രാമൻ വലിയ വാനരപ്പടയുമായി ലങ്കയിലെത്തും രാവണനെ വധിച്ച് സീതയെ വീണ്ടെടുക്കും എന്ന് ഹനൂമാൻ പറഞ്ഞ്, ഹനൂമാൻ പ്രമദാവനം നശിപ്പിക്കാനായി ഒരുങ്ങുന്നു.
രംഗം പതിമൂന്നിൽ പ്രമദാവനം നശിപ്പിക്കുന്നതിനിടെ രാവണന്റെ ഒരു മകനായ അക്ഷകുമാരൻ ഹനൂമാനുമായി ഏറ്റുമുട്ടുന്നു. ഹനൂമാൻ അക്ഷകുമാരനെ വധിക്കുന്നു.
പതിനാലാം രംഗത്തിൽ രാവണസദസ്സാണ്. രാവണൻ ഹനൂമാനെ ചന്ദ്രഹാസം കൊണ്ട് വധിക്കാനായി പുറപ്പെടുന്നു. അപ്പോൾ ഇന്ദ്രജിത്ത് വന്ന് തടയുന്നു. ഇന്ദ്രജിത്ത് തന്നെ സ്വയം ഹനൂമാനായി ഏറ്റുമുട്ടാൻ പുറപ്പെടുന്നു.
രംഗം പതിനഞ്ചിൽ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം എയ്ത് ഹനൂമാനെ ബന്ധിക്കുന്നു.
രംഗം പതിനാറിൽ ഇന്ദ്രജിത്ത്, ബന്ധനസ്ഥനാക്കിയ ഹനൂമാനെ രാവണസമക്ഷം കൊണ്ടുവരുന്നു. ഹനൂമാൻ വാൽ ചുരുട്ടി രാവണനോടൊപ്പം ഉയരത്തിൽ ഇരിക്കുന്നു. രാവണനെ അധിക്ഷേപിക്കുന്നു. രാവണൻ മർക്കടന്റെ വാലിൽ തീകൊടുക്കാനായി പ്രഹസ്തനോട് ആജ്ഞാപിച്ച് രംഗം വിടുന്നു. ഹനൂമാൻ ലങ്കാദഹനം നടത്തുന്നു.
രംഗം പതിനേഴിൽ ലങ്കയെ ദഹിപ്പിച്ച് ഹനൂമാൻ തിരിച്ച് സമുദ്രലംഘനം ചെയ്ത് അംഗദസമീപം എത്തുന്നു. കാര്യങ്ങൾ അറിയുന്ന അംഗദൻ ഇക്കാര്യമെല്ലാം രാമനോട് അറിയിക്കാനായി ഹനൂമാൻ സമേതം പോകുന്നു.
രംഗം പതിനെട്ടിൽ ഹനൂമാൻ സീതയെ കണ്ട വിവരം രാമനെ അറിയിക്കുന്നു. രാമൻ ഹനൂമാനെ അനുഗ്രഹിക്കുന്നതോടെ തോരണയുദ്ധം കഥ സമാപിക്കുന്നു.
വേഷങ്ങൾ
ശ്രീരാമൻ-പച്ച
ലവകുശന്മാർ-പച്ച
ഹനൂമാൻ-വെള്ളത്താടി